Thursday, March 8, 2012

മലയാളത്തിന്റെ മാനംകാത്തത് സിനിമാമന്ത്രി തള്ളിയ ചിത്രം

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളചിത്രങ്ങള്‍ പിന്തള്ളപ്പെട്ടപ്പോള്‍ മലയാളത്തിന്റെ മാനംകാത്തത് ആദിയും മധ്യവും അന്ത്യവുമില്ലാത്ത പീറപ്പടമെന്ന് സിനിമാമന്ത്രി വിശേഷിപ്പിച്ച ഷെറിയുടെ "ആദിമധ്യാന്തം". കഴിഞ്ഞ തവണ മികച്ച ചിത്രത്തിനും നടനുമുള്ള വിവിധ പുരസ്കാരങ്ങള്‍ മലയാളത്തെ തേടിയെത്തിയപ്പാള്‍ ഇത്തവണ മലയാളത്തിന്റെ മാനംകാത്ത ഏക ചിത്രം ആദിമധ്യാന്തമായിരുന്നു. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് ഏകപക്ഷീയമായി തള്ളിയ ആദിമധ്യാന്തം ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മറ്റു ഭാഷകളില്‍നിന്നുള്ള ചിത്രങ്ങളോടൊപ്പംതന്നെ അവസാനഘട്ടംവരെ മത്സരിക്കാന്‍ ആദിമധ്യാന്തവുമുണ്ടായിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചിട്ടും മന്ത്രിയും അക്കാദമിയും ഒരുപോലെ തള്ളിയ ചിത്രമാണ് ആദിമധ്യാന്തം. ചിത്രം മേളയില്‍നിന്ന് തള്ളാനുള്ള മന്ത്രിയുടെ നിര്‍ദേശം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ നടപ്പാക്കുകയായിരുന്നു. ചിത്രം പൂര്‍ണമായി ഒരു തവണപോലും കാണാതെയാണ് മന്ത്രി കെ ബി ഗണേശ്കുമാര്‍ ആദിമധ്യാന്തത്തിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. അവാര്‍ഡിനയച്ച ചിത്രത്തിന്റെ ഡിവിഡി മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ മന്ത്രി നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ , മേളയില്‍നിന്ന് തള്ളിയെങ്കിലും ചിത്രം കണ്ടശേഷം മികച്ച ചിത്രമാണ് ആദിമധ്യാന്തമെന്നും ചിത്രം തള്ളേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരിന്നു.

ഇത്തവണ ആദിമധ്യാന്തം ദേശീയ അവാര്‍ഡിന് പോകാതിരിക്കാനും കേരളത്തില്‍നിന്ന് കളികള്‍ നടന്നു. ചിത്രം തള്ളിയശേഷം ഷെറി കൈരളി തിയറ്ററിനു മുന്നില്‍ നിരാഹാര സമരം നടത്തി. ഷെറിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവജന, പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. ആദിമധ്യാന്തത്തിന്റെ പേരില്‍ മുറിവേറ്റവര്‍ക്കും ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്കും തനിക്ക് ലഭിച്ച അംഗീകാരം കൈമാറുകയാണെന്ന് സംവിധായകന്‍ ഷെറി പ്രതികരിച്ചു. ചിത്രം അവാര്‍ഡിനയച്ചശേഷം പലതരത്തില്‍ വേട്ടയാടപ്പെടുകയായിരുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ ലഭിച്ച ഈ അംഗീകാരം തനിക്ക് സന്തോഷം നല്‍കുന്നുവെന്നും ഷെറി പറഞ്ഞു.


ഷെറിക്കിത് മധുരപ്രതികാരം

കേരള ചലച്ചിത്ര അക്കാദമിയും മന്ത്രിയും നിഷ്കരുണം തള്ളിയ "ആദിമധ്യാന്ത"ത്തിന് ലഭിച്ച ദേശീയ അംഗീകാരം സംവിധായകന്‍ ഷെറിക്ക് മധുരമുള്ള പ്രതികാരമായി. ജൂറിയുടെ പ്രത്യേകപരാമര്‍ശമാണ് ഈ നവാഗതസംവിധായകന് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന 16-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ നടനും മന്ത്രിയുമായ ഗണേഷ്കുമാര്‍ നേരിട്ട് രംഗത്തെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് അപവാദം പ്രചരണം നടത്തിയ മന്ത്രി ഭീഷണിയിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ സംവിധായകനും സുഹൃത്തുക്കളും നിരാഹാരം പ്രഖ്യാപിച്ചപ്പോഴാണ് ഒരു പ്രദര്‍ശനത്തിനുള്ള അനുമതിപോലും ലഭിച്ചത്.

സിനിമയില്‍ അക്കാദമിക് യോഗ്യതയൊന്നുമില്ലാത്ത കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഷെറിയുടെ ആദ്യ ചിത്രം കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ സ്നേഹികളായ യുവാക്കളുടെ സംരംഭമാണ്. നല്ല സിനിമയെ സ്നേഹിക്കുകയും നിര്‍മാണരംഗത്തേക്ക് കടക്കുകയും ചെയ്ത ഇവര്‍ ഷെറിയുടെ നേതൃത്വത്തില്‍ നിരവധി ഹ്രസ്വസിനിമകള്‍ ചെയ്തിട്ടുണ്ട്. ഏകന്‍ എന്ന കുട്ടിയുടെ കഥപറയുന്ന "ആദിമധ്യാന്തം" വ്യത്യസ്തമായ ശൈലിയിലാണ് ഷെറി അവതരിപ്പിക്കുന്നത്. ചെവികേള്‍ക്കാത്തവന്റെ ജീവിതപ്രയാസങ്ങളും സ്വപ്നസഞ്ചാരവുമാണ് ചിത്രം. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ കടല്‍തീരത്ത് (ഒ വി വിജയന്‍), ലാസ്റ്റ് ലീഫ്സ് എന്നിവയും നിരവധി പുരസ്കാരങ്ങള്‍ നേടിയ റിട്ടേണ്‍ , സൂര്യകാന്തി, ഗീതാഗോവിന്ദം എന്നിവയും ഷെറിയുടെ സംഭാവനകളാണ്.

മലയാള സിനിമയുടെ സ്ഥിതി ആശാവഹമല്ല: കെ പി കുമാരന്‍

മലയാള സിനിമകളുടെ സ്ഥിതി ആശാവഹമല്ലെന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയസമിതി അംഗം കെ പി കുമാരന്‍ പറഞ്ഞു. പുരസ്കാര പ്രഖ്യാപനശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശത്തിന്റെ നിറം, പ്രണയം ആദിമധ്യാന്തം, ഇന്ത്യന്‍ റുപ്പി, അകം എന്നിവയാണ് ദേശീയ അവാര്‍ഡിനായി പരിഗണിച്ച മലയാള ചിത്രങ്ങള്‍ . ആദിമധ്യാന്തത്തിന് സാങ്കേതികമായി പിഴവുകളുണ്ട്. അമച്വര്‍ സമീപനത്തിന്റെ പോരായ്മയുമുണ്ട്. ജൂറിയിലെ അംഗങ്ങളായവരുടെ വ്യക്തിപരമായ അഭിരുചിയും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കും. മികച്ച നടനെ നിര്‍ണയിക്കുമ്പോള്‍ പ്രണയം എന്ന സിനിമയില്‍ അനുപം ഖേര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനാല്‍ ലാലിനെ ഈ പുരസ്കാരത്തിനായി പരിഗണിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. 19 ഭാഷയില്‍ നിന്ന് 186 ചിത്രമാണ് 59-ാം ദേശീയ അവാര്‍ഡിന്റെ പരിഗണനയ്ക്ക് വന്നത്. കഴിഞ്ഞവര്‍ഷം ഇത് 161 ആയിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 156 സിനിമ പരിഗണനയ്ക്കെത്തി. ബംഗാളി, അസമീസ്, ഒഡിഷ, മണിപ്പുരി, മറ്റു വടക്കുകിഴക്കന്‍ ഭാഷകള്‍ എന്നിവയടങ്ങുന്ന പൂര്‍വ മേഖലാ ജൂറിയുടെ ചെയര്‍മാനായിരുന്നു കെ പി കുമാരന്‍ . മലയാളം, തമിഴ് എന്നിവയടങ്ങുന്ന തെക്കന്‍ പാനല്‍ -ഒന്നിന്റെ മേധാവി അലോക്നന്ദ റോയ് ആയിരുന്നു.


deshabhimani 080312

1 comment:

  1. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളചിത്രങ്ങള്‍ പിന്തള്ളപ്പെട്ടപ്പോള്‍ മലയാളത്തിന്റെ മാനംകാത്തത് ആദിയും മധ്യവും അന്ത്യവുമില്ലാത്ത പീറപ്പടമെന്ന് സിനിമാമന്ത്രി വിശേഷിപ്പിച്ച ഷെറിയുടെ "ആദിമധ്യാന്തം". കഴിഞ്ഞ തവണ മികച്ച ചിത്രത്തിനും നടനുമുള്ള വിവിധ പുരസ്കാരങ്ങള്‍ മലയാളത്തെ തേടിയെത്തിയപ്പാള്‍ ഇത്തവണ മലയാളത്തിന്റെ മാനംകാത്ത ഏക ചിത്രം ആദിമധ്യാന്തമായിരുന്നു. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് ഏകപക്ഷീയമായി തള്ളിയ ആദിമധ്യാന്തം ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മറ്റു ഭാഷകളില്‍നിന്നുള്ള ചിത്രങ്ങളോടൊപ്പംതന്നെ അവസാനഘട്ടംവരെ മത്സരിക്കാന്‍ ആദിമധ്യാന്തവുമുണ്ടായിരുന്നു.

    ReplyDelete