Thursday, March 8, 2012

അഴിമതിക്ക് കളമൊരുക്കാന്‍ ചെക്പോസ്റ്റുകളില്‍ ധനവകുപ്പ് ഇടപെടല്‍

അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ അഴിമതിയും കൈക്കൂലിയും തിരികെക്കൊണ്ടുവരാന്‍ ധനവകുപ്പിന്റെ ഇടപെടല്‍ . ഇതിനായി മാണി കോണ്‍ഗ്രസിന്റെ സംഘടനയായ എന്‍ജിഒ ഫ്രണ്ടിന്റെ നേതാക്കളെ വില്‍പ്പനനികുതി വകുപ്പിലെ പ്രധാന സ്ഥാനങ്ങളില്‍ ക്രമവിരുദ്ധമായി നിയമിച്ചു. ഇതുമൂലം സ്ഥാനം തെറിച്ചത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്. ക്രമരഹിത സ്ഥലംമാറ്റം റദ്ദാക്കി ഉടന്‍ ഉത്തരവിറക്കിയില്ലെങ്കില്‍ ജില്ലയില്‍ വില്‍പ്പന നികുതി വകുപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നിലയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് രവീന്ദ്രന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

അസോസിയേഷന്‍ പ്രവര്‍ത്തകരെ അന്യായമായി സ്ഥലംമാറ്റിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അവര്‍ വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണറുടെ ഓഫീസ് ഉപരോധിച്ചു. പാലക്കാട് വില്‍പ്പന നികുതി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഉദ്യോഗസ്ഥനായ സി പി ചന്ദ്രമൗലീശ്വരനെയാണ് കാരണമില്ലാതെ സ്ഥലംമാറ്റിയത്. അടുത്തിടെയാണ് ഈ ഉദ്യോഗസ്ഥന് ചുമതല നല്‍കിയത്. വാണിജ്യനികുതിവകുപ്പിലെ നിര്‍ണായകസ്ഥാനത്തെല്ലാം കേരള കോണ്‍ഗ്രസ് മാണിവിഭാഗം സംഘടനാ നേതാക്കളെ അവരോധിച്ചിട്ടുണ്ട്. ചെക്പോസ്റ്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാണി കോണ്‍ഗ്രസ് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥലംമാറ്റങ്ങളെല്ലാം.

എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ചുമതലക്കാരനായി കഴിഞ്ഞദിവസം നിയമിതനായ ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അന്വേഷണം നേരിടുന്ന ആളാണെന്ന് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. മാത്രമല്ല, ഈ വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടുമാരെ നിയമിക്കാറുമില്ല. ക്ലര്‍ക്കുമാരാണ് ഈ തസ്തികയില്‍ ചുമതല വഹിക്കുകയെന്നിരിക്കെ ജൂനിയര്‍ സൂപ്രണ്ടിനെ നിയമിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇവര്‍ ആരോപിക്കുന്നു. അടുത്തിടെയാണ് എന്‍ജിഒ ഫ്രണ്ട് ജില്ലാ ഭാരവാഹിയായ ഉദ്യോഗസ്ഥനെ നിയമിച്ചത്. വാണിജ്യനികുതി ചെക്പോസ്റ്റുകളില്‍ ആറുമാസ കാലാവധിക്കുശേഷം ജീവനക്കാരെ ടേണ്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗമാണ്. ജില്ലയിലെ ഒമ്പത് ചെക്പോസ്റ്റിലായി മുന്നൂറോളം ജീവനക്കാരെ മാറ്റി നിയമിക്കാനിരിക്കെ സ്ഥലംമാറ്റത്തില്‍ ദുരൂഹതയുണ്ട്. വാളയാര്‍ വാണിജ്യനികുതി ചെക്പോസ്റ്റില്‍മാത്രം 130 ജീവനക്കാരുണ്ട്. പലരും ടേണ്‍ അടിസ്ഥാനത്തില്‍ നിയമിതരായവരാണ്. ആറുമാസ കാലാവധി കഴിഞ്ഞ നിരവധി ജീവനക്കാര്‍ ഇവിടെയുണ്ട്. ഇവരെ ഉടന്‍ മാറ്റേണ്ടിവരും.
(വേണു കെ ആലത്തൂര്‍)

deshabhimani 080312

1 comment:

  1. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ അഴിമതിയും കൈക്കൂലിയും തിരികെക്കൊണ്ടുവരാന്‍ ധനവകുപ്പിന്റെ ഇടപെടല്‍ . ഇതിനായി മാണി കോണ്‍ഗ്രസിന്റെ സംഘടനയായ എന്‍ജിഒ ഫ്രണ്ടിന്റെ നേതാക്കളെ വില്‍പ്പനനികുതി വകുപ്പിലെ പ്രധാന സ്ഥാനങ്ങളില്‍ ക്രമവിരുദ്ധമായി നിയമിച്ചു. ഇതുമൂലം സ്ഥാനം തെറിച്ചത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്. ക്രമരഹിത സ്ഥലംമാറ്റം റദ്ദാക്കി ഉടന്‍ ഉത്തരവിറക്കിയില്ലെങ്കില്‍ ജില്ലയില്‍ വില്‍പ്പന നികുതി വകുപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നിലയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് രവീന്ദ്രന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

    ReplyDelete