Saturday, March 17, 2012

നെഹ്റു ട്രോഫി നടത്തിപ്പ് ഇവന്റ്മാനേജ്മെന്റിന് ലക്ഷ്യം കോടികളുടെ അഴിമതി

ആലപ്പുഴ നെഹ്റൂ ട്രോഫി വള്ളംകളിയുടെ സംഘാടന ചുമതല സൊസൈറ്റിയെ മറികടന്ന് ഇവന്റ് മാനേജ്മെന്റിന്. സംഘാടനത്തിന് ഇവന്റ്മാനേജ്മെന്റിനെ ക്ഷണിച്ച് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നെഹ്റുട്രോഫിയുടെ സൈറ്റായ നെഹ്റുട്രോഫി ഡോട്ട് എന്‍ഐസി ഡോട്ട് ഇന്‍ എന്ന സൈറ്റില്‍ പരസ്യം നല്‍കി. നെഹ്റുട്രോഫി സൊസൈറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയോ, ജനറല്‍ കമ്മിറ്റിയോ തീരുമാനിക്കാതെയാണിത്. നെഹ്റുട്രോഫി സംഘാടനത്തിന് തന്നെ സഹായിക്കാന്‍ കലക്ടര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസര്‍ക്ക് ബൈലയ്ക്ക് വിരുദ്ധമായി ഇതുസംബന്ധിച്ച ചുമതലയും നല്‍കി. ലോക പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ് ഇഷ്ടപ്പെട്ട ഇവന്റ്മാനേജ്മെന്റിന് നല്‍കി കോടികളുടെ അഴിമതി നടത്താനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നു. കേന്ദ്രമന്ത്രിയുടെ ഒത്താശയും ഇതിനുണ്ടത്രെ.

ഒരു ഇവന്റ് മാനേജ്മെന്റിനെ മുന്നില്‍ കണ്ട് അവര്‍ക്ക് അനുയോജ്യമായ നിബന്ധനകളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് നെഹ്റുട്രോഫിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ പറഞ്ഞു. ബൈല പ്രകാരം വള്ളം കളിയുടെ സാമ്പത്തിക -കത്തിടപാടുകളുടെ ചുമതല സൊസൈറ്റിയുടെ സെക്രട്ടറി കം ട്രഷറാറായ ആലപ്പുഴ ആര്‍ഡിഒയ്ക്കാണ്. എന്നാല്‍ ഇവന്റ്മാനേജ്മെന്റ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങള്‍ക്കും കലക്ടറുടെ സ്പെഷ്യല്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്പോണ്‍സര്‍മാരെ കണ്ടെത്താനും ടിക്കറ്റ് അച്ചടിക്കാനും വില്‍ക്കാനും പവലിയന്‍ നിര്‍ണയിക്കാനും കള്‍ച്ചറല്‍ പരിപാടി സംഘടിപ്പിക്കാനും ഉള്ള അധികാരം ഇവന്റ് മാനേജ്മെന്റിനായിരിക്കുമെന്നും ഇതുസംബന്ധിച്ച് നെറ്റില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു. സംഘാടന ചുമതലയ്ക്ക് പുറമെ കണ്ടെത്തുന്ന സ്പോണ്‍സര്‍ തുകയുടെ 15 ശതമാനം കമീഷനും ഇവര്‍ക്ക് നല്‍കും.

കലക്ടറെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചതും നേരത്തെ വിവാദമായിരുന്നു. ഓഫീസറെ യോഗ്യരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് നിയമിക്കുന്നതിന് പകരം സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുന്‍ ഡിടിപിസി സെക്രട്ടറി എം പി രാജനെ ഓഫീസറായി നിയമിക്കണമെന്ന് കലക്ടര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. ഇയാള്‍ക്ക് ശമ്പളമായി 27,000 രൂപയും യാത്രാബത്തയിനത്തില്‍ 3000 രൂപ നെഹ്റുട്രോഫി ഫണ്ടില്‍ നിന്ന് നല്‍കാനുള്ള കലക്ടറുടെ നീക്കവും എക്സിക്യുട്ടീവ് യോഗം തള്ളിയിരുന്നു. എന്നാല്‍ അത് മറികടന്ന് കഴിഞ്ഞ മൂന്നു മാസം 30,000 രൂപ വീതം ഇയാള്‍ക്ക് ശമ്പളം നല്‍കി. നെഹ്റു ട്രോഫി മത്സരവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും സേവനമായി നല്‍കുമ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥന് ഇപ്രകാരം വന്‍ തുക ശമ്പളം നല്‍കുന്നത്. സ്പെഷ്യല്‍ ഓഫീസര്‍ക്കായി ഒരുക്കിയ പ്രത്യേക ക്യാബിന്റെ നിര്‍മാണ ചെലവും നെഹ്റുട്രോഫി ഫണ്ടില്‍ നിന്ന് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണെന്ന് അറിയുന്നു.

കഴിഞ്ഞവര്‍ഷം സൊസൈറ്റി നേരിട്ട് മത്സരം സംഘടിപ്പിച്ചപ്പോള്‍ മിച്ചമായി ഒന്നരക്കോടിയോളം രൂപ സമാഹരിച്ചിരുന്നു. ഇത് ധൂര്‍ത്തടിക്കാനുള്ള നീക്കമാണ് കലക്ടര്‍ നടത്തുന്നതെന്നും പരാതിയുണ്ട്. കലക്ടര്‍ , സ്പെഷ്യല്‍ ഓഫീസര്‍ , എന്നിവര്‍ക്കു പുറമെ ജില്ലയില്‍ നിന്നുള്ള എഐസിസി അംഗത്തിന്റെ ഭര്‍ത്താവും അടങ്ങുന്ന കോക്കസാണ് ഇതിന് പിന്നിലെന്നും അറിയുന്നു.
(ഡി ദിലീപ്)

deshabhimani 170312

1 comment:

  1. ആലപ്പുഴ നെഹ്റൂ ട്രോഫി വള്ളംകളിയുടെ സംഘാടന ചുമതല സൊസൈറ്റിയെ മറികടന്ന് ഇവന്റ് മാനേജ്മെന്റിന്. സംഘാടനത്തിന് ഇവന്റ്മാനേജ്മെന്റിനെ ക്ഷണിച്ച് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നെഹ്റുട്രോഫിയുടെ സൈറ്റായ നെഹ്റുട്രോഫി ഡോട്ട് എന്‍ഐസി ഡോട്ട് ഇന്‍ എന്ന സൈറ്റില്‍ പരസ്യം നല്‍കി. നെഹ്റുട്രോഫി സൊസൈറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയോ, ജനറല്‍ കമ്മിറ്റിയോ തീരുമാനിക്കാതെയാണിത്. നെഹ്റുട്രോഫി സംഘാടനത്തിന് തന്നെ സഹായിക്കാന്‍ കലക്ടര്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസര്‍ക്ക് ബൈലയ്ക്ക് വിരുദ്ധമായി ഇതുസംബന്ധിച്ച ചുമതലയും നല്‍കി. ലോക പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ് ഇഷ്ടപ്പെട്ട ഇവന്റ്മാനേജ്മെന്റിന് നല്‍കി കോടികളുടെ അഴിമതി നടത്താനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നു. കേന്ദ്രമന്ത്രിയുടെ ഒത്താശയും ഇതിനുണ്ടത്രെ.

    ReplyDelete