Sunday, March 25, 2012

അഴിമതിക്കാരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് എന്തിന്: എ കെ ബാലന്‍

മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതിപ്പട്ടികയിലെ മൂന്നുപേരെ കേസില്‍നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതിപ്പട്ടികയിലുള്ള ഒരാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ പ്രതികളായ ഇവരെ ഒഴിവാക്കിയത് ആരുടെ സമ്മര്‍ദം കാരണമാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ വിശദീകരണത്തിലും പ്രതികളെ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. എന്നിട്ടും അഴിമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരെ ഒഴിവാക്കി യുഡിഎഫ് സര്‍ക്കാര്‍ അപഹാസ്യരായി. ശശീന്ദ്രന്റെ മരണം സിബിഐക്കു വിടണമെന്ന് സഹോദരനും അച്ഛനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല. ഇത്തരത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയത്തിനിടെയാണ് മുന്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.

കാസര്‍കോട് ഭൂമിദാന കേസില്‍ പ്രതിപക്ഷനേതാവ് വി എസിനെതിരെ ഒരു തെളിവും ഇല്ലാതെവന്നപ്പോള്‍ പ്രതികളിലൊരാളായ റവന്യൂ കമീഷണര്‍ മുരളീധരനെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കാസര്‍കോട് ഭൂമിദാനം നടന്നത്. കേസ് വന്നതോടെ ആരോപണവിധേയനായ ആള്‍ക്ക് ഭൂമി ലഭിച്ചില്ല. ഇതിനെതിരെ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ക്യാബിനറ്റ് തീരുമാനത്തോടെ ഭൂമി നല്‍കിയത്. ഇതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസിന് പങ്കില്ലെന്ന് തെളിഞ്ഞതോടെ നിയമം വളച്ചൊടിച്ച് അപവാദപ്രചാരണം നടത്തുകയാണ്.

deshabhimani 250312

1 comment:

  1. മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതിപ്പട്ടികയിലെ മൂന്നുപേരെ കേസില്‍നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete