Thursday, March 8, 2012

ആരോഗ്യവകുപ്പില്‍ അനധികൃത സ്ഥലംമാറ്റം

പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ആരോഗ്യവകുപ്പില്‍ അനധികൃത സ്ഥലംമാറ്റം. ജോലിക്രമീകരണത്തിന്റെ മറവിലാണ് പിറവത്തെ വോട്ടര്‍മാരുടെ ബന്ധുക്കളെ അവര്‍ ആവശ്യപ്പെട്ടിടത്തേക്ക് മാറ്റുന്നത്. കോടികള്‍ കോഴ വാങ്ങി ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് നേരത്തെ വ്യാപകമായി നടത്തിയ ജില്ലാന്തര സ്ഥലംമാറ്റത്തിനു പുറമെയാണ് ഇപ്പോഴത്തെ കൂട്ട സ്ഥലംമാറ്റം. പിറവത്ത് വീടുകള്‍ കയറിയിറങ്ങി വോട്ട് പിടിച്ച ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം. ഇതിനായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജി ജയകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. താഴെ പറയുന്ന വ്യക്തികള്‍ക്ക് ജില്ലാന്തര സ്ഥലംമാറ്റം നല്‍കാന്‍ മന്ത്രി ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് ജോലിക്രമീകരണമായോ മറ്റേതെങ്കിലും വിധത്തിലോ സ്ഥലംമാറ്റം നല്‍കണമെന്നുമാണ് രേഖാമൂലമുള്ള നിര്‍ദേശം.

ജനുവരി 19ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കുറിപ്പില്‍ ആറ് സ്റ്റാഫ് നേഴ്സുമാര്‍ക്ക് സ്ഥലംമാറ്റം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണവും പിറവത്ത് വോട്ടുള്ളവരുടെ ബന്ധുക്കളാണ്. തിരൂരങ്ങാടിയില്‍നിന്ന് അജ്ഞുസോമന് കോഴഞ്ചേരിയിലേക്കും സബിതയ്ക്ക് പത്തനംതിട്ടയില്‍നിന്ന് എറണാകുളത്തേക്കും രതികലയ്ക്ക് ആലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കും പളനി അമ്മാളിന് കണ്ണൂരില്‍നിന്ന് ഇടുക്കിയിലേക്കും ജ്യോതിലക്ഷ്മിക്ക് കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കും പ്രവീണയ്ക്ക് മലപ്പുറത്തുനിന്ന് അട്ടപ്പാടിയിലേക്കുമാണ് സ്ഥലംമാറ്റം നല്‍കിയത്. ഇതേ തീയതിയില്‍ രണ്ട് ഗ്രേഡ്-ടു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും സ്ഥലംമാറ്റം നല്‍കാന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഗ്രേഡ്-2 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നല്‍കാനും പ്രൈവറ്റ് സെക്രട്ടറി രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍രോഗികള്‍ , ഗുരുതരമായ മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ , മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു മാത്രമേ വ്യക്തമായ രേഖകള്‍ ഹാജരാക്കിയാല്‍ ഇത്തരത്തില്‍ സ്ഥലംമാറ്റം നല്‍കാവൂ എന്നാണ് വ്യവസ്ഥ.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രേഖാമൂലമുള്ള നിര്‍ദേശപ്രകാരം 300ല്‍ ഏറെ പേര്‍ക്കാണ് ജോലി ക്രമീകരണത്തിന്റെ പേരില്‍ സ്ഥലംമാറ്റം നല്‍കിയത്. ഓരോ സ്ഥലംമാറ്റത്തിനും അരലക്ഷംമുതല്‍ ഒന്നര ലക്ഷംവരെയാണ് കോഴ. ഇതിനു പുറമെയാണ് ഇപ്പോള്‍ പിറവത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വീണ്ടും സ്ഥലംമാറ്റം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവ് പാലോട് രവി എംഎല്‍എ ജോലി ക്രമീകരണത്തിന്റെ ഭാഗമായി നേഴ്സിന് സ്ഥലംമാറ്റം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി 2011 ഒക്ടോബര്‍ 22ന് നല്‍കിയ മറുപടിയില്‍ പറഞ്ഞത് ആരോഗ്യവകുപ്പില്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് നിര്‍ത്തിയതിനാല്‍ സ്ഥലംമാറ്റം നല്‍കാനാകില്ലെന്നാണ്.

എന്നാല്‍ , ഈ മറുപടിക്കുമുമ്പും പിന്നീടും മന്ത്രി ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം തലങ്ങും വിലങ്ങും സ്ഥലംമാറ്റം നടന്നു. ജീവനക്കാരുടെ സീനിയോറിറ്റി മറികടന്നുള്ള സ്ഥലംമാറ്റങ്ങള്‍ പിഎസ്സി മുഖേന നിയമനം കാത്ത് കഴിയുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരം നഷ്ടമാക്കി. ജോലി ക്രമീകരണംവഴി സ്ഥലംമാറ്റം നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുതിയ നിയമനം നടത്താന്‍ കഴിയില്ല. അതോടൊപ്പം സ്ഥലംമാറ്റം ലഭിക്കുന്ന ജില്ലയില്‍ നിലവിലുള്ള ഒഴിവും നികത്താതെ ഒഴിച്ചിടേണ്ടി വരുന്നു.

deshabhimani 080312

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ആരോഗ്യവകുപ്പില്‍ അനധികൃത സ്ഥലംമാറ്റം. ജോലിക്രമീകരണത്തിന്റെ മറവിലാണ് പിറവത്തെ വോട്ടര്‍മാരുടെ ബന്ധുക്കളെ അവര്‍ ആവശ്യപ്പെട്ടിടത്തേക്ക് മാറ്റുന്നത്. കോടികള്‍ കോഴ വാങ്ങി ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് നേരത്തെ വ്യാപകമായി നടത്തിയ ജില്ലാന്തര സ്ഥലംമാറ്റത്തിനു പുറമെയാണ് ഇപ്പോഴത്തെ കൂട്ട സ്ഥലംമാറ്റം. പിറവത്ത് വീടുകള്‍ കയറിയിറങ്ങി വോട്ട് പിടിച്ച ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം. ഇതിനായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജി ജയകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. താഴെ പറയുന്ന വ്യക്തികള്‍ക്ക് ജില്ലാന്തര സ്ഥലംമാറ്റം നല്‍കാന്‍ മന്ത്രി ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് ജോലിക്രമീകരണമായോ മറ്റേതെങ്കിലും വിധത്തിലോ സ്ഥലംമാറ്റം നല്‍കണമെന്നുമാണ് രേഖാമൂലമുള്ള നിര്‍ദേശം.

    ReplyDelete