Monday, March 26, 2012

അധികനിരക്ക് അടിച്ചേല്‍പ്പിക്കുന്നു

വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കും 25 ശതമാനത്തോളം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും അധികനിരക്ക് ഏര്‍പ്പെടുത്താന്‍ വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമീഷന്റെ അനുമതി തേടുന്നു. പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്കാക്കളെ നിയന്ത്രണങ്ങള്‍ക്കു കീഴിലാക്കാനാണ് നീക്കം. ഇവര്‍ യൂണിറ്റിന് 12 രൂപയോളം അധികനിരക്ക് നല്‍കേണ്ടി വരും. കമ്മി നികത്തുന്നതിനായി ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ള നിരക്ക് വര്‍ധനയ്ക്കു പുറമെയാണ് ഈ നിയന്ത്രണം. വ്യവസായങ്ങള്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഉപയോഗിച്ചതിന്റെ 85 ശതമാനം വൈദ്യതിക്കുമാത്രമേ സാധാരണനിരക്ക് ഈടാക്കാന്‍ കഴിയൂ എന്നതാണ് ബോര്‍ഡിന്റെ നിലപാട്.

അതിനു മുകളിലുള്ള ഉപയോഗത്തിന് അധികനിരക്ക് ഈടാക്കാന്‍ റെഗുലേറ്ററി കമീഷന്റെ അനുമതിയും തേടിയിരുന്നു. എന്നാല്‍ , പ്രതിസന്ധി രൂക്ഷമായതിനാല്‍ 85 ശതമാനം എന്നത് വീണ്ടും കുറയ്ക്കാനാണ് ആലോചന. പൊള്ളുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയുള്ള ഉല്‍പ്പാദനം കനത്ത നഷ്ടമാകുമെന്നതിനാല്‍ ബഹുഭൂരിപക്ഷം വ്യവസായങ്ങളും അതിന് തയ്യാറാകില്ല. അതിനാല്‍ ഇത് പവര്‍കട്ടിനു തുല്യമാകുമെന്നും ബോര്‍ഡ് കണക്കാക്കുന്നു. ഗാര്‍ഹിക ഉപയോക്താക്കളില്‍ , പ്രതിമാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് അധിക നിരക്ക് ഇടാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ , വ്യവാസായികളുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് ഇത് 200 യൂണിറ്റാക്കാനുള്ള നീക്കം. ആകെ വൈദ്യുതി ഉപയോഗത്തിന്റെ 47 ശതമാനം ഗാര്‍ഹികമേഖലയിലാണെന്നും എന്നാല്‍ , ബോര്‍ഡിന്റെ വരുമാനത്തില്‍ 27 ശതമാനംമാത്രമാണ് അവരുടെ വിഹിതമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസായികളുടെ സമ്മര്‍ദം. ഈ മാസം കൊച്ചിയിലും തലസ്ഥാനത്തും റെഗുലേറ്ററി കമീഷന്‍ നടത്തിയ ഹിയറിങ്ങില്‍ വ്യവസായികള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇത് നടപ്പായാല്‍ 19 ലക്ഷം ഉപയോക്താക്കള്‍ അധികനിരക്ക് നല്‍കേണ്ടിവരും. കൂടിയ വില നിശ്ചയിച്ച് വൈദ്യുതി ഉപഭോഗം വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യം. അഞ്ചു ദശലക്ഷം യൂണിറ്റാണ് കേരളത്തിലെ താപനിലയങ്ങളില്‍നിന്ന് ഇപ്പോള്‍ ഉല്‍പ്പാദനം. 350 മെഗവാട്ട് സ്ഥാപിതശേഷിയുള്ള കായംകുളം നിലയത്തില്‍നിന്ന് 150 മെഗാവാട്ട് മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. 165 മെഗാവാട്ടിന്റെ കൊച്ചി ബിഎസ്ഇഎസ് നിലയം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബ്രഹ്മപുരത്തെയും കോഴിക്കോട്ടെയും ഡീസല്‍ നിലയങ്ങളില്‍ വൈകിട്ടു മാത്രമേ ഉല്‍പ്പാദനമുള്ളൂ. ഇവ പൂര്‍ണമായി പ്രവര്‍ത്തിപ്പിച്ചാല്‍ എട്ടു ദശലക്ഷം യൂണിറ്റ് കൂടി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.

പ്രതിദിന വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. ജലസംഭരണികളില്‍ പ്രതിദിനം 20 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കേന്ദ്ര നിലയങ്ങളില്‍നിന്ന് 27 ദശലക്ഷം യൂണിറ്റ് കിട്ടുന്നു. താപനിലയങ്ങളില്‍നിന്നുള്ള അഞ്ച് ദശലക്ഷവും ദക്ഷിണേന്ത്യന്‍ മേഖലയില്‍നിന്ന് വാങ്ങുന്ന മൂന്നു ദശലക്ഷവുമടക്കം 55 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭ്യമാകുന്നത്. പീക്ക് സമയത്ത് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയാല്‍ നിലയങ്ങളില്‍ ഒരു ദശലക്ഷം യൂണിറ്റ് ഉപഭോഗംമാത്രമാണ് കുറയ്ക്കാന്‍ കഴിയുക. അവശേഷിക്കുന്ന ഏഴു ദശലക്ഷത്തോളം യൂണിറ്റിന്റെ കുറവ് മറികടക്കുകയാണ് ലക്ഷ്യം. ആന്ധ്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേതുപോലെ ആഴ്ചയിലൊരിക്കല്‍ പവര്‍ ഹോളിഡേ വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് നടപ്പായാല്‍ വ്യവസായങ്ങള്‍ ഞായറാഴ്ചയ്ക്കു പുറമെ ആഴ്ചയില്‍ ഒരു ദിവസം കൂടി മാറിമാറി അടച്ചിടേണ്ടി വരും.
(ആര്‍ സാംബന്‍)

deshabhimani 260312

1 comment:

  1. വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കും 25 ശതമാനത്തോളം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും അധികനിരക്ക് ഏര്‍പ്പെടുത്താന്‍ വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമീഷന്റെ അനുമതി തേടുന്നു. പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്കാക്കളെ നിയന്ത്രണങ്ങള്‍ക്കു കീഴിലാക്കാനാണ് നീക്കം. ഇവര്‍ യൂണിറ്റിന് 12 രൂപയോളം അധികനിരക്ക് നല്‍കേണ്ടി വരും. കമ്മി നികത്തുന്നതിനായി ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ള നിരക്ക് വര്‍ധനയ്ക്കു പുറമെയാണ് ഈ നിയന്ത്രണം. വ്യവസായങ്ങള്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഉപയോഗിച്ചതിന്റെ 85 ശതമാനം വൈദ്യതിക്കുമാത്രമേ സാധാരണനിരക്ക് ഈടാക്കാന്‍ കഴിയൂ എന്നതാണ് ബോര്‍ഡിന്റെ നിലപാട്.

    ReplyDelete