Sunday, March 25, 2012

ചെങ്ങറ ഭൂസമരക്കാര്‍ക്ക് ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് തടഞ്ഞു

രാജപുരം: ചെങ്ങറ ഭൂസമരക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്‍കുന്നത് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ചേറ്റുകല്ലിലെ അഞ്ചേക്കര്‍ സ്ഥലമാണ് ചെങ്ങറ ഭൂസമരക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ആറ് കുടുംബങ്ങള്‍ക്കായി അഞ്ചേക്കര്‍ സ്ഥലമാണ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെ ചെങ്ങറ ഭൂ സമരക്കാരെത്തി കുടില്‍ കെട്ടി താമസിച്ചു വരുന്നതിനിടെയാണ് കള്ളാര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ഗോപിയുടെയും മറ്റൊരു കോണ്‍ഗ്രസ് അംഗമായ ശങ്കരനാരായണന്റെയും നേതൃത്വത്തിലാണ് തടഞ്ഞത്. ശനിയാഴച രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസറും അസിസ്റ്റന്റും സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയുകയായിരുന്നു. ഈ സ്ഥലം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കാന്‍ പാടില്ലെന്നാണ് ഇവരുടെ വാദം. ഈ സ്ഥലം വര്‍ഷങ്ങളായി ചിലര്‍ കൈവശംവച്ച് വരുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ബേഡഡുക്ക സ്കൂളിലെ കളിസ്ഥലം: വാര്‍ത്ത വാസ്തവ വിരുദ്ധം

ബേഡകം: ബേഡഡുക്ക ന്യൂ ജിഎല്‍പി സ്കൂളിന് കളിസ്ഥലം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുത അറിയാതെയാണെന്ന് പിടിഎ യോഗം പ്രസ്താവനയില്‍ പറഞ്ഞു. പി കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്. പിടിഎയുടെ നേതൃത്വത്തില്‍ ഗ്രൗണ്ട് നിര്‍മാണ ഗുണഭോക്തൃ സമിതിയാണ് പ്രവൃത്തി നടത്തുന്നത്. പഞ്ചായത്തില്‍ എഗ്രിമെന്റ് വച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഓവര്‍സിയറുടെ മേല്‍നോട്ടത്തില്‍ പണി നടക്കുകയാണ്. പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതിയും പിടിഎ കമ്മിറ്റിയും യോഗം ചേര്‍ന്ന് വിലയിരുത്തുന്നുമുണ്ട്. അഡ്വാന്‍സ് തുക പോലും ലഭിക്കാതെയാണ് പണി നടക്കുന്നത്. വിന്നേര്‍സ് ബേഡഡുക്ക ഗ്രൗണ്ടിനകത്ത് സ്ഥിരമായി ഇരുമ്പുപോസ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ചിരുന്നു. കുട്ടികളുടെ മേളകളും മറ്റും നടക്കേണ്ടതിനാല്‍ സ്ഥിരമായി ഇരുമ്പുപോസ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അതിന്റെ പ്രതികാരമാകാം സ്കൂളിനെയും പിടിഎയും താറടിക്കുന്ന നിലയില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതും വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനെയും പിടിഎയും താറടിക്കാനുള്ള ശ്രമത്തിനെതിരെ പിടിഎ യോഗം പ്രതിഷേധിച്ചു.

deshabhimani 250312

1 comment:

  1. ചെങ്ങറ ഭൂസമരക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്‍കുന്നത് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ചേറ്റുകല്ലിലെ അഞ്ചേക്കര്‍ സ്ഥലമാണ് ചെങ്ങറ ഭൂസമരക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ആറ് കുടുംബങ്ങള്‍ക്കായി അഞ്ചേക്കര്‍ സ്ഥലമാണ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെ ചെങ്ങറ ഭൂ സമരക്കാരെത്തി കുടില്‍ കെട്ടി താമസിച്ചു വരുന്നതിനിടെയാണ് കള്ളാര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ഗോപിയുടെയും മറ്റൊരു കോണ്‍ഗ്രസ് അംഗമായ ശങ്കരനാരായണന്റെയും നേതൃത്വത്തിലാണ് തടഞ്ഞത്.

    ReplyDelete