Friday, March 9, 2012

പുതിയ ഡാം ഭ്രാന്തന്‍ ചിന്തയെന്ന് ബലറാം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്നത് ഭ്രാന്തന്‍ നിലപാടാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ഇത്തരം ഭ്രാന്തന്‍ ചിന്തയില്‍നിന്ന് കേരളീയര്‍ പുറത്തുകടക്കേണ്ട കാലം അതിക്രമിച്ചെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫെയ്സ്ബുക്കിലെ അക്കൗണ്ടില്‍ ബല്‍റാം പ്രചരിപ്പിക്കുന്നു. പുതിയ ഡാം വേണമെന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനു വിരുദ്ധമായി പ്രചാരണം നടത്തുന്ന ബല്‍റാമിനെതിരെ നടപടി ആവശ്യപ്പെട്ട് ബാബു എം പാലിശേരി എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയില്‍ തനിക്ക് കൃത്യമായി സംശയമുണ്ടെന്ന് ബല്‍റാം പറയുന്നു. ഇപ്പോഴുള്ള ഡാം ഡീകമീഷന്‍ ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇവിടെനിന്ന് കൂടുതല്‍ വെള്ളമെടുക്കാന്‍ തിമിഴ്നാടിനെ അനുവദിക്കുകയും കൂടുതലുള്ള വെള്ളം അവരുടെ സ്ഥലത്ത് അണകെട്ടി സംഭരിക്കാന്‍ അനുവദിക്കുകയുമാണ് വേണ്ടതെന്ന് ബല്‍റാം ആവശ്യപ്പെടുന്നു. ഈ പരാമര്‍ശങ്ങള്‍ നിയമസഭയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ബാബു എം പാലിശേരി സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ബലറാമിന് വീണ്ടും സ്പീക്കറുടെ ശാസന

തൃത്താല എംഎല്‍എ വി ടി ബലറാമിന് വീണ്ടും സ്പീക്കറുടെ ശാസന. നിയമസഭയെയും സഭാ നടപടിക്രമങ്ങളെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെയാണ് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരം നടപടികള്‍ ജനാധിപത്യമൂല്യത്തിനും പൊതുപ്രവര്‍ത്തകരുടെ അന്തസ്സിനും ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. അനൗദ്യോഗിക ബില്‍ അച്ചടിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുന്നതിനുമുമ്പ് ബല്‍റാം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ തിങ്കളാഴ്ച സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു. ഇതിനെ പരോക്ഷമായി പരാമര്‍ശിച്ച് സ്പീക്കര്‍ സൈറ്റുകള്‍ക്ക് എതിരാണെന്ന ധ്വനി വരത്തക്കവിധം ബലറാം സഭയില്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സ്പീക്കറുടെ റൂളിങ്ങിനെ വിമര്‍ശിക്കുന്ന ചര്‍ച്ച സംഘടിപ്പിച്ചു. ഇത് ചൂണ്ടിക്കാട്ടി വി എസ് സുനില്‍കുമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തെയോ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെയോ ഒരുതരത്തിലും എതിര്‍ക്കുന്നില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. നിയമസഭാ സാമാജികര്‍ക്കെല്ലാം അവരുടെ മുറിയില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടീയ കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഐ പാഡ് വിതരണം ചെയ്തു. ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. സഭാനടപടി വെബ്കാസ്റ്റ് ചെയ്യുന്നു. ഇത്തരം നടപടികള്‍ക്കിടയിലാണ് നിയമസഭാ നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും സഭയുടെ അന്തസ്സിനും വിരുദ്ധമായ നടപടിയുണ്ടായത്. ഇത് അംഗീകരിക്കാനാകില്ല. സാമാജികരുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നടപടികള്‍ ഒരുവിധത്തിലും അംഗീകരിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അവതരണാനുമതി ലഭിക്കുന്നതിനുമുമ്പ് അനൗദ്യോഗികബില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനെ സ്പീക്കര്‍ ശാസിച്ചപ്പോള്‍് ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന തരത്തില്‍ നിയമസഭ മാറണമെന്നായിരുന്നു ബലറാമിന്റെ മറുപടി. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ നല്‍കിയ റൂളിങ്ങില്‍ ബലറാമിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പുതിയ അംഗമായതിനാല്‍ മറ്റു നടപടികള്‍ ഒഴിവാക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ സഭയിലിരുന്ന് മനസ്സിലാക്കണമെന്ന് സ്പീക്കര്‍ റൂളിങ്ങില്‍ പറഞ്ഞെങ്കിലും ബലറാം അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് സഭയിലെത്തിയ അദ്ദേഹം നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിധത്തില്‍ നിയമസഭ മാറണമെന്ന് അഭിപ്രായപ്പെട്ടത്. ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

deshabhimani 090312

1 comment:

  1. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്നത് ഭ്രാന്തന്‍ നിലപാടാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ഇത്തരം ഭ്രാന്തന്‍ ചിന്തയില്‍നിന്ന് കേരളീയര്‍ പുറത്തുകടക്കേണ്ട കാലം അതിക്രമിച്ചെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫെയ്സ്ബുക്കിലെ അക്കൗണ്ടില്‍ ബല്‍റാം പ്രചരിപ്പിക്കുന്നു. പുതിയ ഡാം വേണമെന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനു വിരുദ്ധമായി പ്രചാരണം നടത്തുന്ന ബല്‍റാമിനെതിരെ നടപടി ആവശ്യപ്പെട്ട് ബാബു എം പാലിശേരി എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി.

    ReplyDelete