Thursday, March 8, 2012

മുഖ്യമന്ത്രിയുടെ വാക്ക് പാഴായി

തെരച്ചില്‍ ഇനിയും വൈകും

ആലപ്പുഴ: ബോട്ടില്‍ കപ്പലിടിച്ച് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വൈകും. ബുധനാഴ്ച മുതല്‍ നാവികസേനയുടെ വിദഗ്ധസംഘം തെരച്ചില്‍ പുനരാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. നാവികസേനയ്ക്ക് ബുധനാഴ്ച തെരച്ചില്‍ നടത്താനായില്ല. മുഖ്യമന്ത്രി പറഞ്ഞതിനു വിപരീതമായി സ്വകാര്യ ഏജന്‍സി ബുധനാഴ്ച തെരച്ചിലിന് എത്തിയെങ്കിലും പരാജിതരായി മടങ്ങി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥ കാട്ടുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തീരപ്രദേശത്ത് ജനരോഷം ശക്തമാണ്.

പേടകം ഇറക്കി കടലില്‍ പരിശോധിക്കാന്‍ സംവിധാനമുള്ള നാവികസേനയുടെ കപ്പലായ ഐഎന്‍എസ് നിരീക്ഷകിന്റെ അറ്റകുറ്റപണി പൂര്‍ത്തിയായിട്ടില്ല. വ്യാഴാഴ്ച വൈകിട്ടോടെ പണി പൂര്‍ത്തിയാക്കി ട്രയല്‍റണ്‍ നടത്തി വെള്ളിയാഴ്ച തെരച്ചില്‍ നടത്താനാണ് ധാരണ. ട്രയല്‍റണ്ണില്‍ സാങ്കേതിക തകരാറുകള്‍ കണ്ടാല്‍ തെരച്ചില്‍ പിന്നെയും വൈകും. ഇതോടെ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായി. സ്വകാര്യ ഏജന്‍സി തെരച്ചില്‍ നിര്‍ത്തിയെന്ന് ചൊവാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇന്റര്‍നാഷണല്‍ ഡൈവേഴ്സ് അക്വേറിയത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ബുധനാഴ്ചയും സംഭവസ്ഥലത്ത് മുങ്ങി പരിശോധന നടത്തി. ബുധനാഴ്ച നാലുപേര്‍ കടലിലിറങ്ങി. എന്നാല്‍ , ശക്തമായ അടിയൊഴുക്കും മുകളില്‍ ശക്തമായ കാറ്റും മൂലം തിരച്ചില്‍ തുടരാനായില്ല. വൈകിട്ട് മൂന്നോടെ അവര്‍ മടങ്ങി. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ വാടകയ്ക്കെടുത്ത ബോട്ടിലാണ് മുങ്ങല്‍ വിദഗ്ധര്‍ എത്തിയത്.

പിറവം കഴിഞ്ഞാല്‍ ഇറ്റലിക്കാരെ വിടാമെന്ന് ഉറപ്പുകൊടുത്തു

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജയിലില്‍ കഴിയുന്ന സൈനികരെ വിട്ടുകൊടുക്കാമെന്ന് ഇറ്റലിക്ക് സോണിയഗാന്ധി ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് ജനതാപാര്‍ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചു. ഇറ്റാലിയന്‍ സ്ഥാനപതിവഴിയാണ് ഇത്തരമൊരു ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. ലഭിച്ച വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അതു നല്‍കിയവരോടുള്ള വഞ്ചനയാകും. പല വിവരങ്ങളും മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ എങ്ങനെ ലഭിക്കുന്നുവെന്ന് സുപ്രീംകോടതിയും തന്നോടു ചോദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് ജയിലില്‍പോലും പഞ്ചനക്ഷത്രസൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ യുഡിഎഫ്സര്‍ക്കാര്‍ പരാജയമാണ്. കടലിലെ കൊലപാതകം നയതന്ത്രപ്രശ്നമല്ലെന്നും ക്രിമിനല്‍ കേസാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിയമവ്യവസ്ഥയെ അപമാനിക്കുന്നതാണ് ഇറ്റലിയുടെ നിലപാട്. കൊലയാളികളെ രക്ഷിക്കാനുള്ള എല്ലാ നീക്കവും അവര്‍ നടത്തുന്നുണ്ട്. 2ജി അഴിമതിയുമായി ബന്ധപ്പെട്ട പണത്തിന്റെ 60 ശതമാനവും സോണിയഗാന്ധിക്കാണ് ലഭിച്ചത്. കേസില്‍ സോണിയയുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെയുള്ള കേസ് പൂര്‍ത്തിയായശേഷം പുറത്തുകൊണ്ടുവരും. ചിദംബരത്തെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ നിയമവ്യാഖ്യാനം തെറ്റായിരുന്നുവെന്ന് 16ന് സുപ്രീംകോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാകും. യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരിതാപകരമായി. നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ സാധ്യത തെളിയുകയാണ്. സെപ്തംബര്‍ -ഒക്ടോബര്‍ മാസത്തോടെ കേന്ദ്രത്തില്‍ പുതിയസര്‍ക്കാര്‍ അധികാരത്തില്‍ വരാനും സാധ്യതയുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ അക്രമണം നടത്തിയത് എല്‍ടിടിഇ അനുകൂലികളാണ്. മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചനടത്തി പ്രശ്നംപരിഹരിക്കണമെന്ന് താന്‍ അഭിപ്രായപ്പെട്ടത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ധാര്‍മികമായ വാദഗതികളുണ്ടെന്നതിനാലാണെന്നും സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു.

ഇറ്റാലിയന്‍ നാവികരെ ജയിലിന് പുറത്തേക്ക് മാറ്റിയേക്കും

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ എറണാകുളത്തെ ബോസ്റ്റല്‍ സ്കൂളിലേക്കോ കൊല്ലം പൊലീസ് ക്ലബ്ബിലേക്കോ മാറ്റിയേക്കും. ജയിലില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ലസ്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ നല്‍കിയ അപേക്ഷ ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് സര്‍ക്കാരിനു കൈമാറി. ജയില്‍ എഡിജിപിക്ക് യുക്തമെന്നു തോന്നിയാല്‍ സര്‍ക്കാരുമായി ആലോചിച്ച് ജയിലിനുപുറത്ത് പ്രതികളെ പാര്‍പ്പിക്കാമെന്ന് കോടതി നിര്‍ദേശമുണ്ട്. ജയിലിന്റെ അന്തരീക്ഷമില്ലാത്ത സ്ഥലത്ത് പാര്‍പ്പിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. ആര്‍ ബാലകൃഷ്ണപിള്ളയെ പാര്‍പ്പിച്ച മുറിയിലാണ് ഇരുവരും കഴിയുന്നത്.

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. ഇറ്റാലിയന്‍ സഹമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ദിവസവും ജയിലില്‍ എത്തി ഇവരെ കാണുന്നുണ്ട്. ദിവസവും ഒരു മണിക്കൂര്‍ പ്രതികളുമായി ആശയവിനിമയം നടത്താന്‍ ഇവര്‍ക്ക് അനുവാദമുണ്ട്. ഇറ്റാലിയന്‍ പ്രതിനിധി സംഘം നഗരത്തിലെ നക്ഷത്രഹോട്ടലില്‍ തമ്പടിച്ചിരിക്കയാണ്.

deshabhimani 080312

1 comment:

  1. ബോട്ടില്‍ കപ്പലിടിച്ച് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വൈകും. ബുധനാഴ്ച മുതല്‍ നാവികസേനയുടെ വിദഗ്ധസംഘം തെരച്ചില്‍ പുനരാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. നാവികസേനയ്ക്ക് ബുധനാഴ്ച തെരച്ചില്‍ നടത്താനായില്ല. മുഖ്യമന്ത്രി പറഞ്ഞതിനു വിപരീതമായി സ്വകാര്യ ഏജന്‍സി ബുധനാഴ്ച തെരച്ചിലിന് എത്തിയെങ്കിലും പരാജിതരായി മടങ്ങി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥ കാട്ടുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തീരപ്രദേശത്ത് ജനരോഷം ശക്തമാണ്.

    ReplyDelete