Sunday, March 25, 2012

അഞ്ചാം മന്ത്രി, സ്ഥാനാര്‍ഥി തര്‍ക്കം: കോണ്‍ . നേതൃയോഗം മുറുകും

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയെയും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നതിന് മധ്യേ കെപിസിസി നേതൃയോഗം ഏപ്രില്‍ മൂന്നിന് ചേരും. പിറവത്ത് അനൂപ് ജേക്കബ് ജയിച്ചാലുടന്‍ മന്ത്രി എന്ന വാഗ്ദാനം നടപ്പാക്കാന്‍ വൈകുന്നത് അഞ്ചാംമന്ത്രി സ്ഥാനത്തിന് ലീഗ് നിര്‍ബന്ധം പിടിച്ചതിനാലാണ്. എന്നാല്‍ , ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിനും യോജിപ്പില്ല. ഇക്കാര്യത്തില്‍ ചെന്നിത്തലയുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറല്ല. നോര്‍ക്കയുടെ ചെയര്‍മാന്‍ സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞു മന്ത്രിപദവിയോടെ അതു ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച അനുരജ്ഞന നിര്‍ദേശം. എന്നാല്‍ , മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി ലീഗ് അധ്യക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ അതു നടക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗം വാദിക്കുന്നത്. പേമെന്റ് സീറ്റ് വിവാദത്തിലുള്‍പ്പെട്ട എംഎല്‍എയെ മന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുള്ളവരും ലീഗിലുണ്ട്.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞയും വകുപ്പും നിശ്ചയിക്കാന്‍ യുഡിഎഫ് നേതൃയോഗം 28ന് ചേരുന്നുണ്ട്. ടി എം ജേക്കബ് കൈകാര്യംചെയ്ത ഭക്ഷ്യ-സിവില്‍ സപ്ലൈസ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം ചെറിയ വകുപ്പ് അനൂപിന് നല്‍കാനാണ് നീക്കം. അനൂപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒപ്പം അഞ്ചാം മന്ത്രിയെ കിട്ടിയേ മതിയാകൂവെന്ന അന്ത്യശാസനം ലീഗില്‍നിന്നുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ .

നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പകരം സെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനോട് വി എം സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതി വിളിക്കാന്‍ സുധീരന്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് കെപിസിസി നേതൃയോഗം മൂന്നിന് രാവിലെ ചേരുന്നതിന്റെ അറിയിപ്പ് വന്നത്. കെപിസിസി ഭാരവാഹികള്‍ , ഡിസിസി പ്രസിഡന്റുമാര്‍ , മന്ത്രിമാര്‍ , പാര്‍ലമെന്ററി പാര്‍ടി ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ചേരുക. ഇതില്‍ സുധീരന് പങ്കെടുക്കാനാകില്ല. ഈ യോഗത്തിലാകും പ്രധാന ചര്‍ച്ചകള്‍ ഉണ്ടാകുക. എന്നാല്‍ , ഇതേ ദിവസം ഉച്ചയ്ക്കുശേഷം ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ അംഗമായതിനാല്‍ സുധീരന് പങ്കെടുക്കാം.

അഞ്ചാംമന്ത്രി: ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന്

മലപ്പുറം: അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് മുസ്ലിംലീഗിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി വിവാദത്തിനില്ല. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘര്‍ഷമുണ്ടായതിനെക്കുറിച്ച് പരിശോധിച്ചശേഷം പ്രതികരിക്കും. അവിടെ എന്താണ് നടന്നതെന്ന് അറിയില്ല. ഇതു സംബന്ധിച്ച് പി കെ കെ ബാവയോട് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 250312

1 comment:

  1. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയെയും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നതിന് മധ്യേ കെപിസിസി നേതൃയോഗം ഏപ്രില്‍ മൂന്നിന് ചേരും. പിറവത്ത് അനൂപ് ജേക്കബ് ജയിച്ചാലുടന്‍ മന്ത്രി എന്ന വാഗ്ദാനം നടപ്പാക്കാന്‍ വൈകുന്നത് അഞ്ചാംമന്ത്രി സ്ഥാനത്തിന് ലീഗ് നിര്‍ബന്ധം പിടിച്ചതിനാലാണ്. എന്നാല്‍ , ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിനും യോജിപ്പില്ല. ഇക്കാര്യത്തില്‍ ചെന്നിത്തലയുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറല്ല. നോര്‍ക്കയുടെ ചെയര്‍മാന്‍ സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞു മന്ത്രിപദവിയോടെ അതു ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച അനുരജ്ഞന നിര്‍ദേശം. എന്നാല്‍ , മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി ലീഗ് അധ്യക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ അതു നടക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗം വാദിക്കുന്നത്. പേമെന്റ് സീറ്റ് വിവാദത്തിലുള്‍പ്പെട്ട എംഎല്‍എയെ മന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുള്ളവരും ലീഗിലുണ്ട്.

    ReplyDelete