Thursday, March 8, 2012

ഇവിടെ കാണാം പെണ്‍പോരാട്ടത്തിന്റെ നേര്‍ക്കാഴ്ച


മാറു മറയ്ക്കാനുള്ള അവകാശ സമരത്തില്‍ തുടങ്ങി മാറിടം സംരക്ഷിക്കാനുള്ള പോരാട്ടംവരെയുള്ള മലയാളി സ്ത്രീ മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചകള്‍ "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനത്തില്‍ സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരുന്നു. 19-ാം നൂറ്റാണ്ടു മുതല്‍ 21-ാം നൂറ്റാണ്ടിന്റെ തുടക്കംവരെയുള്ള വനിതാവിമോചന പോരാട്ടങ്ങളുടെ ചരിത്രമാണ് സിപിഐ എം 20- ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളിനു മുന്നിലെ പ്രദര്‍ശന നഗരിയിലെ കേരള പവലിയനില്‍ മിഴി തുറക്കുന്നത്.

ചേര്‍ത്തലയ്ക്കടുത്ത് മുലക്കരം പിരിക്കാനെത്തിയ രാജകിങ്കരന് മുലയരിഞ്ഞ് ചേമ്പിലയില്‍ വച്ചുനീട്ടിയ യുവതിയുടെ പ്രതിഷേധത്തില്‍ തുടങ്ങുന്നു ആ പോരാട്ട ചരിതം. കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ച് പറഞ്ഞ കാലത്ത് ക്രൂരമായ ആക്രമണത്തിന് വിധേയമായ മലയാളി സ്ത്രീത്വത്തിന്റെ നിലവിളി പ്രദര്‍ശനം കാണാനെത്തുന്നവരുടെ മനസിനെ പിടിച്ചുലയ്ക്കും. "സ്ത്രീ ഉണരുന്നു" ടൈറ്റിലോടുകൂടിയ പോസ്റ്ററില്‍ മാറു മറയ്ക്കുന്നത് "തേവിടിശി" സ്വഭാവമായി കരുതിയ കാലത്ത് അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ വെമ്പുന്ന സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ അനാവരണം ചെയ്യുന്നു. റൗക്കയും ധരിച്ച് ആദ്യമായി ഭര്‍ത്താവിനൊപ്പം വെളിയിലിറങ്ങിയ സി വി കുഞ്ഞിരാമന്റെ ഭാര്യയെ ഭര്‍തൃ മാതാവ് മര്‍ദിക്കുന്നതിന്റെ വിവരണങ്ങളാണ് സി കേശവന്റെ "ജീവിതസമര" ത്തില്‍നിന്ന് എടുത്തു ചേര്‍ത്തിട്ടുള്ളത്. പെരുന്നാട്ട് പൂതത്തന്‍കുട്ടി ചാന്നാന്റെ കൂടെ ഭാര്യ ഐശക്കി ചാന്നാട്ടി ജാക്കറ്റ് ധരിച്ച് പൊതു നിരത്തിലൂടെ നടന്നപ്പോള്‍ സവര്‍ണ മാടമ്പി സമൂഹത്തിന്റെ കൈയേറ്റത്തിനിരയായ ഇരുവരുടെയും പ്രക്ഷോഭജീവിതം പ്രദര്‍ശനത്തിനെത്തുന്നവരില്‍ ആവേശം പകരും. തിരുവിതാംകൂറിലും കൊച്ചിയിലും മുല മാറാപ്പ് സമരം മൂര്‍ധന്യത്തിലെത്തിയതും നമ്പൂതിരി അനാചാരങ്ങളും പ്രദര്‍ശനത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു.

ചരിത്രമായ വിധവാവിവാഹവും 1920 കളില്‍ ഇ എം എസും കൂട്ടരും നമ്പൂതിരി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുന്നേറ്റങ്ങളുടെയും "ഉണ്ണിനമ്പൂതിരി" പത്രം നടത്തിയ ഇടപെടലുകളുടെയും ദൃശ്യാവിഷ്കാരം ആകര്‍ഷകമാണ്. 1920 കളില്‍ തിരുവിതാംകൂറില്‍ പൊതുമരാമത്ത് പണികള്‍ക്ക് സ്ത്രീകള്‍ എത്തിയപ്പോള്‍ തൊഴിലെടുക്കുന്ന വനിതകള്‍ നിര്‍ബന്ധമായും മാറുമറക്കണമെന്ന കേണല്‍ മണ്‍റോയുടെ ഉത്തരവ് നമ്മെ ചരിത്രബോധമുള്ളവരാക്കും. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയും യാത്രയിലും തൊഴിലിടങ്ങളിലുമെല്ലാം അവള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും മാറ്റിയെടുക്കാന്‍ ഈ ചരിത്ര പ്രദര്‍ശനം ഊര്‍ജം പകരുമെന്ന് നിരവധി പേര്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ദിവസം നോവലിസ്റ്റ് എം മുകുന്ദന്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രദര്‍ശനനഗരിയിലെത്തി.

deshabhimani 080312

1 comment:

  1. മാറു മറയ്ക്കാനുള്ള അവകാശ സമരത്തില്‍ തുടങ്ങി മാറിടം സംരക്ഷിക്കാനുള്ള പോരാട്ടംവരെയുള്ള മലയാളി സ്ത്രീ മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചകള്‍ "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനത്തില്‍ സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരുന്നു. 19-ാം നൂറ്റാണ്ടു മുതല്‍ 21-ാം നൂറ്റാണ്ടിന്റെ തുടക്കംവരെയുള്ള വനിതാവിമോചന പോരാട്ടങ്ങളുടെ ചരിത്രമാണ് സിപിഐ എം 20- ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളിനു മുന്നിലെ പ്രദര്‍ശന നഗരിയിലെ കേരള പവലിയനില്‍ മിഴി തുറക്കുന്നത്.

    ReplyDelete