Sunday, March 25, 2012

ശബരീഷിന്റെ അറസ്റ്റ് മന്ത്രിയുടെ അറിവോടെ: ഡിവൈഎഫ്ഐ

അറസ്റ്റ് അപലപനീയം: ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍ : പൊതുചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് അംഗം പി കെ ശബരീഷ്കുമാറിനെ അറസ്റ്റുചെയ്ത പൊലീസിന്റെ നടപടി അപലപനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള പറഞ്ഞു. നിരവധി പേര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ഒരു പൊതുപ്രവര്‍ത്തകനെ കുറ്റവാളിയെപ്പോലെ പിടിച്ചുകൊണ്ടുപോയത്. ജനപക്ഷസമരങ്ങളുടെ പേരില്‍ പൊതുപ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് സമീപനം തിരുത്തണം. മന്ത്രി കെ സി ജോസഫ് പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവമെന്നത് അതിക്രമത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജനാധിപത്യമര്യാദ പാലിക്കാതെയാണ് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ മുഴുവനാളുകളും പ്രതിഷേധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ശബരീഷ്കുമാറിന്റെ അറസ്റ്റില്‍ ജില്ലാ പഞ്ചായത്ത് പ്രതിഷേധിച്ചു. അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികളോട് ക്രിമിനലുകളോടെന്നപോലെയാണ് സിഐ പെരുമാറിയത്. ജനപ്രതിനിധികളെ പൊതുജനമധ്യത്തില്‍ അവഹേളിച്ച സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരളയും വൈസ് പ്രസിഡന്റ് ടി കൃഷ്ണനും ആവശ്യപ്പെട്ടു.

സിഐക്കെതിരെ നടപടി വേണം: പി ജയരാജന്‍

കണ്ണൂര്‍ : ജനപ്രതിനിധിയെ പൊതുചടങ്ങില്‍ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തത് പൊലീസിന്റെ ധാര്‍ഷ്ട്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സയന്‍സ് പാര്‍ക്കിലെ പൊതുചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവരെ തള്ളിമാറ്റി ജില്ലാ പഞ്ചായത്തംഗം പി കെ ശബരീഷ്കുമാറിനെ അറസ്റ്റുചെയ്ത ടൗണ്‍ സിഐ സുകുമാരനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇങ്ങനെ പെരുമാറുന്നത്. കൊയിലാണ്ടി എംഎല്‍എ കെ ദാസനെ ആക്രമിച്ച പൊലീസിനെ അഭിനന്ദിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പൊലീസ് ജനപ്രതിനിധികളോടുപോലും മാന്യമായി പെരുമാറേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. മന്ത്രി കെ സി ജോസഫ് പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം സ്ഥലംവിട്ടയുടനെയാണ് ശബരീഷിനെ വലിച്ചിഴച്ച് അറസ്റ്റ് നടത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞു.

ശബരീഷിന്റെ അറസ്റ്റ് മന്ത്രിയുടെ അറിവോടെ: ഡിവൈഎഫ്ഐ

കണ്ണൂര്‍ : യുഡിഎഫ് ഭരണത്തില്‍ ജനപ്രതിനിധികള്‍ക്കുപോലും രക്ഷയില്ലെന്നതിന്റെ തെളിവാണ് ജില്ലാപഞ്ചായത്ത് അംഗം പി കെ ശബരീഷ്കുമാറിന്റെ അറസ്റ്റെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശാനുസരണമാണ് പൊലീസ് അതിക്രമം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗംകൂടിയായ ശബരീഷിനെ പൊതുവേദിയില്‍ വലിച്ചിഴച്ച് അറസ്റ്റുചെയ്തതിന് ഒരു ന്യായീകരണവുമില്ല. അസൗകര്യം കാരണം 21ന് നടന്ന സമരത്തില്‍ ശബരീഷ് പങ്കെടുത്തിരുന്നില്ല. എന്നിട്ടും ആ സമരത്തിന്റെ പേരിലാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ശബരീഷിനെ അറസ്റ്റുചെയ്തത്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച യുഡിഎഫിന്റെ യുവജനദ്രോഹത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഈ രീതിയിലല്ല അറസ്റ്റുചെയ്യേണ്ടത്. പൊലീസുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മാത്രം പൊതുവേദിയില്‍നിന്ന് ജനപ്രതിനിധിയെ വലിച്ചിഴച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യാന്‍ സാധിക്കില്ല. ജനപ്രതിനിധിയും നിരപരാധിയുമായ യുവാവിനെ പൊതുജനമധ്യേ അവഹേളിക്കുകയും വലിച്ചിഴച്ച് പീഡിപ്പിക്കുകയും ചെയ്തത് കൊടിയ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ ജനപ്രതിനിധിയെ അവഹേളിച്ച പൊലീസുദ്യോഗസ്ഥര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കുമെതിരെയും നടപടി സ്വീകരിക്കണം. മനുഷ്യാവകാശ കമീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കണം.

നാടിനുവേണ്ടി പ്രതികരിക്കുക, പ്രവര്‍ത്തിക്കുക എന്നത് മഹാപരാധമല്ല. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചതിന് കടുത്ത വകുപ്പുകള്‍ ചുമത്തി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. 21ന് നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു എന്നകുറ്റം ചുമത്തി കോളേജ് വിട്ടുപോകുന്നവരെയും ഡോക്ടറെ കാണാന്‍ വന്ന് മടങ്ങുന്നവരെയും അറസ്റ്റുചെയ്യുകയാണ്. നാശനഷ്ടം പെരുപ്പിച്ചുകാണിച്ച് യുവജനങ്ങള്‍ക്ക് അപ്രാപ്യമായ രീതിയില്‍ പിഴചുമത്തി യുവജനങ്ങളെ അനിശ്ചിതകാലത്തേക്ക് ജയിലിലടക്കാനുള്ള പൊലീസ് ഗൂഢാലോചന നടപ്പില്ല. പൊലീസ് ഭീകരതയ്ക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ മുഴുവനാളുകളും പ്രതികരിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

deshabhimani 250312

1 comment:

  1. യുഡിഎഫ് ഭരണത്തില്‍ ജനപ്രതിനിധികള്‍ക്കുപോലും രക്ഷയില്ലെന്നതിന്റെ തെളിവാണ് ജില്ലാപഞ്ചായത്ത് അംഗം പി കെ ശബരീഷ്കുമാറിന്റെ അറസ്റ്റെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശാനുസരണമാണ് പൊലീസ് അതിക്രമം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗംകൂടിയായ ശബരീഷിനെ പൊതുവേദിയില്‍ വലിച്ചിഴച്ച് അറസ്റ്റുചെയ്തതിന് ഒരു ന്യായീകരണവുമില്ല. അസൗകര്യം കാരണം 21ന് നടന്ന സമരത്തില്‍ ശബരീഷ് പങ്കെടുത്തിരുന്നില്ല. എന്നിട്ടും ആ സമരത്തിന്റെ പേരിലാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ശബരീഷിനെ അറസ്റ്റുചെയ്തത്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച യുഡിഎഫിന്റെ യുവജനദ്രോഹത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഈ രീതിയിലല്ല അറസ്റ്റുചെയ്യേണ്ടത്. പൊലീസുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മാത്രം പൊതുവേദിയില്‍നിന്ന് ജനപ്രതിനിധിയെ വലിച്ചിഴച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യാന്‍ സാധിക്കില്ല. ജനപ്രതിനിധിയും നിരപരാധിയുമായ യുവാവിനെ പൊതുജനമധ്യേ അവഹേളിക്കുകയും വലിച്ചിഴച്ച് പീഡിപ്പിക്കുകയും ചെയ്തത് കൊടിയ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ ജനപ്രതിനിധിയെ അവഹേളിച്ച പൊലീസുദ്യോഗസ്ഥര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കുമെതിരെയും നടപടി സ്വീകരിക്കണം. മനുഷ്യാവകാശ കമീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കണം.

    ReplyDelete