Thursday, March 1, 2012

പിറവം പൊറുക്കാത്തത്

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് പിറവത്ത് യു ഡി എഫ് ജയിച്ചത്. വെറും 157 വോട്ടിന്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ വച്ച് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. ഒരു ബൂത്തില്‍ ഒരു വോട്ടുമറിഞ്ഞാല്‍ സ്ഥിതിമാറും. എന്നാല്‍ പിറവത്തിന്റെ മനസ്സ് പാടേമാറിയിരിക്കുന്നു. അനുഭവങ്ങളാണ് അതിനുകാരണം.
എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളിലെ നാല്‍പത് ലക്ഷം മനുഷ്യര്‍ ആശങ്കയുടെ മുള്‍മുനയിലാണ്. മുല്ലപ്പെരിയാര്‍ ഡാമിനു എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്തയാണ് അവരുടെ ഉറക്കം കെടുത്തുന്നത്. ഡാമിന്റെ പഴക്കവും ബലക്ഷയവും എപ്പോഴും ഉണ്ടാകാവുന്ന ഭൂചലനവും സംസ്ഥാനത്തിനാകെ അസ്വസ്ഥത ഉളവാക്കുന്നു. ദേശീയ ഇടപെടല്‍ അടിയന്തരമായും ആവശ്യമായ പ്രശ്‌നമാണിത്.

കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു ജലം, അതിനു പുതിയ ഡാം ഇതാണ് നമ്മുടെ നിലപാട്. ഇത് അനാവശ്യമാണെന്നാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ രണ്ടു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സമവായത്തിലെത്താനുള്ള ബാധ്യതയും ഉത്തരവാദിത്വവും കേന്ദ്രത്തിനുണ്ട്. എന്നാല്‍ കേന്ദ്രവും പ്രധാനമന്ത്രിയും കുറ്റകരവും നിരുത്തരവാദപരവുമായ നിസ്സംഗതയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരമാകട്ടെ കേരളത്തിനെതിരേ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നു. പിറവം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന കോലാഹലമാണ് മുല്ലപ്പെരിയാര്‍ പ്രക്ഷോഭമെന്നു ആക്ഷേപിക്കാനും ചിദംബരം തയ്യാറായി.

ആത്മാര്‍ഥമോ സുതാര്യമോ ആയ നിലപാടല്ല കേരളസര്‍ക്കാരും സ്വീകരിക്കുന്നത്. ഡാമിന്റെ സുരക്ഷിതത്വവും ജലനിരപ്പും തമ്മില്‍ ബന്ധമില്ലെന്നു കേരള എ ജി ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റു കൊടുത്തു. സംസ്ഥാന താല്‍പര്യത്തിനെതിരായി നീങ്ങിയ എ ജിയെ മുഖ്യമന്ത്രിയും ഭരണമുന്നണിയും ന്യായീകരിക്കുകയായിരുന്നു. ഇത് മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമാണ്.

ചെറുകിട ഇടത്തരം കര്‍ഷകരുടെ നാടാണ് പിറവം. റബറിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ധാരാളമുണ്ടിവിടെ. റബറിന്റെ വിലമെച്ചപ്പെട്ടത് അവരുടെ ജീവിതത്തേയും മെച്ചപ്പെടുത്തി. നാടിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി. അങ്ങനെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി പ്രഖ്യാപനം ഇടിത്തീയായിവന്നു വീണത്. ഇറക്കുമതി തീരുവ ഇരുപതു ശതമാനത്തില്‍ നിന്നും ഏഴരശതമാനമായി കുറച്ചുകൊണ്ട് വിദേശത്തുനിന്നും രണ്ടുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നു. അതില്‍ നാല്പതിനായിരം ടണ്‍ വന്നുകഴിഞ്ഞു. അതോടെ റബര്‍ വില താഴോട്ട്. രണ്ടുലക്ഷം ടണ്‍ തല്‍ക്കാലത്തേക്കാണ്, ശേഷം പിന്നാലെ. കൊലച്ചതി എന്നേ ഇതേപ്പറ്റി പറയാനാവൂ. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് ഒരു പ്രതികരണവുമില്ല.

നെല്ലും തെങ്ങും കമുകും കുരുമുളകും വാഴയും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. പക്ഷേ വളത്തിന്റെയും കീടനാശിനിയുടേയും വില ക്രമാതീതമായി ഉയരുകയാണ്. വിളകളുടെ വില താഴുകയാണ്. പോരാത്തതിനു വിളനാശവും. നഷ്ടംകൊണ്ട് കര്‍ഷകര്‍ നട്ടം തിരിയുന്നു. കടം കയറി മുടിയുന്നു. കൃഷിഭൂമിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്നു. ആശ്വാസകരമായ ഒരു പരിപാടിയും ഈ സര്‍ക്കാരിനില്ല.

ഏതുനാട്ടിലുമെന്ന പോലെ ചില്ലറ ഇടത്തരം വ്യാപാരികള്‍ ധാരാളമുണ്ടിവിടെയും. എന്നാല്‍ അവരുടെയെല്ലാം മനസ്സില്‍ ആധിയാണ്. ചെറുകിട വ്യാപാരമേഖലയിലേക്കും വിദേശനിക്ഷേപം വരുന്നു. അധികം വൈകാതെ, വന്‍നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും ബഹുരാഷ്ട്രകുത്തകകളുടെ കൂറ്റന്‍ മാളുകള്‍ ഉയര്‍ന്നുവരുന്നതു കാണാന്‍ കഴിയും. ഇന്ത്യന്‍ കുത്തകകള്‍ ചില്ലറവ്യാപാര മേഖലയില്‍ വ്യാപരിച്ചു കഴിഞ്ഞു. അതിനുപിന്നാലെയാണ് വിദേശകുത്തകകളുടെ വരവ്.

രാജ്യത്ത് നാലുകോടിയിലധികമാണ് ചെറുകിട വ്യാപാരികള്‍. അവരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പതിനഞ്ചുകോടിയിലധികം വരും. തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നാല്‍ ഇവര്‍ എങ്ങോട്ടു പോകും? ജീവിതമാര്‍ഗ്ഗം മുട്ടിപ്പോകുന്നവരുടെ പോക്ക് ആത്മഹത്യാ മുനമ്പിലേക്കായിരിക്കും. നാടന്‍ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുപോയാല്‍ അവശേഷിക്കുന്നത് കുത്തക - ബഹുരാഷ്ട്ര കുത്തകകളുടെ കൂറ്റന്‍ സ്ഥാപനങ്ങള്‍ മാത്രമാണ്. രാജ്യത്തെ മുഴുവന്‍  ആളുകളും നിത്യോപയോഗ സാധനങ്ങള്‍ക്കു വേണ്ടി അവരെ ആശ്രയിക്കേണ്ടി വരും. അപ്പോഴാണ് അവരുടെ വിശ്വരൂപം കാണാന്‍ കഴിയുക. ഏതാനും കുത്തക ബഹുരാഷ്ട്രകുത്തകകള്‍ എല്ലാവരേയും കൊള്ളയടിക്കുന്ന പരിപാടി.പിറവത്ത് ഇത് ഉണ്ടാവുകയില്ലെന്നു യു ഡി എഫിനു ഉറപ്പു പറയാന്‍ കഴിയുമോ?

അമ്പരിപ്പിക്കുന്ന രീതിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകയറുകയാണ്. ഒന്‍പതുമാസം മുമ്പ്, യു ഡി എഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന വിലനിലവാരവും ഇപ്പോഴത്തേതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ അതിന്റെ രൂക്ഷത ബോധ്യമാവും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് അടിസ്ഥാനകാരണം. കേരള സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം ദുര്‍ബലപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ ആഘാതം ഇരട്ടിയായി. സാധാരണക്കാര്‍ പൊറുതിമുട്ടുന്ന അവസ്ഥയിലായി.

പണപ്പെരുപ്പവും പണത്തിന്റെ മൂല്യശോഷണവും മുതലാളിത്ത സമ്പദ്ഘടന നേരിടുന്ന മാരകരോഗങ്ങളാണ്. സാധനത്തിന്റെ വിലകൂടുന്നു എന്നു പറഞ്ഞാല്‍ അതു വാങ്ങാനുപയോഗിക്കുന്ന പണത്തിന്റെ വിലകുറയുന്നു എന്നാണര്‍ഥം. അടിക്കടി അതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അധോലോക സാമ്പത്തികശക്തികളുടെ കൈവശം കള്ളപ്പണം കുമിഞ്ഞുകൂടുന്നു. നവഉദാരവല്‍ക്കരണ നയത്തിന്റെ ഉല്‍പന്നമായ അഴിമതി കൊടുമുടികള്‍ കീഴടക്കുന്നു. കുംഭകോണത്തിന്റെ കുംഭമേളയാണിവിടെ, ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തില്‍ വരെ.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. പെട്രോളിയം കമ്പനികള്‍ക്കു സ്വമേധയാ വിലകൂട്ടാനുള്ള അധികാരവും നല്‍കുന്നു. വളത്തിന്റെ വില വളം കമ്പനികള്‍ക്കും കൂട്ടാം. കുത്തക - ബഹുരാഷ്ട്ര കുത്തകകള്‍ക്കു സുവര്‍ണ്ണാവസരം. വേട്ടയാടപ്പെടുന്നതു ജനസാമാന്യം.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടു രൂപക്ക് അരി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. ഒരു രൂപക്ക് അരിയെന്ന വിപ്ലവകരമായ പരിപാടി യു ഡി എഫ് നടപ്പിലാക്കി. പക്ഷേ അത് 17 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രം! അര്‍ഹതപ്പെട്ട എത്രയോ കുടുംബങ്ങളെയാണ് തട്ടിക്കളഞ്ഞത്. അങ്ങനെയുള്ളവര്‍ ആനുപാതികമായി പിറവത്തുമുണ്ടാവും.

യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടന്‍ ധനകാര്യമന്ത്രി കെ എം മണി ഒരു ബജറ്റ് അവതരിപ്പിച്ചു. എല്‍ ഡി എഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ എല്ലാ ജനക്ഷേമപരിപാടികളും അട്ടിമറിക്കാനാണ് മാണി തയ്യാറായത്. നീണ്ട പോരാട്ടങ്ങളിലൂടെയും ഇടക്കിടെ കൈവന്ന രാഷ്ട്രീയാധികാരത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കടക്കല്‍ കത്തിവക്കാനും മാണി കുരുട്ടുബുദ്ധി പ്രയോഗം നടത്തി.

കര്‍ഷക കടാശ്വാസ കമ്മിഷന്‍ പരണത്തായി. ചരിത്രത്തില്‍ ആദ്യമായി നടപ്പിലാക്കിയ കര്‍ഷകപെന്‍ഷന്‍ മിക്കവാറും നിര്‍ത്തലാക്കി. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ക്ഷേമനിധി ബോര്‍ഡുകളും നോക്കു കുത്തികളായി. എല്ലാ ക്ഷേമപെന്‍ഷനുകളും ഒന്‍പതുമാസത്തിനിടയില്‍ എട്ടുമാസത്തെ കുടിശ്ശികയായി.

പരമ്പരാഗത വ്യവസായ മേഖലയും ആധുനിക വ്യവസായമേഖലയും ഏതാണ്ട് നിശ്ചലാവസ്ഥയിലേക്കു നീങ്ങുന്നു. ഈ നിലയില്‍പോയാല്‍ കേരളം വ്യവസായങ്ങളുടെ ശ്മശാന ഭൂമിയാകാന്‍ ഇനിയും അധികകാലം കാത്തിരിക്കേണ്ടിവരില്ല.

ക്രമസമാധാനനില വഷളാകുന്നു. കുറ്റകൃത്യങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. കുറ്റവാളികള്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. നീതിപാലകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു, നീതിപീഠത്തെ മറികടന്നുകൊണ്ട് കുറ്റവാളികളെ തുറന്നുവിടുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരമ്പരയായി മാറുകയാണ്. ട്രയിനിലോ ബസ്സിലോ യാത്ര ചെയ്യുന്ന സഹോദരിമാര്‍പോലും സുരക്ഷിതരല്ല. സ്ത്രീയുടെ മാനത്തിനു ഒരു വിലയും കല്‍പിക്കാത്ത അവസ്ഥ. വനിതാവാച്ച് ആന്റ് വാര്‍ഡിനേയും പട്ടികജാതിക്കാരനായ മുന്‍മന്ത്രിയേയും പരസ്യമായി അപമാനിച്ച ആള്‍ ചീഫ് വിപ്പായി അരങ്ങുതകര്‍ക്കുന്നു.

നിയമസഭയില്‍ അപമാനകരമായ പ്രകടനം നടത്തിയതും പൊതുവേദിയില്‍ പ്രതിപക്ഷ നേതാവിനെതിരെ ആഭാസകരമായ പരാമര്‍ശം നടത്തിയതും യു ഡി എഫിലെ യുവതാരങ്ങളായ മന്ത്രിമാര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ അഴിമതിയുടേയും അപഥസഞ്ചാരത്തിന്റേയും പേരില്‍ മൂക്കറ്റം ചെളിക്കുണ്ടില്‍.  എല്ലാംകൊണ്ടും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ച്ചതന്നെ ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാരും. കേരളം അതിവേഗം ബഹുദൂരം - പക്ഷേ മുന്നോട്ടല്ല, പിന്നോട്ട് പിന്നോട്ട്!

ഇതൊന്നും പിറവത്തിനു പൊറുക്കാവുന്നതല്ല, രാജ്യത്തിനു തന്നെയും.

ടി പുരുഷോത്തമന്‍ janayugom 010312

1 comment:

  1. ചെറുകിട ഇടത്തരം കര്‍ഷകരുടെ നാടാണ് പിറവം. റബറിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ധാരാളമുണ്ടിവിടെ. റബറിന്റെ വിലമെച്ചപ്പെട്ടത് അവരുടെ ജീവിതത്തേയും മെച്ചപ്പെടുത്തി. നാടിനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി. അങ്ങനെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി പ്രഖ്യാപനം ഇടിത്തീയായിവന്നു വീണത്. ഇറക്കുമതി തീരുവ ഇരുപതു ശതമാനത്തില്‍ നിന്നും ഏഴരശതമാനമായി കുറച്ചുകൊണ്ട് വിദേശത്തുനിന്നും രണ്ടുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നു. അതില്‍ നാല്പതിനായിരം ടണ്‍ വന്നുകഴിഞ്ഞു. അതോടെ റബര്‍ വില താഴോട്ട്. രണ്ടുലക്ഷം ടണ്‍ തല്‍ക്കാലത്തേക്കാണ്, ശേഷം പിന്നാലെ. കൊലച്ചതി എന്നേ ഇതേപ്പറ്റി പറയാനാവൂ. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് ഒരു പ്രതികരണവുമില്ല.

    ReplyDelete