Thursday, October 11, 2012

വടകരയില്‍ എല്‍ഡിഎഫിന് ഉജ്ജ്വലവിജയം


സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടകര നഗരസഭയിലെ ചീനംവീട് വാര്‍ഡില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. ഈ സീറ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 32 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ പി ജിഷ വിജയിച്ചു. ശക്തമായ മല്‍സരമുണ്ടായിരുന്നുവെങ്കിലും എല്‍ഡിഎഫ് ഉജ്ജ്വലവിജയം നേടി. ആര്‍എംപി യുഡിഎഫിനെ പിന്തുണച്ച ഇവിടെ ടിപി ചന്ദ്രശേഖരന്‍ വധം മുന്‍നിര്‍ത്തി സിപിഐ എമ്മിനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് നടന്നത്. ആര്‍എംപിക്കാര്‍ യുഡിഎഫിനൊപ്പം വീടുകള്‍ കയറിയിറങ്ങി വോട്ട് പിടിച്ചെങ്കിലും എല്‍ഡിഎഫ് വാര്‍ഡ് പിടച്ചെടുത്തു.

ആകെ തെരഞ്ഞെടുപ്പ് നടന്ന മുപ്പത് വാര്‍ഡില്‍ എല്‍ഡിഎഫ് പത്തിടത്തും യുഡിഎഫ് പതിനെട്ടിടത്തും വിജയിച്ചു. ഒരിടത്ത് സ്വതന്ത്രനും ഒരു വാര്‍ഡില്‍ ബിജെപിയും ജയിച്ചു. ഭൂരിപക്ഷം വാര്‍ഡുകളിലും ഇരുമുന്നണികളും മുന്‍ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിച്ചു. മൂന്ന് വാര്‍ഡ് വീതം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും മൂന്ന് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു.

തൃശൂര്‍ ജില്ലയില്‍ കൊരട്ടിയിലെ ചിറങ്ങരയില്‍ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താമായി. സിപിഐ എമ്മിലെ ബാബു ജോസഫ് വിജയിച്ചു. 116 വോട്ടാണ് ഭൂരിപക്ഷം. ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.

തിരുവന്തപുരം ജില്ലയിലെ വക്കത്തെ പുത്തന്‍നടയില്‍ എല്‍ഡിഎഫ് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. സിപിഐയിലെ അഭി ഷൈലജാണ് വിജയിച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് 196 വോട്ടിന് ജയിച്ച ഈ വാര്‍ഡില്‍ ഇത്തവണ എല്‍ഡിഎഫ് 120 വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ആകെയുള്ള നാലിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടിടത്ത് യുഡിഎഫും ഒരു സീറ്റില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്. കാരോട് ഗ്രാമപഞ്ചായത്തിലെ ചെങ്കവിളയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി ഹരികുമാര്‍ വിജയിച്ചു. മുമ്പ് കോണ്‍ഗ്രസിലെ പഞ്ചായത്ത് മെമ്പറായിരുന്നു. പിന്നീട് പുറത്തായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഐ സ്ഥനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. അരുവിക്കരയിലെ കാച്ചാണിയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കൃഷ്ണകുമാറാണ് വിജയി. വാമനപുരത്തെ ആനാകുടിയില്‍ കോണ്‍ഗ്രസിലെ ഉഷ വിജയിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് നിലനിര്‍ത്തി.

കോഴിക്കോട് ജില്ലയില്‍ മുക്കത്തെ മുത്തേരിയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐ എമ്മിലെ പ്രശോഭ് കുമാറാണ് വിജയിച്ചത്. താമരശ്ശേരിയിലെ ഈര്‍പ്പോണയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശൈലജ വിജയിച്ചു.

വയനാട് ജില്ലയില്‍ മൂന്നിടത്തും എല്‍ഡിഎഫിനാണ് വിജയം. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. സിപിഐ എമ്മിലെ കെ സിജിത് 385 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വെള്ളമുണ്ടയിലെ കരിങ്ങാരിയില്‍ സിപിഐ എം സ്വതന്ത്രനായി മത്സരിച്ച പി പി ജോര്‍ജ് 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മുട്ടില്‍ കല്ലുവാടിയില്‍ എല്‍ഡിഎഫിലെ കെ എ എല്‍ദോ 53 വോട്ടിന്റെ ഭൂരിപക്ഷം നേടി.

കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. തഴവയിലെ ഗേള്‍സ് ഹൈസ്കൂള്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ഖാലിദ് പൂയപ്പിള്ളിയാണ് വിജയിച്ചത്. സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. ചവറയിലെ ഭരണിക്കാവ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ മനോഹരന്‍ വിജയിച്ചു. സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. പത്മനയിലെ മനയില്‍ വാര്‍ഡില്‍ യുഡിഎഫിലെ ബീനയാണ്് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി ജയിച്ച ഈ വാര്‍ഡ് 9 വോട്ടിനാണ് എല്‍ഡിഎഫിന് നഷ്ടപ്പെട്ടത്. കരുനാഗപ്പള്ളി നഗരസഭയിലെ തറയില്‍മുക്കില്‍ കോണ്‍ഗ്രസിലെ രജനി സതീശനാണ് വിജയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനായിരുന്നു വിജയം.

കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഉദയനാപുരത്തെ ഇരുമ്പൂഴിക്കരയില്‍ ഗിരീഷും നീണ്ടൂരിലെ കുറ്റ്യാനിക്കുളങ്ങരയില്‍ വി കെ പ്രദീപുമാണ് വിജയിച്ചത്.

ഇടുക്കിയില്‍ തൊടുപുഴ നഗരസഭയിലെ മുതലക്കോടത്ത് യുഡിഎഫിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ഷഹന ജാഫര്‍ വിജയിച്ചു. വണ്ടിപ്പെരിയാറിലെ വാളാര്‍ഡി നോര്‍ത്ത് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നളിനാക്ഷന്‍ വിജയിച്ചു.

എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കുഴുപ്പിള്ളിയിലെ ഗവണ്‍മെന്റ് ആശുപത്രി വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു വിജയന്‍ 17 വോട്ടിന് വിജയിച്ചു. ശ്രീമൂലനഗരത്തിലെ എടനാട്, ചൊവ്വര വാര്‍ഡുകളിലും യുഡിഎഫിനാണ് വിജയം. എടനാട് പി വി സെബാസ്റ്റ്യനും ചൊവ്വരയില്‍ വി എം ഷംസുദീനുമാണ് വിജയികള്‍. രണ്ടിടത്തും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡും മുസ്ലീംലീഗ് നിലനിര്‍ത്തി. നെടിയിരുപ്പിലെ കാളോത്ത് പാലക്കല്‍ സെറീന, മക്കരപറമ്പിലെ കോട്ടക്കുന്നില്‍ സുഹ്റാബി കാവുങ്കല്‍, തിരുനാവായയിലെ സൗത്ത്പല്ലാറില്‍ സുര്‍പ്പില്‍ മുഹമ്മദ് കുട്ടി എന്നിവരാണ് വിജയികള്‍.

കണ്ണൂര്‍ ചൊക്ലിയിലെ നിടുമ്പ്രം-വയലില്‍പീടിക എല്‍ഡിഎഫ് വിജയിച്ചു. വേങ്ങാട്ടെ തട്ടാരിയിലും മാടായിയിലെ വാടിക്കല്‍കടവിലും പള്ളിക്കുന്നിലെ മണല്‍ വാര്‍ഡിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി.

കാസര്‍കോട് കുംബഡാജെയിലെ ഏത്തടുക്കയില്‍ ബിജെപി സ്ഥാനാര്‍ഥി ശൈലജഭട്ട് വിജയിച്ചു.

deshabhimani

1 comment:

  1. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടകര നഗരസഭയിലെ ചീനംവീട് വാര്‍ഡില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. ഈ സീറ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 32 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ പി ജിഷ വിജയിച്ചു. ശക്തമായ മല്‍സരമുണ്ടായിരുന്നുവെങ്കിലും എല്‍ഡിഎഫ് ഉജ്ജ്വലവിജയം നേടി. ആര്‍എംപി യുഡിഎഫിനെ പിന്തുണച്ച ഇവിടെ ടിപി ചന്ദ്രശേഖരന്‍ വധം മുന്‍നിര്‍ത്തി സിപിഐ എമ്മിനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് നടന്നത്. ആര്‍എംപിക്കാര്‍ യുഡിഎഫിനൊപ്പം വീടുകള്‍ കയറിയിറങ്ങി വോട്ട് പിടിച്ചെങ്കിലും എല്‍ഡിഎഫ് വാര്‍ഡ് പിടച്ചെടുത്തു.

    ReplyDelete