Monday, March 11, 2013

സംസ്ഥാനത്ത് 10,000 സൗരോര്‍ജപ്ലാന്റ് വരുന്നു


വൈദ്യുതി പ്രതിസന്ധിക്ക് ചെറിയൊരളവ് പരിഹാരം കാണാന്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളില്‍ പതിനായിരം സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കും. ഏജന്‍സി ഫോര്‍ നോണ്‍കണ്‍വന്‍ഷനല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി (അനെര്‍ട്ട്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിപുലമായ സൗരോര്‍ജ ക്യാമ്പയിനിന്റെ ഭാഗമാണ് നടപ്പുസാമ്പത്തിക വര്‍ഷം പതിനായിരം റൂഫ് ടോപ് പ്ലാന്റുകള്‍ തുടങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി ലഭ്യമാകുന്ന പദ്ധതിയില്‍ ഇതിനകം 6250 പേര്‍ക്ക് സബ്സിഡി അനുവദിച്ചു. മറ്റുള്ളവര്‍ക്കും താമസിയാതെ അനുവദിക്കും. അംഗീകൃത കമ്പനിക്കാര്‍ മുഖേന സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് അനെര്‍ട്ട് വക്താവ് അറിയിച്ചു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സൗരോര്‍ജ യൂണിറ്റുകള്‍ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലിന് ഒരു കിലോവാട്ട് ഇന്‍വെര്‍ട്ടര്‍, 600 ആംപിയര്‍ ശേഷിയുള്ള ബാറ്ററി, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഉണ്ടാവണം. വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 1.77 ലക്ഷം രൂപ മുതല്‍ 2.2 ലക്ഷം വരെയാണ് ഒരു കിലോവാട്ട് ശേഷിയുള്ള യൂണിറ്റിന്് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 30 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. 39,000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി. സബ്സിഡി കഴിച്ചാല്‍ 77,000 രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് സംരംഭകന് ചെലവ്. ഗുണനിലവാരം ഉറപ്പുവരുത്തി സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 15 കമ്പനികളെയാണ് അനെര്‍ട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. സബ്സിഡിക്കുള്ള സഹായം അനെര്‍ട്ട് നിര്‍വഹിക്കും.

 കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സബ്സിഡി പ്രഖ്യാപിച്ചെങ്കിലും കമ്പനികളെ തെരഞ്ഞെടുക്കലുള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ വൈകിയത്. ഒരു കിലോവാട്ട് സോളാര്‍ യൂണിറ്റില്‍നിന്ന് 4-5 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാവും. എത്ര കുറഞ്ഞാലും പ്രതിമാസം ശരാശരി 100 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. പകല്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച് രാത്രി ഉപയോഗിക്കാം. 40,000 രൂപയോളം വില വരുന്ന ബാറ്ററികള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധി. കെട്ടിടങ്ങള്‍ക്കുമുകളില്‍ 1500 ചതുരശ്ര അടി വസ്തീര്‍ണമുള്ള സ്ഥലത്ത് 10 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. സൂര്യപ്രകാശം, കാറ്റ്, തിരമാല, ജൈവവസ്തുക്കള്‍ തുടങ്ങിയവ കേരളത്തിന്റെ സ്വന്തമായ ഊര്‍ജസ്രോതസ്സുകളായി മാറേണ്ടതുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും അനെര്‍ട്ട് മുന്‍ ഡയറക്ടറുമായ ഡോ. ആര്‍ വി ജി മേനോന്‍ ദേശാഭിമാനിയോട് പറഞ്ഞു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് അല്‍പ്പം ചെലവ് കൂടുതല്‍ വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ 25 ലക്ഷത്തോളം വീടുകളില്‍ ഇന്‍വെര്‍ട്ടറുകളുണ്ട്. 35,000 രൂപയോളം ഇതിന് ചെലവ് വരുന്നു. ഇതിലൂടെ സംഭരിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടേതുതന്നെയാണ്. എന്നാല്‍ സോളാര്‍ പ്ലാന്റുകള്‍ വഴി സംഭരിക്കുന്നത് ബദല്‍ ഉല്‍പ്പാദനം വഴിയാണ്. അതിനാല്‍ സൗരോര്‍ജ ഉല്‍പ്പാദനസംരംഭങ്ങളെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ആര്‍ വി ജി പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 110313

No comments:

Post a Comment