Monday, March 11, 2013

ജീവിതം ജയിക്കാന്‍ മബ്റൂറയും മസ്റൂറയും ഇന്ന് പരീക്ഷയെഴുതും


കോഴിക്കോട്: ജീവിതത്തിന്റെ അഗ്നിപരീക്ഷണങ്ങള്‍ക്കിടയില്‍ ഇരട്ടകളായ മബ്റൂറയും മസ്റൂറയും തിങ്കളാഴ്ച കൂട്ടുകാരോടൊപ്പം എസ്എസ്എല്‍സി പരീക്ഷയെഴുതും. കേള്‍ക്കാനും പറയാനും കഴിയാത്ത ഈ മിടുക്കികള്‍ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളില്‍ ഞായറാഴ്ച അവസാനവട്ട ഒരുക്കത്തിലായിരുന്നു. ഇവിടുത്തെ 17 കൂട്ടുകാരും തിങ്കളാഴ്ച പരീക്ഷയെഴുതും. തലക്കുളത്തൂര്‍ പുറക്കാട്ടിരി തബുറാക്ക് വീട്ടില്‍ മുഹമ്മദലിയുടെയും ആയിഷാബിയുടെയും മക്കളാണ് മബ്റൂറയും മസ്റൂറയും. എല്‍കെജിയിലും യുകെജിയിലും കരുണയിലായിരുന്നു അറിവിന്റെ ആദ്യാക്ഷരം നുണഞ്ഞത്. പിന്നീട് വിവിധ സ്കൂളുകളില്‍ പഠിച്ചെങ്കിലും അവിടെയൊന്നും ഇരുവര്‍ക്കും വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായില്ല. എട്ടാം ക്ലാസിലെത്തിയപ്പോള്‍ വീണ്ടും കരുണയിലേക്ക് മാറാന്‍ ഇരുവരും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കരുണയിലെ മികച്ച വിദ്യാര്‍ഥികളാണിന്നവര്‍.

രാവിലെ നാലരക്ക് എഴുന്നേറ്റ് സഹപാഠികള്‍ക്കൊപ്പം പഠനം തുടങ്ങും. കണക്കും മലയാളവും ശാസ്ത്രവും ആവര്‍ത്തിച്ച് പഠിച്ച് ജീവിതം കണക്കുകൂട്ടിയെടുക്കാനാണ് ഇരുവരുടെയും പരിശ്രമം. ജീവിതത്തില്‍ വിജയിക്കണമെന്ന ഒറ്റ ആഗ്രഹമേ ഇവരുടെ സഹപാഠികളായ മറ്റ് 15 പേര്‍ക്കുമുള്ളൂ. ജന്മനാ ബധിരതയും മൂകതയും പേറുന്ന നാളുകള്‍ക്ക് അറിവിന്റെ ചക്രവാളം നവജീവന്‍ പകരുമെന്ന ആത്മവിശ്വാസമാണ് എല്ലാവരുടെയും മുഖത്ത്. ആംഗ്യഭാഷക്ക് പൂര്‍ണവിരാമമിട്ട് ചുണ്ടുകളുടെ ചലനങ്ങളിലൂടെയാണ് ഇവര്‍ അക്ഷരം പെറുക്കിയെടുക്കുന്നത്. ഇവ വടിവൊത്ത അക്ഷരങ്ങളില്‍ നോട്ടുബുക്കുകളില്‍ ചേര്‍ത്തുവെക്കും. എസ്സിആര്‍ടി സിലബസിലാണ് ഇവര്‍ക്കും പരീക്ഷ. ചോദ്യപേപ്പര്‍ പ്രത്യേകം തയ്യാറാക്കുന്നവയാണ്. എട്ട് വിഷയങ്ങള്‍ മാത്രമേയുള്ളൂ. മലയാളം, ഇംഗ്ലീഷ് രണ്ടാം പേപ്പറുകള്‍ ഇല്ല. ഹിന്ദിക്ക് പകരം തയ്യലാണ്. അതും പ്രാക്ടിക്കല്‍. ഇഷ്ടവിഷയമായ കണക്കിന് തൊണ്ണൂറ് ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ പരീക്ഷകളില്‍ ഇവര്‍ നേടിയ മാര്‍ക്ക്. ഐടിയില്‍ എല്ലാവരും ബഹുദൂരം മുന്നില്‍. അഞ്ച് അധ്യാപകര്‍ ഈ കുട്ടികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതായി മലയാളം അധ്യാപിക സ്വപ്ന പറഞ്ഞു. പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി രാത്രികാല ക്ലാസുകളും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പച്ചതായും അവര്‍ പറഞ്ഞു.
(മിഥുന്‍ കൃഷ്ണ)

deshabhimani 110313

No comments:

Post a Comment