Saturday, March 2, 2013

മദ്യവില കൂട്ടല്‍: കമ്പനികള്‍ക്ക് 200 കോടി; പകുതി കമീഷന്‍


വിദേശമദ്യത്തിന്റെ മൊത്തവില കൂട്ടുന്നതുവഴി മദ്യക്കമ്പനികള്‍ക്ക് ലഭിക്കുന്നത് 200 കോടി രൂപയുടെ അധിക വരുമാനം. 10 ശതമാനംവരെ മൊത്തവില കൂട്ടാനുള്ള നീക്കത്തെ എതിര്‍ത്ത ബിവറേജസ് കോര്‍പറേഷന്‍ എംഡി എസ് ജോഗേഷിനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് മദ്യക്കമ്പനികള്‍ നിവേദനം നല്‍കി. വിലകൂട്ടാന്‍ അന്തിമതീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ക്കാനും നിര്‍ദേശം. ബിവറേജസ് കോര്‍പറേഷന്‍ വാങ്ങുന്ന മദ്യത്തിന് പത്തു ശതമാനം വില കൂട്ടി നല്‍കാന്‍ ഇടനിലക്കാര്‍വഴിയാണ് മദ്യക്കമ്പനികളുമായി എക്സൈസ് വകുപ്പ് ഉന്നതര്‍ രഹസ്യധാരണയുണ്ടാക്കിയത്. അധിക വരുമാനത്തിന്റെ പകുതി കമീഷനായി നല്‍കാമെന്നാണ് കമ്പനികളുടെ വാഗ്ദാനം.

2013-14ല്‍ കേരളത്തില്‍ 2000 കോടിയുടെ വിറ്റുവരവാണ് മദ്യക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. നടപ്പുസാമ്പത്തികവര്‍ഷം ജനുവരിവരെ 1600 കോടിയില്‍പ്പരം രൂപയുടെ മദ്യം കോര്‍പറേഷന്‍ വാങ്ങി. മാര്‍ച്ചോടെ ഇത് 1800 കോടിയിലെത്തും. 2011-12ല്‍ 1330 കോടിയാണ് ബിവറേജസ് കോര്‍പറേഷന്‍ കമ്പനികള്‍ക്ക് നല്‍കിയത്. 2010-11ല്‍ ഇത് 1169.11 കോടിയായിരുന്നു. വിവിധ നികുതിയിനത്തില്‍ 2011-12ല്‍ കോര്‍പറേഷന്‍ 6352.56 കോടി രൂപ സര്‍ക്കാരിനു നല്‍കി. 2010-11ല്‍ 5232.53 കോടിയും 2012-13 നവംബര്‍വരെ 4597.72 കോടിയും സര്‍ക്കാരില്‍ അടച്ചു. നടപ്പുവര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 7000 കോടി കവിയാനാണ് സാധ്യത. കമ്പനികളില്‍നിന്നു വാങ്ങുന്ന മദ്യം ഏഴിരട്ടി വിലകൂട്ടിയാണ് കോര്‍പറേഷന്‍ വില്‍ക്കുന്നത്. നിര്‍മാതാക്കള്‍ക്ക് നല്‍കുന്ന തുകയും കോര്‍പറേഷന്റെ ലാഭവും കഴിച്ചുള്ള തുക സര്‍ക്കാരിന് ലഭിക്കും. മൊത്തവില കൂട്ടിയാല്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്ന വാദമാണ് എക്സൈസ് ഉന്നയിക്കുന്നത്. ഇതിന്റെ മറവില്‍ കമ്പനികള്‍ക്ക് വില കൂട്ടിക്കൊടുക്കാനാണ് നീക്കം.

ബിവറേജസ് കോര്‍പറേഷന്‍ 61 കമ്പനിയില്‍നിന്ന് മദ്യവും 17 പേരില്‍നിന്ന് ബിയറും 12 കമ്പനിയില്‍നിന്ന് വൈനും വാങ്ങുന്നുണ്ട്. എന്നാല്‍, കോര്‍പറേഷന്‍ വിറ്റഴിക്കുന്നതില്‍ ഏറിയ പങ്കും നല്‍കുന്നത് മദ്യരാജാവ് വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പാണ്. വില കൂട്ടാന്‍ ധാരണയുണ്ടാക്കിയത് ഈ കമ്പനി മുന്‍കൈ എടുത്താണ്. ദുബായിലെ ചില വ്യവസായ പ്രമുഖരും ഈ നീക്കത്തിനു പിന്നിലുണ്ട്. 2012 ആഗസ്തില്‍ മദ്യത്തിന്റെ വാങ്ങല്‍വില ആറു ശതമാനം കൂട്ടിയിരുന്നു. എട്ടു മാസത്തിനുള്ളില്‍ വീണ്ടും വില വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് കോര്‍പറേഷന്‍ എംഡി കമ്പനികളെ അറിയിച്ചിട്ടുണ്ട്. വിലവര്‍ധനയ്ക്ക് കമ്പനികള്‍ നിരത്തുന്ന വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതാണ് കമ്പനികളെ പ്രകോപിപ്പിച്ചത്. വിജിലന്‍സ് എസ്പിയായിരുന്ന എസ് ജോഗേഷ് 2012 സെപ്തംബറിലാണ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയായി ചുമതലയേറ്റത്. എംഡിയെ മാറ്റാന്‍മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി.
(കെ ശ്രീകണ്ഠന്‍)

deshabhimani

No comments:

Post a Comment