Friday, March 1, 2013

വഷളന്മാര്‍ക്ക് എന്തും ചെയ്യാം


പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിപ്രവരന്മാരെ വഷളന്മാരെന്ന് വിളിച്ച് "ആദരിക്കാമോ" എന്ന സംശയം യാഥാര്‍ഥ്യബോധമുള്ളവരുടെ മനസ്സിലുണ്ടാകാന്‍ ഇടയില്ല. മലയാളഭാഷയില്‍ പ്രയോഗിക്കാന്‍ കഴിയുന്ന തനി "വെജിറ്റേറിയന്‍" പദം മാത്രമാണിത്. അതിലും വലിയ "ബഹുമതി"ക്ക് അര്‍ഹരാണ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന് അവര്‍ സ്വന്തം ചെയ്തികൊണ്ട് പലതവണ തെളിയിച്ചു. അതിലേറ്റവും ഒടുവിലത്തേതാണ് തലശേരി കോടതിയില്‍ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കും വേണ്ടി കേസ് വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ കെട്ടിച്ചമച്ച കള്ളക്കേസ്.

സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ ടി വി രാജേഷ് എംഎല്‍എയ്ക്കും വേണ്ടി കേസ് വാദിക്കുന്നത് കുറ്റകൃത്യമാണെന്നാണോ ഇവര്‍ കരുതുന്നത്? അടിയന്തരാവസ്ഥക്കാലത്ത് ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഭാഷകരായ എം കെ ദാമോദരന്‍, കുഞ്ഞനന്തന്‍നായര്‍, കെ ഇ ഗംഗാധരന്‍ തുടങ്ങി പലരും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. കോടതിയില്‍ കേസ് വാദിച്ചതിന്റെ പേരിലാണ് മിസ തടവുകാരായി ഇവരെയൊക്കെ ജയിലിലടച്ചത്.

കേരളത്തിലിപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നതിന് ഉദാഹരണമാണ് അഭിഭാഷകനെതിരായ കള്ളക്കേസ്. ഷുക്കൂര്‍, ഫസല്‍, ചന്ദ്രശേഖരന്‍ വധക്കേസുകള്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാനുള്ള ആയുധമാക്കി യുഡിഎഫ് സര്‍ക്കാരും അവരുടെ കുഴലൂത്തുകാരായ ചില മാധ്യമങ്ങളും കഴിഞ്ഞ ഒരുവര്‍ഷമായി ആഘോഷിക്കുകയാണ്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷും ചെയ്തതായി പറയുന്ന കുറ്റം സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു വി വേണു മൊബൈല്‍ഫോണില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദേശം കൊടുക്കുന്നത് കേട്ടിട്ടും പൊലീസിന് വിവരം നല്‍കിയില്ലെന്നാണത്രേ. അത്തരം കാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയ്ക്ക് വിടാം. വേണു ഫോണില്‍ നിര്‍ദേശം നല്‍കുന്നത് ജയരാജനും രാജേഷും കേട്ടു എന്ന് സാക്ഷ്യപ്പെടുത്താനാണ് മുസ്ലിംലീഗ് പ്രവര്‍ത്തകരായ പി പി അബു, മുഹമ്മദ് സാബിര്‍ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ രണ്ടുപേരും അറിയപ്പെടുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍മാത്രമല്ല, ലീഗിലെ ഉന്നതരുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍കൂടിയാണ്. ജോലിയില്‍ സ്ഥിരപ്പെടുത്തേണ്ടത് ഈ നേതാക്കളാണ്. അതുകൊണ്ടുതന്നെ ലീഗ് നേതാക്കളോട് വിധേയത്വമുള്ളവരുമാണ്. ഇവരെ സാക്ഷിയാക്കുമ്പോള്‍ അതിബുദ്ധിശാലികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു കാര്യം ശ്രദ്ധിക്കാതെ പോയി. അതിപ്പോള്‍ കോടതിയുടെ പരിഗണനയില്‍ എത്തിയിരിക്കുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വേണു "ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം കൊടുക്കുന്നത്" കേട്ട് പൊലീസിനെ അറിയിക്കാതിരുന്ന ജയരാജന്‍ ചെയ്തത് 118-ാംവകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണെങ്കില്‍, അതേകുറ്റം ചെയ്തവരാണല്ലോ അബുവും സാബിറും എന്നതാണ് ആ വിഷയം. ഈ സാക്ഷികള്‍ക്കെതിരെയും അതേവകുപ്പനുസരിച്ച് കേസെടുത്ത് അറസ്റ്റുചെയ്യേണ്ടതാണല്ലോ. മുസ്ലിംലീഗുകാരനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടിട്ടും ആരെയും അറിയിക്കാതെ ദീര്‍ഘകാലം മൗനം അവലംബിച്ച രണ്ട് സാക്ഷികളും കുറ്റക്കാരല്ലെന്ന് തുല്യനീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്. അബുവും സാബിറും പൊലീസിന് മൊഴിനല്‍കുന്നത് മെയ് 16നാണ്. ഇവരുടെ മൊഴി കളവാണെന്ന് അറിയാവുന്ന സത്യവിശ്വാസികളായ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം പൊട്ടിപ്പുറപ്പെടാനിടയായി. സത്യവിശ്വാസികള്‍ക്ക് മനസ്സാക്ഷി എന്നതുണ്ട്. മനസ്സാക്ഷിയുടെ പ്രേരണമൂലമാകാം അബുവും സാബിറും തളിപ്പറമ്പ് മുന്‍സിഫിന്റെ മുമ്പില്‍ സത്യം ഏറ്റുപറഞ്ഞത്. അവര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലോ സമീപത്തോ പോയിട്ടില്ലെന്നും വേണു ഫോണ്‍ചെയ്യുന്നതും ജയരാജന്‍ ഫോണ്‍സന്ദേശം കേള്‍ക്കുന്നതും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയാണ് മൊഴി മാറ്റുന്നതെന്ന് അബു കോടതിയില്‍ പറഞ്ഞിട്ടില്ല. മൊഴി മാറ്റിയ വിവരം എല്ലാ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്നതാണ്. രണ്ടു ദിവസം കഴിഞ്ഞിട്ടും സാക്ഷികളെ തട്ടിക്കൊണ്ടുപോയെന്നോ നിര്‍ബന്ധിച്ചും സമ്മര്‍ദം ചെലുത്തിയും മൊഴി മാറ്റിയെന്നോ പരാതിയുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയതായി പ്രഖ്യാപനമുണ്ടാവുകയും ചെയ്തു. ഇതുമൂലമാണ് ലീഗ് നേതാക്കള്‍ അങ്കലാപ്പിലായത്. ലീഗ് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും ബഹളവുമായി. തര്‍ക്കം ലീഗ് ഓഫീസിനകത്തുനിന്ന് തളിപ്പറമ്പ് തെരുവിലെത്തി. ലീഗ് നേതാക്കള്‍തന്നെയാണ് മൊഴി മാറ്റിച്ചതെന്ന് അതേപാര്‍ടിയില്‍പ്പെട്ടവര്‍ പരസ്യമായി പറഞ്ഞു. ആറ് ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്താക്കാന്‍ ശുപാര്‍ശചെയ്തു.

പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധമുണ്ടായി. മൂന്ന് ലീഗ് നേതാക്കള്‍ പൊലീസ് സംരക്ഷണം തേടി കോടതിയിലെത്തുകയും താല്‍ക്കാലിക സംരക്ഷണം അനുവദിക്കുകയും ചെയ്തു. ഇതൊക്കെ സംഭവിച്ചിട്ടും സിപിഐ എം നേതാക്കളാണ് മൊഴി മാറ്റിച്ചതെന്ന് പറയാന്‍ അസാധാരണമായ തൊലിക്കട്ടി വേണം. രണ്ട് സാക്ഷികളും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് സംസ്ഥാന മന്ത്രിതന്നെ പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ അഭിഭാഷകനെതിരെ ജാമ്യംകിട്ടാത്ത വകുപ്പുപയോഗിച്ച് കേസ് ചാര്‍ജ് ചെയ്യുന്നത് നിന്ദ്യവും നീചവും ധിക്കാരപരവുമായ നടപടിയാണ്; നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. അത് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല. വഷളത്തരത്തിനും വേണം ഒരതിര്.

deshabhimani editorial 020313

No comments:

Post a Comment