കേരള ക്രിക്കറ്റ് അസോസിയേഷന് തൊടുപുഴ മണക്കാട് പഞ്ചായത്തില്‍ നിയമം ലംഘിച്ച് വയല്‍ നികത്തി സ്റ്റേഡിയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തെന്ന ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ് സോമന്‍ 23ന് പരിഗണിക്കും. കാസര്‍കോട് നീലേശ്വരം സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി ഹരീഷാണ് ഹര്‍ജിക്കാരന്‍. മന്ത്രി പി ജെ ജോസഫ്, കെസിഎ സെക്രട്ടറി ടി സി മാത്യു എന്നിവരാണ് മറ്റു എതിര്‍കക്ഷികള്‍. വയല്‍ നികത്താനുള്ള നീക്കത്തിന് ഉമ്മന്‍ചാണ്ടിയും പി ജെ ജോസഫും പിന്തുണ നല്‍കിയെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ കെസിഎ വാങ്ങിയ പത്തേക്കറില്‍ നാലേക്കര്‍ നെല്‍വയലായിരുന്നു. ഇത് മണ്ണിട്ടു നികത്താന്‍ അനുമതി ആവശ്യപ്പെട്ട് നെല്‍വയല്‍ തണ്ണീര്‍ത്തട കമീഷന് കെസിഎ അപേക്ഷ നല്‍കുകയും കുറെ സ്ഥലം നികത്തുകയുംചെയ്തു. തണ്ണീര്‍ത്തട നിയമത്തിലെ "പൊതു ആവശ്യം" എന്ന നിര്‍വചനത്തില്‍പ്പെടുത്തി വയല്‍ നികത്താന്‍ അനുവദിക്കണമെന്ന ആവശ്യം കമീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കെസിഎ സെക്രട്ടറി, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി ജെ ജോസഫ് മുഖേന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വയല്‍ നികത്താനുള്ള അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുഖ്യമന്ത്രിക്ക് മന്ത്രി കുറിപ്പും അയച്ചു. ഇത് മുഖ്യമന്ത്രി ഒപ്പിട്ട് കൃഷിവകുപ്പിന് കൈമാറി. നിലം നികത്തല്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ വീണ്ടും ഫയലില്‍ കുറിച്ചു. അതുവരെയുള്ള നടപടി വിശദീകരിച്ച് മന്ത്രി കെ പി മോഹനന്‍കൂടി ഒപ്പിട്ട സര്‍ക്കുലര്‍ മുഖ്യമന്ത്രിക്ക് നല്‍കി. എന്നാല്‍, ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമം മുഖ്യമന്ത്രി അവഗണിച്ചതായും നിയമവിരുദ്ധമായി കെസിഎയെ സഹായിച്ചെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
ടി ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
കോട്ടയം: ആറന്മുള വിമാനത്താവള നിര്‍മാണത്തിനുള്ള ഭൂമി വ്യവസായമേഖലയായി പ്രഖ്യാപിക്കാന്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന പരാതിയില്‍ വ്യവസായവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കെജിഎസ് ഗ്രൂപ്പ് സിഇഒ ടി പി നന്ദകുമാര്‍, വ്യവസായവകുപ്പ് ജോയിന്റ് സെക്രട്ടറി കെ സി വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചു. കെജിഎസ് ഗ്രൂപ്പിനു വേണ്ടി ആറന്മുളയിലെ നൂറ്റമ്പതേക്കര്‍ സ്ഥലം നിയമവിരുദ്ധമായി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു,മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു, ഫയലില്‍ കൃത്രിമം കാണിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. ആറന്മുള സ്വദേശി ശ്രീരംഗനാഥനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആരോപണങ്ങളില്‍ അന്വേഷണം നടത്തി മെയ് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടറോട് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ് സോമന്‍ ഉത്തരവിട്ടത്. ഭൂമിയിടപാടിന് ഇടനില നിന്നതു സംബന്ധിച്ചാണ് നന്ദകുമാറിനെതിരായ ആരോപണം. ഹര്‍ജിയില്‍ മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെ രണ്ടാം കക്ഷിയാക്കിയിരുന്നു. എന്നാല്‍, അദ്ദേഹം ക്രമക്കേടിന് കൂട്ടുനിന്നിട്ടില്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നിരീക്ഷിച്ചു. ഭൂമി സംബന്ധിച്ച യഥാര്‍ഥവിവരം മറച്ചുവച്ച ഉദ്യോഗസ്ഥര്‍ മന്ത്രിസഭായോഗത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി നിരീക്ഷിച്ചു. ഇതേ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന ബേബി ചാള്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. നിയമം ലംഘിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്വഭാവദൂഷ്യമുളളതായി കണ്ടെത്താനായില്ലെന്നും പറഞ്ഞിരുന്നു. പുതിയ അന്വേഷണ സംഘത്തില്‍ ഈ അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മന്ത്രി അനൂപിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
തൃശൂര്‍: വ്യാജ ആധാരം ചമച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്തതിന് സസ്പെന്‍ഷനിലായ സബ്രജിസ്ട്രാറെ അനധികൃത ഇടപെടലിലൂടെ തിരിച്ചെടുത്തുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ജൂണ്‍ 26നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ-രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്കേസില്‍ മൂന്നാംതവണയാണ് അനൂപ് അന്വേഷണം നേരിടുന്നത്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരാണ് കേസില്‍ ഒന്നാംപ്രതി. എട്ടാംപ്രതിയാണ് മന്ത്രി. രജിസ്ട്രേഷന്‍ വകുപ്പ് ഐജി സി രഘു, ഉള്ളിയ്ക്കല്‍ സബ്രജിസ്ട്രാര്‍ എ ദാമോദരന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ദാമോദരന്‍ സര്‍വീസില്‍നിന്ന് വ്യാഴാഴ്ച വിരമിക്കാനിരിക്കുകയാണ്.
2003 നവംബറില്‍, മരണക്കിടക്കയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിനി ഉച്ചിരിയമ്മയുടെ ഭൂമി, വന്‍തുക കൈക്കൂലി വാങ്ങി രണ്ട് വ്യാജ ആധാരമുണ്ടാക്കി നീലേശ്വരം സബ്രജിസ്ട്രാറായിരുന്ന ദാമോദരന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. ഉച്ചിരിയമ്മയുടെ മരണശേഷം സ്വത്ത് ഭാഗം വച്ചപ്പോള്‍ അപാകം തോന്നിയ മൂത്തമകന്‍ രാമകൃഷ്ണന്‍ രജിസ്ട്രേഷന്‍ വകുപ്പിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് ആധാരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. 2012 മാര്‍ച്ചില്‍ രജിസ്ട്രേഷന്‍ ഐജി കെ ആര്‍ ദേവാനന്ദ് ദാമോദരനെ സസ്പെന്‍ഡ് ചെയ്തു. ആധാരങ്ങള്‍ റദ്ദാക്കി. എന്നാല്‍, മന്ത്രി അനൂപ് ഇടപെട്ട് ദേവാനന്ദിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. ദാമോദരന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഉള്ളിക്കല്‍ സബ്രജിസ്ട്രാറായി തിരിച്ചെടുത്തു. ജോണി നെല്ലൂര്‍ മന്ത്രിയെക്കൊണ്ട് അനധികൃത ഇടപെടല്‍ നടത്തിക്കുകയായിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബേബിച്ചന്‍ മുക്കാടന്‍ ഹര്‍ജി നല്‍കിയത്. ഭക്ഷ്യ-
രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്ക് അനൂപിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി രണ്ടു കേസില്‍ നേരത്തേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദ്യകേസില്‍ ജനുവരി പത്തിനാണ് ഉത്തരവിട്ടത്. ഇതില്‍ ഏപ്രില്‍ 17ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഭക്ഷ്യവകുപ്പിലെ അഴിമതിയാണ് അന്വേഷണത്തിന് ആധാരം. രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതിയിലൂടെ പൊതുഖജനാവിന് ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ്. ഫെബ്രുവരി രണ്ടിനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
deshabhimani 020313
No comments:
Post a Comment