Tuesday, March 5, 2013

ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ മണ്ണില്‍ വടക്കന്‍ജാഥയ്ക്ക് ഉജ്വലതുടക്കം


അമൃത്സര്‍: ബ്രിട്ടീഷ്വാഴ്ചയ്ക്കെതിരെ ജീവരക്തം കൊണ്ട് പൊരുതിയ ജാലിയന്‍വാലാബാഗിലെ ധീരരക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എം വടക്കന്‍ മേഖലാ സമരസന്ദേശജാഥയ്ക്ക് ഉജ്വല തുടക്കം. പഞ്ചാബിലെ ചരിത്രനഗരമായ അമൃത്സറിലെ ജാലിയന്‍വാലാബാഗ് രക്തസാക്ഷിസ്മാരകത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവിന്ദര്‍സിങ്ജോഷ്, ജാഥാക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് രക്തപതാക കൈമാറിയതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹനന്‍മുള്ള, സുനീത് ചോപ്ര, ഇന്ദ്രജിത്സിങ് എന്നിവരാണ് ജാഥാംഗങ്ങള്‍. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് വൃന്ദ കാരാട്ട് പുഷ്പചക്രം അര്‍പ്പിച്ചശേഷമായിരുന്നു ജാഥയുടെ ഫ്ളാഗ് ഓഫ്. സിപിഐ എം ജമ്മു മേഖലാ സെക്രട്ടറി ശ്യാംപ്രസാദ് കേസര്‍ നയിച്ച ജമ്മു ഉപജാഥ നേരത്തെ വടക്കന്‍ ജാഥയുമായി അമൃത്സറില്‍ സംഗമിച്ചിരുന്നു. ജാഥ തിങ്കളാഴ്ച 80 കിലോമീറ്റര്‍ സഞ്ചരിച്ച് ജലന്ധറില്‍ സമാപിച്ചു. അതേസമയം, തെക്കന്‍-കിഴക്കന്‍ മേഖലാ ജാഥകള്‍ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി മുന്നേറുകയാണ്. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ ജാഥയെ ആന്ധ്രപ്രദേശില്‍ വന്‍ജനാവലിയാണ് വരവേല്‍ക്കുന്നത്. ഗുണ്ടക്കലില്‍ നിന്നാരംഭിച്ച് അദോനിയിലെ സ്വീകരണമേറ്റുവാങ്ങി രാത്രി കര്‍ണൂലില്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥയ്ക്ക് ജാര്‍ഖണ്ഡിലെ വിവിധ കേന്ദ്രങ്ങളിലെ ആദിവാസി-തൊഴിലാളി മേഖലകളില്‍ വന്‍സ്വീകരണങ്ങള്‍ ലഭിച്ചു.

രാംഗഡ്, ഹസാരിബാഗ് എന്നിവിടങ്ങളില്‍ ഖനിത്തൊഴിലാളികളുമായി ജാഥാംഗങ്ങള്‍ സംവദിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ തങ്ങളുടെ ദുരിതങ്ങള്‍ നേതാക്കളുമായി പങ്കുവച്ചു. ജാഥ തിങ്കളാഴ്ച കൊദേര്‍മയില്‍ സമാപിച്ചു. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തുല്യമാണെന്നും ബിജെപിക്ക് ഒരിക്കലും കോണ്‍ഗ്രസിനു ബദലാകാന്‍ കഴിയില്ലെന്നും പ്രകാശ് കാരാട്ട് കൊദേര്‍മയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബദല്‍ തങ്ങളാണെന്ന് അവകാശപ്പെട്ട ബിജെപി ഗുജറാത്ത് മാതൃക രാജ്യത്താകെ ഉയര്‍ത്തിക്കാട്ടുമെന്നാണ് ദേശീയ നിര്‍വാഹകസമിതിയില്‍ വ്യക്തമാക്കിയത്. കോര്‍പറേറ്റുകള്‍ക്ക് പരിധികളില്ലാത്ത സഹായം നല്‍കുന്നതാണ് ഗുജറാത്ത് മാതൃക. അംബാനിമാരും അദാനിമാരും മാത്രമാണ് ഈ മാതൃകയെ വാഴ്ത്തുന്നത്. എല്ലാത്തിലുമുപരി അതിനികൃഷ്ടമായ വംശഹത്യ നടന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്- കാരാട്ട് പറഞ്ഞു.

deshabhimani 050313

No comments:

Post a Comment