Tuesday, March 1, 2011

റേഷന്‍ അഴിമതി: അടൂര്‍ പ്രകാശിന് കുറ്റപത്രം

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരുന്ന അടൂര്‍പ്രകാശിനെതിരെ അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി മുമ്പാകെയാണ് വിജിലന്‍സ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശിനെ കൂടാതെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും കുറ്റപത്രം നല്‍കി. കോഴിക്കോട് ജില്ലാ സപ്ളൈ ഓഫീസറായിരുന്ന ഒ സുബ്രഹ്മണ്യന്‍, താലൂക്ക് സപ്ളൈ ഓഫീസറായിരുന്ന ടി ആര്‍ സഹദേവന്‍, അഴിമതിയിലൂടെ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ സമ്പാദിച്ച മലപ്പുറം ഊരകം സ്വദേശി കെ പി സമീര്‍ നവാസ് എന്നിവരും പ്രതികളാണ്. കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹിമാനാണ് കേസിലെ ഒന്നാം സാക്ഷി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അടൂര്‍ പ്രകാശ് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അനുവദിച്ചെന്നാണ് കേസ്. കോഴിക്കോട്ടെ ഓമശേരിയില്‍ ഡിപ്പോ അനുവദിച്ചു കിട്ടാന്‍ എന്‍ കെ അബ്ദുറഹിമാനോട് 30 ലക്ഷം രൂപ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കൈക്കൂലി ചോദിച്ചു. പണം കൊടുക്കാത്തതിനാല്‍ അര്‍ഹനായ അബ്ദുറഹിമാന്റെ അപേക്ഷ തള്ളി മലപ്പുറം സ്വദേശി സമീര്‍ നവാസിന് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. സമീറിന് അനുകൂലമായി വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കും. ഇപ്പോള്‍ കോന്നി എംഎല്‍എയാണ് അടൂര്‍ പ്രകാശ്. വിജിലന്‍സ് ഉത്തരമേഖലാ ഡിവൈഎസ്പി പി പി ഉണ്ണിക്കൃഷ്ണനാണ് കേസ് അന്വേഷിച്ചത്. ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹിമാനു തന്നെ കോടതി ലൈസന്‍സ് അനുവദിച്ചിരുന്നു.

അടൂര്‍ പ്രകാശിനെതിരെ മുക്കം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി സി സചിത്രനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവന്ന അബ്ദുറഹിമാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.

ദേശാഭിമാനി 010311

1 comment:

  1. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയായിരുന്ന അടൂര്‍പ്രകാശിനെതിരെ അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി മുമ്പാകെയാണ് വിജിലന്‍സ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശിനെ കൂടാതെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും കുറ്റപത്രം നല്‍കി. കോഴിക്കോട് ജില്ലാ സപ്ളൈ ഓഫീസറായിരുന്ന ഒ സുബ്രഹ്മണ്യന്‍, താലൂക്ക് സപ്ളൈ ഓഫീസറായിരുന്ന ടി ആര്‍ സഹദേവന്‍, അഴിമതിയിലൂടെ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ സമ്പാദിച്ച മലപ്പുറം ഊരകം സ്വദേശി കെ പി സമീര്‍ നവാസ് എന്നിവരും പ്രതികളാണ്. കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹിമാനാണ് കേസിലെ ഒന്നാം സാക്ഷി.

    ReplyDelete