Tuesday, March 5, 2013
നോക്കുകൂലി വാര്‍ത്ത മാധ്യമ സൃഷ്ടി
കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ റെയില്‍വേ വൈദ്യുതീകരണത്തിനെത്തിച്ച സാമഗ്രികള്‍ ഇറക്കുന്നത് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വാര്‍ത്ത ചില മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാസെക്രട്ടറി കെ വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
വൈദ്യുതീകരണ സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഡിപ്പോ ആരംഭിച്ചിരുന്നു. ഇതിന്റെ കരാര്‍ സ്വകാര്യകമ്പനിയാണ് ഏറ്റെടുത്തത്. ഇവിടെ ചെറുവത്തൂര്‍ പൂളില്‍ ഉള്‍പ്പെടുന്ന ചുമട്ടുതൊഴിലാളികള്‍ തന്നെയാണ് ലോഡിറക്കിയിരുന്നത്. ശനിയാഴ്ച വന്ന ലോഡ് പതിവുപോലെ ചുമട്ടുതൊഴിലാളികള്‍ ഇറക്കാനെത്തിയപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലോഡ് ഇറക്കാന്‍ ശ്രമിച്ചു. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് യൂണിയന്‍ സ്വീകരിച്ചത്. പി കരുണാകരന്‍ എംപിയും യൂണിയന്‍ നേതാക്കളും റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വൈദ്യുതീകരണത്തിനായെത്തിച്ച ലോഡ് റെയില്‍വേയുടെ ഇലക്ട്രിക്കല്‍ വിഭാഗംതന്നെ ഇറക്കുമെന്ന ഉറപ്പില്‍ തൊഴിലാളികള്‍ പിന്മാറി. എന്നാല്‍ പൊലീസ് സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ ചോദ്യം ചെയ്തു. ഇതാണ് നോക്കുകൂലി ആവശ്യപ്പെട്ട് ലോഡ് ഇറക്കാന്‍ അനുവദിച്ചില്ലെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ച് യൂണിയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. നോക്കുകൂലിക്കെതിരെ കര്‍ശന നിലപാടാണ് യൂണിയന്‍ സ്വീകരിച്ചിട്ടുള്ളതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
അതേസമയം ലോഡ് ഇറക്കുന്നതുമായി റെയില്‍വേക്ക് ബന്ധമില്ലെന്ന് വൈദ്യുതി വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. ലോഡ് ഇറക്കേണ്ട ബാധ്യത കരാറുകാരനാണ്. ആരെ ഉപയോഗിച്ചും ലോഡിറക്കാം. റെയില്‍വേ സ്ഥലത്ത് ലോഡ് ഇറക്കാന്‍ സംരക്ഷണം നല്‍കണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ റെയിവെ പൊലീസിനെ ഇക്കാര്യം അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
നോക്കുകൂലി വാര്‍ത്ത ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇവിടെ ആദ്യമെത്തിയ ലോഡുകള്‍ ചെറുവത്തൂരിലെ തൊഴിലാളികള്‍ ഇറക്കുകയും തുടര്‍ന്ന് വരുന്ന ലോഡുകള്‍ ഇറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. റെയില്‍വേയുടെ ക്രെയിന്‍ ഉപയോഗിച്ച് ലോഡ് ഇറക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പറഞ്ഞതാണ്. എന്നാല്‍ തൊഴിലാളികള്‍ പിരിഞ്ഞപ്പോള്‍ കരാറുകാരന്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടഞ്ഞു. അതല്ലാതെ ആരും നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ല. കൂലിത്തര്‍ക്കവും ഉണ്ടായിട്ടില്ല. ഒടുവില്‍ പി കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നത് തടയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച റെയില്‍വേ തൊഴിലാളികള്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കി. ഞായറാഴ്ച അവധിയായതിനാലാണ് ഇറക്കാതിരുന്നത്. എന്നിട്ടും വ്യാജവാര്‍ത്ത സൃഷ്ടിക്കാനാണ് ചില പത്രങ്ങള്‍ ശ്രമിച്ചത്.
deshabhimani 050313
Labels:
നുണപ്രചരണം,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment