Tuesday, March 5, 2013

എഡിജിപിയും എസ്പിയും പോരില്‍; കാഴ്ചക്കാരനായി മന്ത്രി


പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ വര്‍ഷങ്ങളായി തന്റെ പിറകെ നടന്ന് ഉപദ്രവിക്കുകയാണെന്ന് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായ എസ് പി ഗോപാലകൃഷ്ണന്‍. ആറ്റുകാല്‍ പൊങ്കാല ദിവസം ട്രെയിനിങ് കോളേജ് ഗ്രൗണ്ട് തുറക്കാത്തതാണ് എഡിജിപിയും എസ്പിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറന്നത്. എസ്പിക്കെതിരെ നടപടി വേണമെന്ന എഡിജിപിയുടെ ശുപാര്‍ശയും എഡിജിപിക്കെതിരായ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ മുമ്പിലാണ്.

ആറ്റുകാല്‍ പൊങ്കാലദിവസം വാഹന പാര്‍ക്കിങ്ങിന് തൈക്കാട്ടെ പൊലീസ് ഗ്രൗണ്ട് തുറക്കാത്ത എസ്പിയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ഇന്റലിജന്‍സ് മേധാവിയുടെ ശുപാര്‍ശ. 1998ലെ ഒരു കൊലപാതകക്കേസിന്റെ അന്വേഷണം ഏറ്റെടുത്തത് മുതല്‍ ടി പി സെന്‍കുമാര്‍ തന്നെ വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടെന്നും പ്രിന്‍സിപ്പല്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. എസ്പി ഗോപാലകൃഷ്ണനെപ്പോലുള്ള ഉദ്യോഗസ്ഥരെ പൊലീസില്‍ വച്ചുപൊറുപ്പിക്കരുതെന്നാണ് ഇന്റലിജന്‍സ് മേധാവിയുടെ നിലപാട്. ഇന്റലിജന്‍സ് മേധാവി ആര്‍ക്കെതിരെയും റിപ്പോര്‍ട്ട് അയക്കുമെന്ന് എസ്പി പരാതിയില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഐപിഎസ് ശുപാര്‍ശപ്പട്ടികയില്‍ ഗോപാലകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഐപിഎസ് ലഭിക്കാതിരിക്കുന്നതിനുള്ള ഗൂഢനീക്കമാണ് ഇന്റലിജന്‍സ് മേധാവി നടത്തുന്നതെന്നാണ് എസ്പിയുടെ പരാതി. അതേസമയം എസ്പിക്ക് ബുദ്ധിഭ്രമമുണ്ടെന്ന് താന്‍ സംശയിക്കുന്നതായി ഇന്റലിജന്‍സ് മേധാവി പറഞ്ഞു. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ താന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്റുകാല്‍ പൊങ്കാലദിവസം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പൊലീസ് ഗ്രൗണ്ട് തുറന്നുകൊടുക്കണമെന്ന് തലേദിവസംതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്പി ഗേറ്റ് പൂട്ടി പോയെന്നാണ് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്. പൊങ്കാലയ്ക്ക് എത്തിയവരെ ബുദ്ധിമുട്ടിച്ച എസ്പിയുടെ നടപടി ഗുരുതരമാണെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുപോലും ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ വര്‍ഷങ്ങളിലും പൊലീസ് ഗ്രൗണ്ട് തുറന്നിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. മറിച്ച് താന്‍ തുറക്കാന്‍ വിസമ്മതിച്ചെങ്കില്‍ മുകളിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നടപടി എടുക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആറ്റുകാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ആരും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഇന്റലിജന്‍സ് മേധാവിയുടെ നടപടി ദൂരൂഹമാണെന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
(കെ ശ്രീകണ്ഠന്‍)

deshabhimani 050313

No comments:

Post a Comment