Saturday, March 16, 2013

മാധ്യമങ്ങള്‍ അനാവശ്യ വിഷയങ്ങള്‍ അജന്‍ഡയാക്കുന്നു: സെബാസ്റ്റ്യന്‍പോള്‍


അനാവശ്യ വിഷയങ്ങള്‍ ആസൂത്രിത അജന്‍ഡയിലൂടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതായി ഡോ. സെബാസ്റ്റ്യന്‍ പോള്‍. രാജ്യത്തിന്റെ പരമാധികാരത്തിന് എന്തുസംഭവിക്കുന്നു എന്നതുള്‍പ്പെടെ ഉയര്‍ന്നതലത്തില്‍ സംവാദങ്ങള്‍ നടക്കേണ്ട സമയത്ത് അനാവശ്യ വിഷയങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കുന്നത് ബോധപൂര്‍വമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കില്‍ പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ എന്തിന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പരാമാധികാരത്തിന് എന്ത് സംഭവിക്കുന്നു എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. വിലക്കയറ്റം, അഴിമതി എന്നിവയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം നഷ്ടപ്പെട്ടാല്‍ എന്തുചെയ്യാനാകും. രാജ്യത്തെ ഏറ്റവും അധികാരമുള്ള കോടതിയാണ് സുപ്രീംകോടതി. എന്നാല്‍, കേരള തീരത്തെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സുപ്രീംകോടതി എത്തിയിരിക്കുന്നത് നിര്‍ഭാഗ്യകരമായ അവസ്ഥയിലാണ്. രണ്ട് നാവികരെ രക്ഷപ്പെടുത്തുക എന്ന ഇറ്റലിയുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് ഇറ്റാലിയന്‍ വനിത നിയന്ത്രിക്കുന്ന രാജ്യത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് കൈകാര്യം ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്നും പ്രത്യേക കോടതി വേണമെന്നും പറഞ്ഞാണ് കേസ് സുപ്രീംകോടതി എടുത്തത്. ഒടുവില്‍ കേസ് എവിടെയെന്നുപോലും അറിയാത്ത അവസ്ഥയായി. ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വതന്ത്രമായിപോകാന്‍ അനുവാദം നല്‍കുമ്പോള്‍ കാലങ്ങളായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അഞ്ചുദിവസ ജാമ്യമാണ് നല്‍കിയത്. സ്വതന്ത്ര പരമാധികാര രാജ്യത്തിന് ചേര്‍ന്ന രീതിയിലാണോ എക്സിക്യൂട്ടീവും ജുഡീഷ്യറിയുമെല്ലാം പ്രവര്‍ത്തിക്കുന്നതെന്നത് പരിശോധിക്കണം. ഈ സമയത്ത് മാധ്യമപ്രവര്‍ത്തനം എവിടെ നില്‍ക്കുന്നുവെന്നും നോക്കണം. ആഗോളവല്‍ക്കരണത്തിന്റെ അപ്പസ്തോലന്മാരായ ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്. ഈ അപകടകരമായ സ്ഥിതിവിശേഷം തിരിച്ചറിയണമെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

deshabhimani 160313

No comments:

Post a Comment