Thursday, March 14, 2013

ആരോഗ്യമന്ത്രിയുടെ ഭൂമിദാനം: വകുപ്പുമേധാവികളുടെ എതിര്‍പ്പ് മറികടന്ന്


നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ സ്വാശ്രയ കോളേജിന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ "ദാനം" ചെയ്തത് വകുപ്പ് മേധാവികളുടെ ശക്തമായ എതിര്‍പ്പ് മറികടന്ന്. ആരോഗ്യ ഡയറക്ടര്‍ ഡോ. പി കെ ജമീലയും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി ഗീതയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി നല്‍കിയ നാല് കത്തുകള്‍ അവഗണിച്ചാണ് പാറശാല ശ്രീകൃഷ്ണ ഫാര്‍മസി കോളേജിന് ഒരു രൂപപോലും പാട്ടത്തുക ഈടാക്കാതെ കെട്ടിടം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിന് സ്വന്തമായി ഒരു വകുപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി വിട്ടുകൊടുക്കണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ആരോഗ്യ ഡയറക്ടര്‍ 2012 ജൂലൈ 23ന് എഴുതിയ എംസി5/31160/12/ഡിഎച്ച്എസ് നമ്പര്‍ കത്തില്‍ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വതന്ത്രമായി ജോലിചെയ്യാന്‍ അനുവദിക്കണമോ എന്ന കാര്യവും പരിശോധിക്കണം. അതിനാല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ വകുപ്പ് സ്ഥാപിക്കാന്‍ ശുപാര്‍ശചെയ്യുന്നില്ല. ഇത് വിദ്യാഭ്യാസ നിലവാരത്തില്‍ ഗുരുതരമായ ഇടിവ് വരുത്തുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ ഡയറക്ടറുടെ ഇതേ ആശങ്കകള്‍ പങ്കു വച്ച മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍(ഡിഎംഇ) ഡോ. വി ഗീത അയച്ച കത്തിലും ആശുപത്രി സ്ഥലം വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയ ഒരു സ്വാശ്രയ സ്ഥാപനത്തിന്റെ പരിശീലനകേന്ദ്രം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങണമെന്നും ഡിഎംഇയുടെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 2012 ആഗസ്ത് 18നും നവംബര്‍ 24നും എഴുതിയ ബി6/1544/2012/ ഡിഎംഇ നമ്പര്‍ കത്തിലാണ് സര്‍ക്കാര്‍ ആശുപത്രി ഈ സ്വകാര്യ സ്ഥാപനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ വ്യക്തമായ പരാമര്‍ശം നടത്തിയത്.

രണ്ട് വകുപ്പുമേധാവികളുടെ നാല് കത്തും പരാമര്‍ശിച്ചുകൊണ്ടാണ് ഭൂമി വിട്ടുകൊടുക്കാന്‍ ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവിറക്കിയതെന്നതും ദുരൂഹതയുണര്‍ത്തുന്നു. ഇത്തരം കത്ത് കിട്ടിയാല്‍ വകുപ്പ് സെക്രട്ടറിമാര്‍ മറിച്ച് ഉത്തരവിറക്കാറില്ല. കത്തുകളടങ്ങുന്ന ഫയല്‍ എന്നിട്ടും സെക്രട്ടറി മന്ത്രിക്ക് അയച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരംമാത്രമേ ഇത് ചെയ്യൂവെന്ന് വ്യക്തം. തുടര്‍ന്ന് ഈ ഫയല്‍ ആരോഗ്യമന്ത്രി കൂടി കണ്ട് ഒപ്പു വച്ച ശേഷമാണ് സെക്രട്ടറി ഉത്തരവിറക്കിയത്. 1200 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കാന്‍ ആശുപത്രി സൂപ്രണ്ട് സ്ഥലം വിട്ടുകൊടുക്കണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഈ കെട്ടിടം എങ്ങിനെയാവണമെന്നൊന്നും ഉത്തരവില്‍ പറയുന്നില്ല. സ്വാശ്രയ കോളേജ് ഉടമയ്ക്ക് സൗകര്യംപോലെ സ്ഥലം വിനിയോഗിക്കാന്‍ ക്ലീന്‍ ചിറ്റാണ് നല്‍കിയതെന്ന് വ്യക്തം. മന്ത്രിയുടെയും ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറിന്റെയും വിശ്വസ്തനും പാര്‍ടിക്കാരനുമാണ് കോളേജ് ഉടമ. ഭൂമിദാനത്തിനു പിന്നില്‍ ലക്ഷങ്ങളുടെ കോഴയിടപാടാണ് നടന്നത്.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment