Thursday, March 14, 2013
സൈനികരെ വിട്ടുതരില്ലെന്ന് ഇറ്റലി വീണ്ടും
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ തങ്ങളുടെ സൈനികരെ വിട്ടുതരാനാകില്ലെന്ന് ഇറ്റലി ആവര്‍ത്തിച്ച് വ്യക്തമാക്കി. സൈനികരെ വിട്ടുതന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയാണ് നിലപാട് ആവര്‍ത്തിച്ചത്. രണ്ട് സൈനികരും റോമിലെ കോടതിയില്‍ വിചാരണ നേരിടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന അറിയിപ്പും എംബസി നല്കി. ഇന്ത്യന്‍ നിയമത്തിന് വിധേയമായി കേസ് തീര്പ്പാക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറ്റലിയുടെ പ്രസ്താവന.
ജനുവരി 18ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ കേസില്‍ ഇറ്റലിക്കുള്ള നിയമാധികാരം ഇന്ത്യന്‍ സുപ്രീംകോടതി നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രസ്താവന തുടര്‍ന്നു. യുഎന്‍ കടല്നിയമചട്ടത്തിന്റെ 100-ാം അനുച്ഛേദപ്രകാരം ഇരുരാജ്യവും ഒരു പൊതുശ്രമം നടത്തേണ്ട സാഹചര്യമാണ് ഉത്തരവിലൂടെ ഉരുത്തിരിഞ്ഞത്-പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഇത്തരമൊരു കേസിന് ഇരുരാജ്യവും തമ്മിലുള്ള ശക്തമായ സൗഹൃദത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് അംഗീകരിക്കാവുന്ന ഒത്തുതീര്‍പ്പ് കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും ഇറ്റലി നടത്തിയിരുന്നു. ശ്രമം തുടരും. രണ്ട് മറീനുകള്‍ക്കെതിരായ നിയമനടപടി ഇപ്പോഴും റോമിലെ കോടതിയില്‍ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിക്കാനുള്ള സന്നദ്ധത ഇറ്റലി അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യയില്‍നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമപ്രശ്നം പരിഹരിക്കാമെന്ന നിലപാടിലേക്ക് തങ്ങള്‍ എത്തിയത്.
മാര്‍ച്ച് 11ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കുറിപ്പ് അന്താരാഷ്ട്ര നിയമം ഇരുകക്ഷികള്‍ക്കും നല്കുന്ന സമവായ മാര്‍ഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് അവസരം നല്‍കുന്നതിനാണ്. ഇറ്റലി ഇതുവരെ സ്വീകരിച്ചുപോന്ന നിലപാടിന്റെ തുടര്‍ച്ച മാത്രമാണിത്. കപ്പലിന്റെ പതാക ഏതു രാഷ്ട്രത്തിന്റേതാണോ ആ രാഷ്ട്രത്തിന്റെ നിയമാധികാരം അംഗീകരിക്കുന്ന അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി പ്രശ്നപരിഹാരമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത്- ഇറ്റാലിയന്‍ എംബസി അറിയിച്ചു. ഇറ്റലി അവലംബിക്കുന്ന യുഎന്‍ കടല്‍നിയമ ചട്ടത്തിന്റെ നൂറാം അനുച്ഛേദം കടല്‍ക്കൊള്ളയുമായി ബന്ധപ്പെട്ടതാണ്. കടല്‍ക്കൊള്ളയെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും പരമാവധി സഹകരിക്കണമെന്നാണ് ഈ അനുച്ഛേദം നിര്‍ദേശിക്കുന്നത്. കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത് കടല്‍കൊള്ളയെ അമര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായാണെന്ന ചിത്രീകരണമാണ് ഇറ്റലി ഇതിലൂടെ നല്‍കുന്നത്. റോമിലെ കോടതി കേസിനെ സമീപിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഇറ്റാലിയന്‍ സൈനികര്‍ ശിക്ഷയൊന്നും കൂടാതെ പുറത്തുപോകുമെന്നുറപ്പാണ്.
സൈനികരെ വിട്ടുതരില്ലെന്ന സൂചന ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഇറ്റലി ഇന്ത്യയെ അറിയിച്ചിരുന്നതായി വെളിപ്പെട്ടു. ഡല്‍ഹിയില്‍ അസോച്ചം സംഘടിപ്പിച്ച ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മന്സീനിയാണ് തങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയുമായി ചര്‍ച്ചയിലാണെന്ന് അറിയിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ പ്രാമാണികത്വം അംഗീകരിക്കണമെന്ന നിലപാടാണ് തങ്ങള്‍ തുടക്കംമുതല്‍ സ്വീകരിച്ചത്. നിരവധി നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വച്ചിരുന്നു. സമവായത്തിലൂടെ പ്രശ്നപരിഹാരമാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലും ഉറപ്പില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നില്ല. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തെ ഒത്തുതീര്പ്പുമാര്ഗങ്ങളുടെ ഭാഗമായിമാത്രം കണ്ടാല്‍ മതി- മന്‍സീനി പറഞ്ഞു. പരമാവധി ഇന്ത്യയില്‍ തുടരണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയുടെ പുറത്താക്കല്ഭീഷണിയോട് പ്രതികരണമായി മന്‍സീനി പറഞ്ഞു.
വിചാരണ വൈകി; സുവ നിയമവും പ്രയോഗിച്ചില്ല
കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്ന് നിയമവിദഗ്ധര്‍. വിചാരണ ആരംഭിക്കാന്‍ വൈകിയതാണ് സംസ്ഥാന സര്‍ക്കാരിനു പറ്റിയ അബദ്ധമെങ്കില്‍ പ്രത്യേക നിയമപ്രകാരം കേസ് കൈകാര്യംചെയ്യാന്‍ പാര്‍ലമെന്റ് അനുവാദം നല്‍കാതിരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വീഴ്ച. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണ ആരംഭിക്കാന്‍ അമിത തിടുക്കം കാട്ടിയ സംസ്ഥാനസര്‍ക്കാര്‍ അതിനേക്കാള്‍ ഗൗരവതരമായ കടല്‍ക്കൊലപാതക കേസില്‍ വിചാരണ വൈകിച്ച് അമാന്തം കാട്ടുകയായിരുന്നുവെന്ന് നേരത്തെ ഇറ്റാലിയന്‍ സൈനികര്‍ക്കായി കോടതിയില്‍ ഹാജരായ നിയമവിദഗ്ധന് അഡ്വ. വി ജെ മാത്യു പറഞ്ഞു.
ഇറ്റാലിയന്‍ പൗരന്മാര്ക്ക് പോസ്റ്റല്വോട്ടിനുള്ള അവസരമുണ്ടായിരിക്കെ പ്രതികളെ വോട്ട്ചെയ്യാന്‍ നാട്ടിലയച്ച സുപ്രീംകോടതി നടപടിയും വീഴ്ചയാണ്. ഇന്ത്യന്‍ നിയമപ്രകാരം വിചാരണത്തടവുകാരെ വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കേണ്ടതില്ല. ഇറ്റാലിയന്തടവുകാരെ ഇതിനനുവദിക്കാമെങ്കില് അബ്ദുള്‍ നാസര്‍ മഅ്ദനിക്കും അഫ്സല് ഗുരുവിനും ഇതിന് അവകാശമുണ്ടായിരുന്നു. വിടണമെങ്കില്ത്തന്നെ ക്രിസ്മസിന് നാട്ടിലയച്ചപ്പോള് കെട്ടിവച്ചതിനേക്കാള് ഉയര്‍ന്ന ബോണ്ടും ഈടാക്കണമായിരുന്നു. ഇവരുടെ വിചാരണ ആരംഭിക്കുംമുമ്പെ ശിക്ഷിക്കപ്പെടുന്നവരെ സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും തമ്മില്‍ തിരക്കുപിടിച്ച് കരാര്‍ ഒപ്പിട്ടതിനുപിന്നിലും ദുരൂഹതയുണ്ട്. ഇന്ത്യയില്‍ ശിക്ഷിക്കപ്പെടുന്ന ഇറ്റലിക്കാരും ഇറ്റലിയില്‍ ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാരും തങ്ങളുടെ രാജ്യങ്ങളില്‍ത്തന്നെ ശിക്ഷയനുഭവിച്ചാല്‍ മതിയെന്നാണ് 2012 ഡിസംബറില്‍ ഒപ്പിട്ട കരാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ കടല്‍ക്കൊല കേസല്ലാതെ മറ്റൊരു കേസും ഇറ്റലിക്കില്ലാതിരിക്കെ ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത് പ്രതികളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. ക്രിസ്മസിന് നാട്ടില്‍ പോകാനായി ഹൈക്കോടതിയില്‍ പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍, ഫ്രഞ്ച്ചാരക്കേസ് പ്രതികള്‍ തിരിച്ചെത്താതിരുന്നത് അടക്കമുള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടൂ. എന്നാല്‍, വോട്ട്ചെയ്യാന്‍ പോകുന്നതിനായി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇത്തരം എതിര്വാദങ്ങള്പോലും ഉണ്ടായില്ല.
രാജ്യത്തെ ഏത് കോടതിയിലും വിചാരണ നടത്താനാവുംവിധം സുവ നിയമപ്രകാരം കേസ് എടുക്കാതിരുന്നതാണ് വീഴ്ചയായതെന്ന് കൊല്ലപ്പെട്ട കുളച്ചല്‍ സ്വദേശി അജീഷ് പിങ്കിക്കായി കോടതിയില്‍ ഹാജരായ അഡ്വ. വി എം ശ്യാം പറഞ്ഞു. കപ്പല്‍കൊള്ള, ഭീകരാക്രമണം എന്നിവ തടയാനാണ് 2002ല്‍ സുവ നിയമത്തിന് രൂപംകൊടുത്തത്. സുവ അന്താരാഷ്ട്ര കണ്വന്ഷന് തീരുമാനംപ്രകാരം രൂപംനല്കിയ ഈ നിയമം പ്രയോഗിക്കാനും വിചാരണക്കോടതിയെ നിശ്ചയിക്കാനും പാര്‍ലമെന്റിന്റെ അനുമതി മാത്രമാണ് വേണ്ടത്. കടലിലെ നോട്ടിക്കല്‍ മൈല്‍ അന്തരവും അതിര്‍ത്തിയും ഈ നിയമത്തിന് ബാധകമല്ലായെന്നിരിക്കെ കേസില്‍ ഈ നിയമം ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ദുരൂഹമായ കാരണത്താലാണ് ഈ കേസില്‍ ആ നിയമം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതെന്നും അഡ്വ. ശ്യാം വ്യക്തമാക്കി.
deshabhimani 150313
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment