Monday, March 4, 2013
ബിജെപി ഭിന്നാഭിപ്രായക്കാരുടെ പാര്‍ടിയായി: അദ്വാനി
ബിജെപി തമ്മിലടിക്കാരുടെ പാര്‍ടിയായി മാറിയെന്ന് അദ്വാനി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രനേതൃത്വത്തിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന്റെ ഒടുവിലാണ് അദ്വാനി തുറന്നടിച്ചത്. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരിനെതിരായ ജനരോഷം ശക്തമാണെങ്കിലും അത് മുതലെടുക്കാന്‍ ബിജെപി പരാജയപ്പെട്ടെന്ന് അദ്വാനി പറഞ്ഞു. നരേന്ദ്രമോഡിയെ മറ്റു ബിജെപി മുഖ്യമന്ത്രിമാരില്‍നിന്ന് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടാന്‍ അദ്വാനി തയ്യാറാകാത്തതും ശ്രദ്ധേയമായി.
ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെതിരെ രാജ്യത്ത് ജനവികാരം ശക്തമാണ്. എന്നാല്‍, അത് വായിച്ചെടുക്കാനും ഉചിതമായി പ്രതികരിക്കാനും ബിജെപി പരാജയപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭയിലും സര്‍ക്കാരിനെതിരെ ശക്തമായി നിലപാടെടുക്കാന്‍ കഴിഞ്ഞു. പക്ഷേ, പുറത്ത് സാധിച്ചില്ല. ബിജെപിയെ പിന്തുണയ്ക്കുന്നവരെപ്പോലും ഇത് നിരാശരാക്കി. കര്‍ണാടക അഴിമതി വിഷയം തത്വാധിഷ്ഠിതമായി കൈകാര്യം ചെയ്യാതിരുന്നത് പ്രതിച്ഛായ നശിപ്പിച്ചു. ഉന്നതനേതൃത്വത്തില്‍ അനൈക്യം തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യത്യസ്തമായ പാര്‍ടിയെന്ന് അറിയപ്പെട്ട ബിജെപി ഭിന്നാഭിപ്രായക്കാരുടെ കൂടാരമായി. നേതാക്കളുടെ അച്ചടക്കരാഹിത്യം സംഘടനയുടെ ഐക്യം നശിപ്പിക്കും-എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ അദ്വാനി പറഞ്ഞു.
മോഡിയേക്കാള്‍ താന്‍ വിലമതിക്കുന്നത് സുഷമ സ്വരാജിനെയും അരുണ്‍ ജെയ്റ്റ്ലിയെയും ആണെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രസംഗം. പാര്‍ലമെന്റിന്റെ ഇരുസഭയിലും ബിജെപിക്ക് നേതൃത്വം നല്‍കുന്നത് ഇവരാണ്. പാര്‍ലമെന്റ് ബിജെപിയുടെ പ്രകടനം മെച്ചമായിരുന്നെന്ന് പറയുന്നതിലൂടെ ഇവരോടുള്ള താല്‍പ്പര്യമാണ് അദ്വാനി വ്യക്തമാക്കിയത്. മോഡിയുടെ പേര് മറ്റു ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒതുക്കിനിര്‍ത്താനും ശ്രദ്ധിച്ചു. എന്‍ഡിഎ വിപുലീകരിക്കാനുള്ള സാധ്യത തേടണമെന്നും ന്യൂനപക്ഷത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അദ്വാനി ആവര്‍ത്തിച്ചു. മോഡിയെ മുന്‍നിര്‍ത്തി ഹിന്ദുവര്‍ഗീയതയില്‍ കേന്ദ്രീകരിക്കാനുള്ള ഒരുവിഭാഗത്തിന്റെ പദ്ധതി തന്ത്രപരമായി തെറ്റാണെന്ന നിലപാടിലാണ് അദ്വാനിയെന്ന് വ്യക്തമായി.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ എന്‍ഡിഎ വിടുമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിനു വേണ്ടി കോണ്‍ഗ്രസ് രാജ്യത്തിന്റെ താല്‍പ്പര്യം ബലികഴിക്കുകയാണെന്ന് നരേന്ദ്രമോഡി പറഞ്ഞു. മന്‍മോഹന്‍സിങ് വെറും നൈറ്റ്വാച്ച്മാന്‍ മാത്രമാണെന്നും പ്രണബ്മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ യുപിഎ ഭരണം മെച്ചമാകുമായിരുന്നെന്നും മോഡി പറഞ്ഞു. പ്രണബിന് ലഭിക്കുമായിരുന്ന സ്വീകാര്യത തങ്ങളുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന സോണിയഗാന്ധി കുടുംബത്തിന്റെ ഭയമാണ് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയായി നിശ്ചയിക്കാന്‍ കാരണം-മോഡി പറഞ്ഞു. മോഡിക്കായി ഒരുവിഭാഗം മാധ്യമങ്ങളെ മറയാക്കി ചില നേതാക്കള്‍ തുടങ്ങിയ മുറവിളി ഏറ്റുപിടിക്കാന്‍ കേന്ദ്രനേതൃത്വത്തെ നിര്‍ബന്ധിതമാക്കിയാണ് രണ്ടു ദിവസമായി ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗം സമാപിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച മോഡിയെ എഴുന്നേറ്റു നിന്ന് അഭിനന്ദിക്കാന്‍ കഴിഞ്ഞദിവസം രാജ്നാഥ്സിങ് പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.
(പി വി അഭിജിത്)
deshabhimani 040313
Subscribe to:
Post Comments (Atom)
No comments:
Post a Comment