Monday, March 4, 2013

രാഹുലിന്റെ ഫ്ളക്സിന് ലക്ഷങ്ങള്‍; കോണ്‍ഗ്രസ് വെട്ടില്‍


ന്യൂഡല്‍ഹി: വരള്‍ച്ചയുടെ പിടിയിലമര്‍ന്ന മഹാരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ പൊടിച്ചതിന് വിശദീകരണമില്ലാതെ കോണ്‍ഗ്രസ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുലിന്റെ ബഹുവര്‍ണ ഫ്ളക്സ് ബോഡുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് സംസ്ഥാനഘടകം ഉപാധ്യക്ഷനെ സ്വീകരിച്ചത്. ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തി രാഹുല്‍ നഗരത്തിലൂടെ നടത്തിയ യാത്രയും പ്രതിഷേധത്തിനിടയാക്കി. സംഭവം പത്രങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ചര്‍ച്ചയായതോടെ കോണ്‍ഗ്രസിന് ഉത്തരം മുട്ടി.

രാഹുല്‍ ഗാന്ധിയുടെ ബാനറുകള്‍ പ്രിന്റ് ചെയ്യാന്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചതിനെ മിഡ് ഡേ പത്രം രൂക്ഷമായി വിമര്‍ശിച്ചു. അഞ്ച് ലക്ഷം കുടുംബങ്ങള്‍ കടുത്ത വരള്‍ച്ചയില്‍ പ്രയാസപ്പെടുമ്പോഴാണ് രാഹുലിനായുള്ള ആര്‍ഭാടം. ഒരു കോടി ലിറ്റര്‍ വെള്ളത്തിന്റെ തുകയാണ് ചെലവഴിച്ചത്. ഈ തുക കൊണ്ട് 1,000 ടാങ്കര്‍ വെള്ളം ലഭ്യമാക്കാമായിരുന്നു. അഞ്ച് ലക്ഷം വരള്‍ച്ച ബാധിത കുടുംബങ്ങളിലെ ഓരോ അംഗത്തിനും 20 ലിറ്റര്‍ വെള്ളം വീതം എത്തിക്കാന്‍ ഈ തുക മതി-പത്രം ഓര്‍മിപ്പിച്ചു.

ആറ് ലക്ഷം എന്നത് കോണ്‍ഗ്രസ് നല്‍കുന്ന ഔദ്യോഗിക കണക്കാണ്. യഥാര്‍ഥ ചെലവ് ഇതിലുമേറെയാണ്. വിമാനത്താവളം മുതല്‍ രാഹുല്‍ സഞ്ചരിച്ച വഴിയിലുടനീളം പല വലിപ്പത്തിലുള്ള ബാനറുകള്‍ ഉയര്‍ത്തിയാണ് നേതാവിനോടുള്ള ആരാധന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പ്രകടിപ്പിച്ചത്. റോഡിന്റെ ഡിവൈഡറുകളില്‍ അടക്കം പോസ്റ്ററുകള്‍ പതിപ്പിച്ച് സര്‍വം രാഹുല്‍മയമാക്കാനും ശ്രദ്ധിച്ചു. വിമാനമിറങ്ങി മധ്യ മുംബൈയിലെ കോണ്‍ഗ്രസ് ഓഫീസിലേക്കുള്ള രാഹുലിന്റെ സന്ദര്‍ശനം പൂര്‍ണ ഗതാഗത തടസ്സമുണ്ടാക്കി. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മണിക് റാവു താക്കറെ എന്നിവര്‍ക്കൊപ്പമായിരുന്നു തിരക്കേറിയ സമയത്ത് പ്രധാന വീഥിയിലൂടെയുള്ള യാത്ര.

deshabhimani 040313

No comments:

Post a Comment