Monday, March 4, 2013
മണിക് സര്‍ക്കാര്‍ മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും
ത്രിപുരയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏഴാം ഇടതുമുന്നണി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. വൈകിട്ട് മൂന്നിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തിനു ശേഷം കണ്‍വീനര്‍ ഖഗന്‍ ദാസ് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുമുന്നണി സാമാജികരുടെ യോഗം തിങ്കളാഴ്ച ചേര്‍ന്ന് പുതിയ നേതാവിനെ ഔപചാരികമായി തെരഞ്ഞെടുക്കും. ഏഴിന് അഗര്‍ത്തല അസ്തല മൈതാനിയില്‍ വിജയറാലി നടക്കും. സംസ്ഥാനമാകെ വിജയാഘോഷവും.
തുടര്‍ച്ചയായി നാലാം തവണയാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയാകുന്നത്. 1998ലാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത്. അതിനു മുമ്പ് നൃപന്‍ ചക്രവര്‍ത്തി രണ്ടു തവണയും ദശരഥ ദേബ് ഒരു തവണയും ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ചു. 2008നേക്കാള്‍ ഒരു സീറ്റ് അധികം നേടിയാണ് ഇടതുമുന്നണി വന്‍ വിജയം നേടിയത്. ഇടതുമുന്നണിയുടെ വോട്ടും വര്‍ധിച്ചു. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്തതിന്റെ 51 ശതമാനം വോട്ടായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ 53.5 ശതമാനമായി.
കോണ്‍ഗ്രസിന് 10 സീറ്റ് നേടാനായെങ്കിലും പ്രമുഖരില്‍ പലരും പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്‍ തുടര്‍ച്ചയായി മൂന്നാം തവണയും തോറ്റു. പ്രതിപക്ഷനേതാവ് രത്തന്‍ നാഥ് വെറും 126 വോട്ടിനാണ് ജയിച്ചത്. അഗര്‍ത്തല നഗരത്തിലെ രാംനഗറില്‍ 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈയിലായിരുന്ന സീറ്റ് ഇത്തവണ സിപിഐ എം പിടിച്ചെടുത്തു. തീവ്രവാദ വിഘടന പാര്‍ടികള്‍ക്ക് ഒന്നിനും ഒറ്റ സീറ്റും നേടാനായില്ല. തീവ്രവാദ പാര്‍ടിയായ ഇന്‍ഡിജിനസ് നാഷണല്‍ പാര്‍ടി ഓഫ് ത്രിപുര (ഐഎന്‍പിടി)യുടെ ചെയര്‍മാന്‍ ബിജയ രംഗള്‍ അംബാസ മണ്ഡലത്തില്‍ 1200 വോട്ടിന് പരാജയപ്പെട്ടു.
(ഗോപി)
deshabhimani 040313
Labels:
ത്രിപുര
Subscribe to:
Post Comments (Atom)
No comments:
Post a Comment