Saturday, March 2, 2013
കാണില്ല, കേള്‍ക്കില്ല, ഉരിയാടില്ല; എല്ലാംകഴിഞ്ഞ് പ്രതിഷേധനാടകം
ഡല്‍ഹിയിലെത്തിയാല്‍ ഒന്നും കാണില്ല, കേള്‍ക്കില്ല, ഉരിയാടില്ല. റെയില്‍-പൊതു ബജറ്റുകള്‍ അവതരിപ്പിക്കുന്നതുവരെ സംസ്ഥാനത്തുനിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരും ഇങ്ങനെയായിരുന്നു. എല്ലാം കഴിഞ്ഞ് നാണക്കേട് മറയ്ക്കാന്‍ പ്രതിഷേധനാടകമാടുകയാണവര്‍. ബജറ്റുകളില്‍ സംസ്ഥാനം വട്ടപ്പൂജ്യമായതില്‍ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ എ കെ ആന്റണിവരെ പ്രതിഷേധിച്ചുകഴിഞ്ഞു. കേന്ദ്ര മലയാളിമന്ത്രിമാര്‍ പ്രധാനമന്ത്രിയെ നേരിട്ടുകണ്ടും മറ്റും ഡല്‍ഹിയില്‍ പ്രതിഷേധമഭിനയിക്കുമ്പോള്‍ സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് ചവിട്ടിത്താഴ്ത്തിയശേഷം നിസ്സഹായത നടിച്ച് കേന്ദ്രവിമര്‍ശനവുമായി തടിയൂരുകയാണ് യുഡിഎഫ് മന്ത്രിമാര്‍.
പ്രധാനമന്ത്രിയെ നേരത്തെ കണ്ട് കേരളത്തിനായി സമ്മര്‍ദം ചെലുത്താത്തതെന്തെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ചരിത്രത്തിലെ റെക്കോഡ് പ്രാതിനിധ്യം കൊട്ടിഘോഷിച്ചവര്‍ മിണ്ടുന്നില്ല. വന്‍പദ്ധതികള്‍ പോയിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രതിസന്ധിയിലേക്ക് തള്ളിയ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ഇടപെടല്‍പോലും ഉണ്ടായില്ല. കെഎസ്ആര്‍ആടിസി ഉടനെ പൂട്ടുമെന്ന് ഉള്‍പ്പുളകത്തോടെയാണ് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നത്. സ്ഥാപനം പൂട്ടിക്കാനാണ് തന്റെ മന്ത്രിപ്പണി എന്ന മട്ടിലാണദ്ദേഹത്തിന്റെ പോക്ക്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്കും ബജറ്റ് അവതരണത്തിനും മുമ്പായി സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കാറുണ്ട്. യുഡിഎഫ് അധികാരമേറ്റശേഷം ഈ യോഗങ്ങള്‍ പ്രഹസനമാണ്. കേന്ദ്രമന്ത്രിമാര്‍ ഈ യോഗങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ല, പ്രതിനിധികളെ അയക്കാറുമില്ല. സംസ്ഥാനമന്ത്രിമാര്‍ എല്ലാവരും സംബന്ധിക്കണമെന്നുണ്ട്. പക്ഷേ മിക്കവരും പങ്കെടുക്കാറില്ല. മുഖ്യമന്ത്രി എല്ലാ യോഗത്തിലും വരും. മറ്റു മന്ത്രിമാര്‍ വന്നെങ്കിലായി. എംപിമാര്‍ പലതവണ ഇതുസംബന്ധിച്ച് വിമര്‍ശം ഉന്നയിച്ചതാണ്. തലസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിക്ക് വിഴിഞ്ഞം പദ്ധതിക്ക് പേരിന് നൂറുരൂപയെങ്കിലും നീക്കിവയ്പ്പിക്കാനായില്ല.
അതേസമയം, ധനമന്ത്രിയും കപ്പല്‍ ഗതാഗതമന്ത്രിയും ചേര്‍ന്ന് സ്വന്തംനാട്ടില്‍ തുറമഖം നിര്‍മിക്കാന്‍ 7,500 കോടി രൂപ വകയിരുത്തി. തൂത്തുക്കുടി തുറമുഖത്തിന് നീക്കിവച്ച തുകയേ കേരളത്തിന് മൊത്തം മാറ്റിവച്ചിട്ടുള്ളൂ. റെയില്‍ ബജറ്റില്‍ കാര്യമായ പദ്ധതികള്‍ നേടിയില്ലെന്നു മാത്രമല്ല, അങ്കമാലി-ശബരിപാതയുടെ നിര്‍മാണച്ചെലവില്‍ പകുതി (600 കോടി രൂപ) കേരളം വഹിക്കണമെന്ന ശാഠ്യത്തില്‍നിന്ന് റെയില്‍വേയെ പിന്തിരിപ്പിക്കാനുള്ള ശേഷിപോലും എട്ടംഗ കേന്ദ്രമന്ത്രിപ്പടക്കുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ 485 കോടി രൂപയുടെ കേന്ദ്രസഹായം ചോദിച്ചിരുന്നു. അതും കിട്ടിയില്ല. സീസണുകളില്‍ 500 ശതമാനംവരെ അധികനിരക്ക് ചുമത്തി പിഴിയുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തില്‍നിന്ന് വിദേശമലയാളികളെ രക്ഷിക്കാനുള്ള നീക്കവും ഉണ്ടായില്ല.
(കെ എം മോഹന്‍ദാസ്)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment