Tuesday, March 5, 2013

കായംകുളം താപനിലയം 3 ദിവസത്തിനകം പൂട്ടും


അച്ചന്‍കോവില്‍ ആറിലെ ഉപ്പുവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മൂന്നു ദിവസത്തിനകം കായംകുളം താപവൈദ്യുതി നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് ജനറല്‍ മാനേജര്‍ സി വി സുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലയം പൂട്ടിയാല്‍ പരീക്ഷാസമയത്തും സംസ്ഥാനത്ത് വീണ്ടും ഒരു മണിക്കൂറിലേറെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരും. ഒന്നരമാസം മുമ്പ് ഉപ്പുവെള്ളം സംബന്ധിച്ച് സര്‍ക്കാരിന്് അറിയിപ്പ് നല്‍കിയിരുന്നു. ചില നടപടികള്‍ സ്വീകരിച്ചുവെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 മുതല്‍ സംഭരണിയില്‍ നിന്നുള്ള വെള്ളമാണ് താപനിലയത്തില്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം 16000 കിലോലിറ്റര്‍ വെള്ളം താപനിലയത്തിലേക്ക് വേണം. അതുപ്രകാരം രണ്ടു ദിവസം ഉപയോഗിക്കാനുള്ള വെള്ളം കൂടി മാത്രമേ സംഭരണിയില്‍ ഉള്ളൂ. അതിനുശേഷവും ഉപ്പുവെള്ളത്തിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുകയല്ലാതെ മാര്‍ഗമില്ല.

ഒരു കനാലില്‍ കൂടി അച്ചന്‍കോവിലിലേക്ക് വെള്ളം തുറന്നു വിട്ടതായി ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് എത്രത്തോളം ഉപ്പിന്റെ അംശം കുറയ്ക്കുമെന്നത് അറിയേണ്ടിയിരിക്കുന്നു-ജനറല്‍ മാനേജര്‍ പറഞ്ഞു. ജല ദൗര്‍ലഭ്യം മൂലം ഇപ്പോള്‍ നിലയത്തിന്റെ ആകെ ശേഷിയായ 350 മെഗാവാട്ടിന്റെ പകുതി വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. വില കൂടുതലാണെങ്കിലും ഈ നിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന 155 മെഗാവാട്ടാണ് കേരളത്തിനെ കൂടുതല്‍ സമയ ലോഡ് ഷെഡിങില്‍ നിന്ന് രക്ഷിക്കുന്നത്. പരീക്ഷ സമയമായതിനാല്‍ സംസ്ഥാനത്തെ പ്രഖ്യാപിത ലോഡ് ഷെഡിങ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച വൈദ്യുതിയുടെ ലഭ്യതയിലും ഉപയോഗത്തിലും നാലു ദശലക്ഷം യൂണിറ്റിന്റെ കുറവ് വന്നതിനാല്‍ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി.

deshabhimani 050313

No comments:

Post a Comment