Saturday, March 2, 2013

ക്രിമിനോളജിസ്റ്റുകളും ഫോറന്‍സിക് വിദഗ്ധരും ഇല്ലാതെ പൊലീസ്


ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കാതെ, കേസുകള്‍ കുന്നുകൂടുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശം ഉയര്‍ത്തുമ്പോഴും ലാബുകളില്‍ സര്‍ക്കാര്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്നില്ല. കുറ്റകൃത്യങ്ങള്‍ പെരുകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുമ്പോഴാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ. സംസ്ഥാനത്ത് 3735 കേസ് ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കാതെ കെട്ടിക്കിടക്കുന്നു. 12 വര്‍ഷം കഴിഞ്ഞ കേസുപോലും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ ഫോറന്‍സിക് വിഗദ്ധരുടെ 400 തസ്തിക സൃഷ്ടിക്കണമെന്നാണ് 2003-ല്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇപ്പോഴും സംസ്ഥാനത്ത് 64 തസ്തിക മാത്രമാണുള്ളത്. ഇതില്‍ത്തന്നെ 14 എണ്ണം ഒഴിഞ്ഞുകിടക്കുന്നു.

ഫോറന്‍സിക് പരിശോധന ഇഴയുന്നതിനെതിരെ രൂക്ഷവിമര്‍ശമാണ് കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ചത്. കേരളമൊഴികെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഫോറന്‍സിക് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരെയാണ് ലാബില്‍ നിയമിക്കുന്നത്. കേരളത്തില്‍ മാത്രം ഇതര ബിരുദാനന്തര ബിരുദക്കാരെയാണ് നിയമിക്കുന്നത്. ഇവര്‍ക്ക് പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സില്‍ ഒരുവര്‍ഷത്തെ നിര്‍ബന്ധ പരിശീലനവും വര്‍ഷാവര്‍ഷം അനുബന്ധ പരിശീലനവും നല്‍കുകയാണ്. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദവും പിജിയും നേടിയവരെ അവഗണിച്ചാണ് ഇത്തരത്തില്‍ പണവും സമയവും നഷ്ടമാക്കുന്നത്. ഇതുസംബന്ധിച്ച സ്പെഷ്യല്‍ റൂള്‍ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് നിയമനത്തിനു തടസ്സം. കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തടയാനും പൊലീസ്സേനയെ സഹായിക്കാനാവുന്ന ക്രിമിനോളജിസ്റ്റിനും കേരളത്തില്‍ പരിഗണനയില്ല. ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളിലും എസ്ഐ, ഡിവൈഎസ്പി തസ്തികകളില്‍പ്പോലും ക്രിമിനോളജി ബിരുദക്കാര്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ കേരളത്തില്‍ ക്രിമിനോളജിസ്റ്റിന്റെ ഒരു തസ്തികയാണുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍നിന്ന് തെളിവു ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ട ഉദ്യോഗസ്ഥന് മതിയായ യോഗ്യതയില്ലാത്തതിനാല്‍ പരിശോധനയുടെ ആധികാരികതതന്നെ ചോദ്യംചെയ്യപ്പെടാമെന്ന് ഇന്ത്യന്‍ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം എസ് ശിവപ്രസാദ് പറഞ്ഞു.

ഫോറന്‍സിക് പരിശോധന ഇഴയുന്നു: ഹൈക്കാടതി

കൊച്ചി: സംസ്ഥാനത്തെ ഫോറന്‍സിക് പരിശോധന ലബോറട്ടറിയുടെ പ്രവര്‍ത്തനത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. അബ്കാരികേസുകളിലെ സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ അതിവേഗം ലഭിക്കുമ്പോള്‍ മറ്റു ക്രിമിനല്‍ക്കേസുകളിലെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ ചോദിച്ചു. കൊലപാതകക്കേസുകളിലും വ്യാജരേഖ ചമച്ചതിലും വ്യാജ ഒപ്പിട്ട് വസ്തുവകകള്‍ തട്ടിയെടുത്തുവെന്ന പരാതിയുള്ള കേസുകളിലും പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യാജ കള്ള്വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശം. വ്യാജ ഭാഗപത്രം ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തുവെന്നാരോപിച്ച് കായംകുളം സ്വദേശി വിജയമോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചു. 2011ല്‍ പൊലീസ് കേസെടുത്തുവെങ്കിലും രേഖയുടെ ഫോറന്‍സിക് പരിശോധനാ ഫലം ഇതുവരെ ലഭിക്കാത്തതിനാലാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ന് പൊലീസ് വിശദീകരിച്ചു.

deshabhimani 020313

1 comment: