Monday, March 4, 2013

കൂടുതല്‍ പരിഷ്കരണം ഉണ്ടാകുമെന്ന് ചിദംബരം


നിയമ നിര്‍മാണം ആവശ്യമില്ലാത്ത കൂടുതല്‍ പരിഷ്കരണ നടപടികള്‍ ധനബില്‍ പാസാക്കും മുമ്പ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പി ചിദംബരം അറിയിച്ചു. കസ്റ്റംസ്, എക്സൈസ്, സേവന നികുതികള്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകളിലാവും പരിഷ്കരണ നടപടിയുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട പണിപ്പുരയിലാണ് സര്‍ക്കാരെന്നും വാര്‍ത്താ എജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം വ്യക്തമാക്കി.

വളര്‍ച്ച പുനരാരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, നിയമ നിര്‍മാണം വേണ്ടാത്ത മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളൂം തീരുമാനങ്ങളും ഇനി ഉണ്ടാകും. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ജനപ്രിയ നടപടികള്‍ ഉണ്ടാകില്ല. ഒരു സര്‍ക്കാരിന് സാധ്യമായ അഞ്ച് ബജറ്റുകളും യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് അടുത്ത ഫെബ്രുവരിയില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് അവതരിപ്പിക്കുക. താന്‍ അവതരിപ്പിച്ച ബജറ്റില്‍ കോണ്‍ഗ്രസിന് സംതൃപ്തിയുള്ളതായി ചിദംബരം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വിമര്‍ശത്തിന് തന്നെ വ്യതിചലിപ്പിക്കാനാകില്ല. അവരുടെ കടമ തന്നെ വിമര്‍ശിക്കലാണ്. മാധ്യമങ്ങള്‍ ബജറ്റിലെ ചില കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്യുന്നതായി ചിദംബരം പറഞ്ഞു. ഇതാകട്ടെ പകുതി ഗൗരവമുള്ളതും ബാക്കി വിനോദപരവുമാണ്. വന്‍പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങളെ രസിപ്പിക്കും. എന്നാല്‍, ജനങ്ങള്‍ക്കു വേണ്ടത് ചെറിയ ചുവടുവയ്പ്പാണെന്ന് ചിദംബരം പറഞ്ഞു. ബജറ്റില്‍ വന്‍പ്രഖ്യാപനങ്ങള്‍ ഇല്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

പദ്ധതിച്ചെലവ് വെട്ടിക്കുറച്ചത് വളര്‍ച്ചയെ ബാധിക്കില്ല: അലുവാലിയ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷം ആറര ശതമാനം സാമ്പത്തികവളര്‍ച്ചയാണ് ലക്ഷ്യമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. വളര്‍ച്ചയുടെ തടസ്സം നീക്കാനാവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ 6.5 ശതമാനം വളര്‍ച്ച അസാധ്യമല്ല. കഴിഞ്ഞ ദശകം 7.4 ശതമാനം ശരാശരി ജിഡിപി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഉയര്‍ന്ന ധനകമ്മിയും വര്‍ധിച്ചുവരുന്ന വ്യാപാരശിഷ്ടവുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇവ പിടിച്ചുനിര്‍ത്തണം. കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കുകയും വേണം. ചിദംബരം അവതരിപ്പിച്ച ബജറ്റിന്റെ പ്രധാന ലക്ഷ്യമാണിത്. പദ്ധതിച്ചെലവില്‍ 92,000 കോടിയുടെ വെട്ടിക്കുറവ് വന്നത് ധനമന്ത്രി കര്‍ക്കശമായി ചട്ടം പാലിച്ചതുകൊണ്ടാണ്. 12-ാം പദ്ധതിയുടെ തുടക്കമായതുകൊണ്ട് കഴിഞ്ഞ വര്‍ഷം ചെലവില്‍ വലിയ വര്‍ധന വന്നിരുന്നു. എന്നാല്‍, പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മന്ത്രാലയങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നു. പദ്ധതിച്ചെലവ് ഗണ്യമായി വെട്ടിക്കുറച്ചത് വളര്‍ച്ചയെ ബാധിക്കില്ല. സര്‍ക്കാര്‍ എത്ര ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ച് മാത്രമല്ല ഒരു രാജ്യത്തിന്റെ വളര്‍ച്ച. നിക്ഷേപമുണ്ടായാല്‍ വളര്‍ച്ച സ്വാഭാവികമായും വരും- അലുവാലിയ പറഞ്ഞു.

deshabhimani 040313

No comments:

Post a Comment