Tuesday, March 5, 2013

ലീഗിന്റെ അപ്രീതിയില്‍ തഹസില്‍ദാരെ മാറ്റി


മുസ്ലിംലീഗ് നേതാക്കളുടെ അപ്രീതിയില്‍ കാസര്‍കോട് താലൂക്ക് തഹസില്‍ദാരുടെ സ്ഥാനം തെറിച്ചു. ചില ലീഗ് നേതാക്കന്മാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കാത്തതിനാല്‍ കുറച്ചുനാളായി തഹസില്‍ദാരെ മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ശനിയാഴ്ചയാണ് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. താലൂക്കോഫീസിലെ സ്ഥിരം സന്ദര്‍ശകനായ ലീഗ് നേതാവിന്റെ പ്രധാനസഹായിയെ ചേമ്പറില്‍നിന്ന് ഇറക്കിവിട്ടതാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിനുള്ള പ്രകോപനം. ഡിവൈഎസ്പിയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഓഫീസിനുള്ളിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് തഹസില്‍ദാര്‍ നേതാവിന്റെ പിഎയെ ഇറക്കിവിട്ടത്. ഇതിനുമുമ്പും ഇയാള്‍ തഹസില്‍ദാര്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ലീഗ് നേതാക്കള്‍ പറയുന്നത് അനുസരിക്കാത്ത ചെങ്കള വില്ലേജ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും മാറ്റിയ സംഭവവുമുണ്ട്. ഇവിടെ പകരം വില്ലേജ് ഓഫീസറാക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ ലീവിലായതിനാല്‍ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ തുടര്‍ച്ച കൂടിയാണ് തഹസില്‍ദാരുടെ മാറ്റം.

ചെങ്കള പഞ്ചായത്ത് ഓഫീസിന് സമീപത്തായി ലീഗ് നേതാവിന്റെ മകന് പതിച്ചുകിട്ടിയ രണ്ടായുള്ള സ്ഥലം ഒറ്റ പ്ലോട്ടാക്കി കൊടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാണ് വില്ലേജ് ജീവനക്കാരെ സ്ഥലംമാറ്റിയത്. ഇത് ഒറ്റ പ്ലോട്ടാണെന്നുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൊടുക്കണമെന്നും ബാക്കി കാര്യങ്ങള്‍ താലൂക്ക് ഓഫീസില്‍നിന്ന് ചെയ്യിച്ചോളാം എന്നുമായിരുന്നു ലീഗ് നേതാക്കളുടെ നിലപാട്. എന്നാല്‍ ലീഗ് നേതാക്കളുടെ ആവശ്യം നിയമപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും എഡിഎമ്മും വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പരമ്പര. താഴെനിന്ന് അനുകൂലമായ റിപ്പോര്‍ട്ട് വാങ്ങി കലക്ടര്‍നേരിട്ട് ലീഗ് ആവശ്യം സാധിച്ചുകൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാസര്‍കോട് തഹസില്‍ദാരെ മാറ്റി വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. ലീഗ് പറയുന്നതുപോലെ അനുസരിക്കുന്ന ഉദ്യോഗസ്ഥന്‍ ചെങ്കള വില്ലേജ് ഓഫീസറായും ഉടന്‍ നിയമിതനാകും.

deshabhimani 050313

No comments:

Post a Comment