Tuesday, March 5, 2013
പെട്രോള്‍-ഡീസല്‍ വില: ഇരുസഭയും സ്തംഭിച്ചു
അടിക്കടി പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ലോക്സഭ മൂന്നു തവണയും രാജ്യസഭ നാലു തവണയും തടസ്സപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന മറുപടി അംഗങ്ങളെ ചൊടിപ്പിച്ചു. പകല്‍ 11ന് ഇരുസഭയും സമ്മേളിച്ചപ്പോള്‍ ഇടതുപക്ഷ അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. ചോദ്യോത്തരവേള നിര്‍ത്തി വിഷയം ചര്‍ച്ചചെയ്യണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവച്ചു.
വീണ്ടും സഭ സമ്മേളിച്ചപ്പോഴും അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും അംഗങ്ങളുടെ പ്രതിഷേധംമൂലം അത് നടന്നില്ല. സമാജ്വാദി പാര്‍ടി അംഗങ്ങളും എന്‍ഡിഎ അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. എന്നാല്‍, അവര്‍ നടുത്തളത്തിലിറങ്ങിയില്ല. രണ്ടു മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ ചൊവ്വാഴ്ച ചേരാനായി പിരിഞ്ഞു.
രാജ്യസഭയിലും ഇടതുപക്ഷ, തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇത് ചോദ്യോത്തരവേളയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ മറുപടി. അംഗങ്ങളുടെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പത്ത് മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തി. രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല പെട്രോള്‍ വിലവര്‍ധനയുടെ കാര്യത്തില്‍ എണ്ണക്കമ്പനികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവിച്ചു. ഇത് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. കുതിച്ചുയരുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന നടപടിയാണ് പെട്രോള്‍ വിലവര്‍ധനയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. മൂന്നു മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന് അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. വിലവര്‍ധന പിന്‍വലിക്കുകയാണ് വേണ്ടതെന്ന് അംഗങ്ങള്‍ പറഞ്ഞു. സഭാ നടപടി നടത്തിക്കൊണ്ടുപോകാനാവാതെ ചൊവ്വാഴ്ച ചേരാനായി നിര്‍ത്തിവച്ചു.
(വി ജയിന്‍)
കുറഞ്ഞ ഇപിഎഫ് പെന്‍ഷന്‍ 1000 രൂപയാക്കല്‍ പരിഗണിക്കും
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍നിന്നുള്ള കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി നിശ്ചയിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പി കരുണാകരനെ ലോക്സഭയില്‍ തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ഇപിഎഫ് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമൊന്നും പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് രാജീവ്ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ അഭിയാന്‍ എന്ന പേരില്‍ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുമെന്ന് പി കരുണാകരനെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി കിഷോര്‍ചന്ദ്ര ദേവ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പശ്ചാത്തലസൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പരിശീലന പരിപാടികള്‍ക്ക് സഹായം എന്നിവ നല്‍കും. ചില കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പുതിയ പദ്ധതിയില്‍ ലയിപ്പിക്കും- അദ്ദേഹം അറിയിച്ചു.
ദേശീയപാത വികസനത്തിന് 304.68 കോടി രൂപയുടെ 40 നിര്‍ദേശങ്ങള്‍ കേരളത്തില്‍നിന്ന് ലഭിച്ചെന്നും ഇതില്‍ 13 പദ്ധതിക്കായി 114.54 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എ സമ്പത്തിനെ ഉപരിതല ഗതാഗത സഹമന്ത്രി എസ് സത്യനാരായണ അറിയിച്ചു. 48 രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ ഇന്ത്യ വ്യാപാരക്കമ്മി നേരിടുകയാണെന്ന് എം ബി രാജേഷിനെ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. ചൈനയും എണ്ണ ഉല്‍പ്പാദകരാജ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്കയുള്‍പ്പെടെ 105 രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ മെച്ചപ്പെട്ട നിലയാണ് ഇന്ത്യക്കുള്ളതെന്നും മന്ത്രി അറിയിച്ചു. വ്യവസായവികസനം മെച്ചപ്പെടുത്താനും 12 വര്‍ഷത്തിനിടയില്‍ 10 കോടി പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പി കെ ബിജുവിനെ ആനന്ദ് ശര്‍മ അറിയിച്ചു.
deshabhimani 050313
Labels:
പെന്‍ഷന്‍,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment