Friday, April 12, 2013
2.25 കോടി എവിടെനിന്ന് ?
ഡോ. യാമിനി തങ്കച്ചിക്കും മക്കള്‍ക്കും 2.25 കോടി രൂപ ജീവനാംശം നല്‍കിയ കെ ബി ഗണേശ്കുമാര്‍ എംഎല്‍എ പുതിയ വിവാദത്തില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും അതിന് മുമ്പും പിമ്പും ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്കിലും കാണിക്കാത്ത രണ്ട് കോടിയിലേറെ രൂപ എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഗണേശ് ഉത്തരം പറയേണ്ടിവരും. ചെന്നൈയിലെ ഫ്ളാറ്റ് വിറ്റ് 2.25 കോടി രൂപ നല്‍കുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ കരാര്‍. എന്നാല്‍, ഫ്ളാറ്റ് വിറ്റിട്ടില്ല. ഫ്ളാറ്റിന്റെ വിലയായി തെരഞ്ഞെടുപ്പ് കണക്കില്‍ കാണിച്ചത് 17.5 ലക്ഷം രൂപയാണ്. ഇത് രണ്ട് കോടിയിലേറെ രൂപ വിലമതിക്കുന്നതാണെന്നാണ് ഗണേശ് ഇപ്പോള്‍ പറയുന്നത്. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയതും കള്ളക്കണക്കാണെന്ന് വ്യക്തമായി. കണക്കില്‍പ്പെടാത്ത ഇത്രയും വലിയ തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തതിന്റെ വരുമാന ഉറവിടം ഗണേശ് വെളിപ്പെടുത്തേണ്ടി വരും. നേരത്തെ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖയിലില്ലാത്ത ഈ തുകയുടെ നികുതിയും പിഴയും അടച്ചാല്‍ മാത്രമേ കണക്കില്‍പ്പെടാത്ത പണം കൈകാര്യം ചെയ്തതിനുള്ള കുറ്റത്തില്‍നിന്ന് മോചിതനാകൂ. എന്നാലും വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനത്തിനുള്ള കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
പൊതുപ്രവര്‍ത്തകന്‍, മന്ത്രി,എംഎല്‍എ എന്നീ നിലകളില്‍ ഇത്രയും തുക കൈകാര്യം ചെയ്യുന്നത് അഴിമതിയാണ്. സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയെന്നാണ് വാദമെങ്കില്‍പ്പോലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തില്‍നിന്ന് ഒഴിവാകില്ല. മന്ത്രിയായിരിക്കെ ഗണേശ് ഒരു അഴിമതിയും നടത്തിയില്ലെന്ന അവകാശവാദം ഇതോടെ പൊളിയുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ഥ ആസ്തിയുടെ വിവരങ്ങള്‍ മറച്ചുവച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരവും ശിക്ഷാര്‍ഹവുമായ കുറ്റമാണ്. തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ നഗറിലെ 10.650 സെന്റിലുള്ള വീട്, വഴുതക്കാട് സെന്റര്‍ പ്ലാസയിലെ താഴത്തെ നില, വെള്ളിമണില്‍ 1.5 ഏക്കര്‍ ഭൂമി, പത്തനാപുരത്ത് വീടുള്‍പ്പെടെ 11 സെന്റ് സ്ഥലം, ചെന്നൈയില്‍ ഫ്ളാറ്റ്, പട്ടാഴിയിലെ 92 സെന്റ് നെല്‍വയല്‍, വാഗമണില്‍ 25 സെന്റ് ഭൂമി എന്നിവ തന്റെ പേരിലുണ്ടെന്ന് ഗണേശ്കുമാര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാം ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെ ആകെ ആസ്തി. 2010-11 സാമ്പത്തികവര്‍ഷം ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണില്‍ ആകെ വരുമാനം 5,93,920 രൂപ മാത്രമാണ് കാണിച്ചതും. ഈ വരുമാനം മാത്രമുള്ളയാള്‍ ഒരു രൂപയുടെ സ്വത്തുപോലും വില്‍ക്കാതെയാണ് 2.25 കോടി നല്‍കിയത്.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment