കിളിമാനൂര്‍: ദുഃസ്വാധീനങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്ന മാധ്യമങ്ങള്‍ നാടിന്റെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "മാധ്യമങ്ങളും ജനാധിപത്യവും" എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്. എന്നാല്‍, അതിനു വിരുദ്ധമായി നശീകരണത്തില്‍ പങ്കുവഹിക്കുന്നതിന്റെ ഉദാഹരണമാണ് നീര റാഡിയ ടേപ്പിലൂടെ പുറത്തുവന്നത്.
ഇന്ത്യയില്‍ അഴിമതി വളത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ഇതിലൂടെ പുറത്തുവന്നു. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാധ്യമങ്ങളെ ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചത് കേരളത്തിലാണ്. 57ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വം മാധ്യമങ്ങള്‍ക്കും പണം നല്‍കി. ഒരിക്കല്‍ രുചി അറിഞ്ഞാല്‍ ആ വഴിക്ക് നീങ്ങാനുള്ള പ്രവണത കുറ്റകൃത്യങ്ങളില്‍ സ്വാഭാവികമാണ്. നാടിന്റെ വികസനപദ്ധതികള്‍ തടസ്സപ്പെടുത്തുന്നതിലേക്ക് വരെ മാധ്യമരംഗത്തെ ജീര്‍ണത എത്തിയിരിക്കുകയാണ്. ടെന്‍ഡര്‍ ലഭിക്കാത്ത സ്ഥാപനങ്ങള്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നത് പതിവായി. ഇത് പദ്ധതിയെത്തന്നെ തകര്‍ക്കാന്‍ ഇടയാക്കുന്നു. ഇതിലൂടെ നാടിന്റെ പുരോഗതി തടയുകയാണ് മാധ്യമങ്ങള്‍. തീക്ഷ്ണമായ ഇടപെടലുകളിലൂടെ നാട് നേടിയെടുത്ത പ്രത്യേകതകളെ തകര്‍ക്കാന്‍ ഇന്ന് ശ്രമങ്ങള്‍ നടക്കുന്നു.
ജാതിരഹിത- മതരഹിത സമൂഹമാണ് കേരളത്തിന്റെ പ്രത്യേകത. അത് ഇല്ലാതാക്കി നാടിനെ പഴയ കാലത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടക്കുകയാണ്. അതിന്റെ ഭാഗമായി, നാട് തള്ളിക്കളഞ്ഞ അനാചാരങ്ങളെ പുനഃപ്രതിഷ്ഠിക്കാനും ശ്രമം നടക്കുന്നു. നാടിനെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുകയാണിപ്പോള്‍. രാഷ്ട്രീയമല്ലാത്ത പ്രശ്നങ്ങളെവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഇത് കേരളം കണ്ടു. തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏതറ്റംവരെയും പോകും. എന്തും വിളിച്ചുപറയും. ആരെയും എന്തുമാക്കിക്കളയും. ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയും എതിര്‍ക്കേണ്ട കാര്യങ്ങളെ നേരെ എതിര്‍ക്കുകയും ചെയ്യുന്നത് മാധ്യമ ധര്‍മമാണ്. എന്നാല്‍, അതല്ല ഇവിടെ നടക്കുന്നത്. വസ്തുതകളെ വക്രീകരിക്കുകയും അതിന്റെ ഭാഗമായി ഇല്ലാത്ത വാര്‍ത്തകള്‍ മെനയുകയും ചെയ്യുന്നത് മാധ്യമധര്‍മം അല്ലെന്നും പിണറായി പറഞ്ഞു.
deshabhimani 120413
No comments:
Post a Comment