ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വ്യാഴാഴ്ച വിസ്തരിച്ച ആറ് സാക്ഷികളും പൊലീസിന്റെ കള്ളക്കഥകള്‍ക്കെതിരെ മൊഴി നല്‍കി. പുനത്തില്‍മുക്ക് നാവുള്ളോര്‍ മീത്തല്‍ എന്‍ എം ലീല, ചൊക്ലി സി പി റോഡിലെ പുനത്തില്‍വീട് ലിജേഷ്, സി പി റോഡ് അച്ചന്‍പറമ്പത്ത് നിഖില്‍, ചൊക്ലി ഒളവിലം വാക്കൂക്കല്‍ സുരേഷ്ബാബു, പുനത്തില്‍ വലിയപറമ്പത്ത് ഖാദര്‍, വെള്ളൂര്‍ കാറമ്മല്‍ വി കെ നിഷാദ് എന്നിവരാണ് പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ എതിരായി മൊഴി നല്‍കിയത്. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവരുടെ എണ്ണം 32 ആയി. വിസ്തരിച്ച 62 സാക്ഷികളില്‍ പകുതിയിലേറെ പേര്‍ സത്യം പുറത്തുപറഞ്ഞ് രംഗത്തുവന്നത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി.
ബുധനാഴ്ച ഹാജരാകാതിരുന്ന എന്‍ എം ലീലയെയാണ് ആദ്യം വിസ്തരിച്ചത്. ഇവരെ വാറണ്ടയച്ച് കോടതി വരുത്തുകയായിരുന്നു. കേസിലെ പ്രതി ഷോബിയെ അറിയില്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ലീല മൊഴി നല്‍കി. ഷോബിയുടെ കാര്‍ തന്റെ വീട്ടില്‍ നിര്‍ത്തിയിടാറില്ല. ഷോബി പൊലീസിനെയും കൂട്ടി വീട്ടില്‍വന്ന് വാഹനം കാണിച്ചുകൊടുത്തു എന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. ഇപ്രകാരം പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. പൊലീസ് കാര്യങ്ങള്‍ ചോദിച്ച് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുടുംബത്തിന് സിപിഐ എമ്മുമായി ബന്ധമില്ലെന്നും സാക്ഷി വ്യക്തമാക്കി.
കേസിലെ പ്രതി ഷാജിയുമായി പൊലീസ് വീട്ടില്‍വന്ന് പരിശോധിക്കുന്നത് കണ്ടിട്ടില്ലെന്ന് ചൊക്ലി ഒളവിലം വാക്കൂക്കല്‍ സുരേഷ്ബാബു ബോധിപ്പിച്ചു. പൊലീസ് പരിശോധിച്ച് തയാറാക്കിയ മഹസറില്‍ ഒപ്പിട്ടിട്ടില്ല. വടകര ക്യാമ്പ് ഓഫീസില്‍ വെള്ളക്കടലാസിലാണ് ഒപ്പിട്ടത്. ഭാര്യാസഹോദരനായ ഷാജുവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതറിഞ്ഞാണ് ക്യാമ്പ് ഓഫീസില്‍ എത്തിയത്. ഷാജുവിനെ പുറത്തിറക്കണമെങ്കില്‍ കടലാസില്‍ ഒപ്പിടണമെന്ന് പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ സാക്ഷി മൊഴി നല്‍കി. ഒന്നും എഴുതാത്ത കടലാസില്‍ പൊലീസ് പറഞ്ഞതനുസരിച്ച് ഒപ്പിടുകയായിരുന്നുവെന്ന് ചൊക്ലി സി പി റോഡിലെ പുനത്തില്‍വീട് ലിജേഷ് മൊഴി നല്‍കി. പൊലീസ് മൊഴി വായിച്ചുകേള്‍പ്പിക്കുകയോ താന്‍ വായിച്ചുനോക്കുകയോ ഉണ്ടായിട്ടില്ല. കേസിലെ പ്രതി ഷാജു 2012 ജൂണ്‍ ആറിന് ചൊക്ലിയിലെ പൊക്കന്‍ സുരേന്ദ്രന്റെ വീട്ടുമുറ്റം പരിശോധിക്കുന്നതും ചാരം കവറിലാക്കുന്നതും കണ്ടിട്ടില്ല. അപ്രകാരം പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ലിജേഷ് പറഞ്ഞു.
2012 ജൂണ്‍ ആറിന് ചൊക്ലിയിലെ പൊക്കന്‍ സുര്രേന്ദന്റെ വീട്ടുമുറ്റം പരിശോധിക്കുന്നതും മഹസര്‍ തയാറാക്കുന്നതും കണ്ടിട്ടില്ലെന്ന് സി പി റോഡ് അച്ചന്‍പറമ്പത്ത് നിഖിലും മൊഴി നല്‍കി. പൊലീസ് തന്റെ മൊഴിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് നിര്‍ബന്ധിച്ച് രേഖയില്‍ ഒപ്പിടുവിച്ചതാണെന്നും സാക്ഷി വ്യക്തമാക്കി. കേസില്‍ പ്രതിയായി ചേര്‍ത്ത പി കെ കുഞ്ഞനന്തന്‍, കുമാരന്‍ എന്നിവരെ സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവിട്ട സംഭവം ഉണ്ടായിട്ടില്ലെന്ന് വെള്ളൂര്‍ കാറമ്മല്‍ വി കെ നിഷാദ് മൊഴി നല്‍കി. ഇപ്രകാരം പൊലീസിനോട് പറഞ്ഞിട്ടുമില്ല. കുഞ്ഞനന്തനെയും കുമാരനെയും അറിയില്ലെന്നും പ്രോസിക്യൂഷന് മറുപടിയായി സാക്ഷി വ്യക്തമാക്കി. സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍പോലും എസ്എഫ്ഐ നേതാവെന്ന നിലയില്‍ പൊലീസ് പല കേസുകളിലും തന്നെ പ്രതിയാക്കിയിട്ടുണ്ടെന്ന് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറികൂടിയായ നിഷാദ് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ബോധിപ്പിച്ചു.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി വി ഹരി, കെ വിശ്വന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. ചികിത്സ ആവശ്യമായതിനാല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് പ്രതി കെ സി രാമചന്ദ്രനെ കോടതി ഒഴിവാക്കി. പൊലീസ് കസ്റ്റഡിയിലേറ്റ മര്‍ദനത്തെത്തുടര്‍ന്നാണ് രാമചന്ദ്രന്‍ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
പ്രോസിക്യൂഷന്റെ ചോദ്യം അവ്യക്തം; സാക്ഷിവിസ്താരം മുടങ്ങി
കോഴിക്കോട്: പ്രോസിക്യൂഷന്റെ ചോദ്യം അവ്യക്തമായതിനെത്തുടര്‍ന്ന് സാക്ഷിവിസ്താരം മുടങ്ങി. എഴുപത്തെട്ടുകാരനായ പുനത്തില്‍ വലിയപറമ്പത്ത് ഖാദറിനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി വിസ്തരിക്കുമ്പോഴാണിത്. പല ചോദ്യങ്ങളും സാക്ഷിക്ക് മനസ്സിലായില്ല. സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചതിനു ശേഷം ചോദ്യങ്ങള്‍ തുടങ്ങിയപ്പോള്‍ സാക്ഷി എന്തെന്നറിയാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. ഉള്ളടക്കം മനസ്സിലാക്കാതെ സാധാരണ ഏതെങ്കിലും രേഖയില്‍ ഒപ്പിടാറുണ്ടോ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം. പലവട്ടം ചോദ്യം ആവര്‍ത്തിച്ചിട്ടും എന്താണെന്ന് മനസ്സിലാവാതെ സാക്ഷി പതറി. വിസ്താരം നിര്‍ത്തി സാക്ഷിയോട് കൂട്ടില്‍നിന്ന് ഇറങ്ങാന്‍ ഈ സമയത്ത് ജഡ്ജി ആവശ്യപ്പെട്ടു. കോടതിയുടെ സമയം കളയാനാവില്ലെന്നും കോടതി പറഞ്ഞിട്ടേ പോകാവൂ എന്നും പറഞ്ഞ് ഖാദറിനെ വിസ്തരിക്കുന്നത് നിര്‍ത്തി. മറ്റു സാക്ഷികളെയെല്ലാം വിസ്തരിച്ചതിനുശേഷം അവസാനമായാണ് പിന്നീട് ഖാദറെ വിസ്തരിച്ചത്.
ചോദ്യം മനസ്സിലാകാഞ്ഞതു മൂലമാണ് ഉത്തരം പറയാന്‍ കഴിയാതിരുന്നതെന്ന് ഖാദര്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ വ്യക്തതയോടെ ജഡ്ജി ആവര്‍ത്തിച്ചു. രേഖകളിലെ ഉള്ളടക്കം മനസ്സിലാക്കിയേ ഒപ്പിടാറുള്ളുവെന്ന് ഖാദര്‍ മൊഴി നല്‍കി. കേസിലെ പ്രതി ഷാജുവിന്റെ വീട്ടില്‍വന്ന് പൊലീസ് പരിശോധിക്കുന്നത് കണ്ടിട്ടില്ല. പൊലീസിന്റെ രേഖയില്‍ ഒപ്പിട്ടത് ഉള്ളടക്കം മനസ്സിലാക്കിയിട്ടല്ല. രണ്ടാംക്ലാസ് വരെയേ താന്‍ പഠിച്ചിട്ടുള്ളുവെന്നും വായിക്കാനറിയില്ലെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ഖാദര്‍ ബോധിപ്പിച്ചു. എഴുതിയ കാര്യങ്ങള്‍ പൊലീസ് വായിച്ചു കേള്‍പ്പിച്ചിട്ടില്ല. പ്രായാധിക്യം കണക്കിലെടുത്ത് സാക്ഷിക്കൂട്ടിലെ സ്റ്റൂളില്‍ ഇരുന്നാണ് ഖാദറിനെ വിസ്തരിച്ചത്.
deshabhimani 120413
No comments:
Post a Comment