കോണ്‍ഗ്രസിന്റെ അടിത്തറയായ നെഹ്റു കുടുംബം പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരായിരുന്നുവെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിട്ടും മുഖ്യപ്രതിപക്ഷ പാര്‍ടിയായ ബിജെപിക്ക് മൗനം. സ്വീഡിഷ് വിമാനനിര്‍മാണ കമ്പനിക്കുവേണ്ടി രാജീവ്ഗാന്ധി ഇടനിലക്കാരനായി എന്ന വിവരം പുറത്തുവന്നപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ട ബിജെപി സഞ്ജയ് ഗാന്ധിയുടെ ഇടപാടുകള്‍ വെളിച്ചത്തായതോടെ നിശബ്ദരായിരിക്കുകയാണ്. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയും മകന്‍ വരുണ്‍ഗാന്ധിയും തങ്ങളുടെ നേതാക്കളായതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ വരുണിനെ കഴിഞ്ഞ ഭാരവാഹി പുനഃസംഘടനയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തിയിരുന്നു. മേനക ഗാന്ധിയും ബിജെപിയുടെ ലോക്സഭാംഗമാണ്. വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ കേസിലകപ്പെട്ട കുപ്രസിദ്ധനാണ് വരുണ്‍ ഗാന്ധി. അടുത്ത ലോക്സഭാഭതെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് ബദലായി ഉത്തര്‍പ്രദേശില്‍ വരുണിനെ ഉപയോഗപ്പെടുത്താം എന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാല്‍, വരുണ്‍ നേതൃത്വത്തിലെത്തിയതോടെ, നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. വാര്‍ത്താസമ്മേളങ്ങളില്‍ വിക്കിലീക്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുപോലും ബിജെപി നേതാക്കള്‍ പ്രതികരിക്കാറില്ല.
രാജീവ്ഗാന്ധിയും സഞ്ജയ്ഗാന്ധിയും ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരായി കമീഷന്‍ പറ്റിയെന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ പുറത്തായത്. രാജീവ്ഗാന്ധി സ്വീഡിഷ് കമ്പനിയായ സാബ് സ്കാനിയയുടെ ഏജന്റായും സഞ്ജയ്ഗാന്ധി ബ്രിട്ടീഷ് എയര്‍ ക്രാഫ്റ്റ് കോര്‍പറേഷന്റെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചുവെന്നാണ് വിക്കിലീക്സ് പരസ്യമാക്കിയത്. രാജ്യത്തെ പ്രതിരോധ കുംഭകോണങ്ങള്‍ നെഹ്ഹു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ബിജെപി മുമ്പ് പല പ്രാവശ്യം ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബം പൂര്‍ണമായും പ്രതിരോധത്തിലായിട്ടും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് മിണ്ടാട്ടമില്ല. ബിജെപിയുടെ മൗനത്തിലാണ് സോണിയ കുടുംബവും കോണ്‍ഗ്രസും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ വരുണ്‍ഗാന്ധിയെ പ്രധാന പ്രചാരകനാക്കാനുള്ള പദ്ധതിക്ക് തടസ്സമാകുന്ന കാര്യത്തില്‍ തല്‍ക്കാലം തലയിടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.
തമിഴ്നാടിനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍ ഡിഎംകെ മന്ത്രി യുഎസ് നിലപാട് തേടി
ന്യൂഡല്‍ഹി: തമിഴ്നാടിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രമാക്കാന്‍ അടിയന്തരാവസ്ഥക്കാലത്ത് ഡിഎംകെ താല്‍പ്പര്യപ്പെട്ടതായി വിക്കി ലീക്സ് രേഖ. സ്വതന്ത്രരാജ്യമായാല്‍ അമേരിക്ക പിന്തുണയ്ക്കുമോയെന്ന് ഡിഎംകെയുടെ പ്രമുഖ നേതാവ് യുഎസ് നയതന്ത്ര പ്രതിനിധിയോട് ആരാഞ്ഞതായും വിക്കി ലീക്സ് വെളിപ്പെടുത്തി. ഡിഎംകെ മന്ത്രിസഭയില്‍ തൊഴില്‍-ഭവന നിര്‍മാണ മന്ത്രിയായിരുന്ന കെ രാജാറാമാണ് അമേരിക്കന്‍ പിന്തുണ തേടിയത്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങള്‍ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ ആകുകയാണെങ്കില്‍ വിഘടനവാദത്തെ അമേരിക്ക പിന്തുണച്ചേക്കുമെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റുമായി ബന്ധമുള്ള ഒരു വ്യക്തി കരുണാനിധിയെ അറിയിച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. വിയത്നാം അനുഭവത്തിനുശേഷം ഏഷ്യയില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടാകില്ലെന്നാണ് കരുണാനിധി ഇതിനോട് പ്രതികരിച്ചത്. 1975 ജൂലൈ മൂന്നിന് ഇന്ത്യയിലെ യുഎസ് നയതന്ത്രജ്ഞര്‍ വാഷിങ്ടണിലേക്ക് അയച്ച കേബിള്‍ സന്ദേശത്തിലാണ് രാജാറാമിന്റെ ആവശ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് നയതന്ത്ര പ്രതിനിധി അറിയിച്ചതായും സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തരവിഷയമാണിത്. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും അഖണ്ഡതയെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും പ്രതിനിധി അറിയിച്ചു.
തമിഴ്നാടിനെ സ്വതന്ത്ര രാഷ്ട്രമാക്കാന്‍ ഡിഎംകെ ഗൗരവമായി ചിന്തിക്കുന്നുണ്ടോയെന്ന് യുഎസ് പ്രതിനിധി ആരാഞ്ഞപ്പോള്‍ ഉന്നതതലത്തില്‍ ആലോചന തുടങ്ങിയിട്ടില്ലെന്നായിരുന്നു രാജാറാമിന്റെ മറുപടി. ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡര്‍ കഴകം "സ്വതന്ത്ര തമിഴ്നാട്" എന്ന ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ത്യാ- ചൈന യുദ്ധകാലത്ത് നെഹ്റു സര്‍ക്കാര്‍ വിഘടനവാദ വിരുദ്ധ നിയമം കൊണ്ടുവന്നതിനുശേഷം ദ്രാവിഡര്‍ കഴകം ഈ ആവശ്യം ഉപേക്ഷിക്കുകയും ഫെഡറല്‍ ഘടന അംഗീകരിക്കുകയും ചെയ്തു. പതിമൂന്നു വര്‍ഷത്തിനുശേഷം അടിയന്തരാവസ്ഥക്കാലത്താണ് ഡിഎംകെ വീണ്ടും വിഘടനവാദ ആശയം ഉയര്‍ത്തിയത്. ഉന്നതങ്ങളില്‍ ചര്‍ച്ച സജീവമായിട്ടില്ലെങ്കിലും പാര്‍ടിയിലെ യുവാക്കള്‍ക്ക് ഇന്ത്യ വിടണമെന്ന അഭിപ്രായം ശക്തമാണെന്ന് യുഎസ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജാറാം അറിയിച്ചു.
deshabhimani 110413
No comments:
Post a Comment