Friday, April 12, 2013

റേഷന്‍വിതരണം പ്രതിസന്ധിയില്‍


കേരളത്തില്‍ റേഷന്‍കടകള്‍ വഴിയുള്ള അരി- ഗോതമ്പ് വിതരണം പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട അരിയുടെയും ഗോതമ്പിന്റെയും അളവില്‍ കുറവ് വന്ന സാഹചര്യത്തില്‍ എപിഎല്‍- ബിപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് കേരള ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ബിപിഎല്‍ വിഭാഗത്തിന്റെ 24 കിലോ അരി 18 കിലോ ആയും എപിഎല്‍ വിഭാഗത്തിന്റെ 10.5 കിലോ ആറു കിലോയായും കുറയ്ക്കും. ഗോതമ്പിന്റെ അളവ് വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ റെക്കോഡ് വിളവ് ലഭിച്ചതിനുപിന്നാലെയാണ് കേരളത്തില്‍ റേഷന്‍ വിതരണം അവതാളത്തിലേക്ക് നീങ്ങുന്നത്. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി ലഭിച്ചില്ലെങ്കില്‍ റേഷന്‍കടകള്‍ വഴിയുള്ള അരി വിതരണം ഉടന്‍ തന്നെ നിയന്ത്രിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസിനെ കണ്ടു. തീരുമാനം ഉടനെടുക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളം വിഷു ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഭക്ഷ്യധാന്യ പ്രതിസന്ധി ഉടലെടുത്തത്. 2012-13ല്‍ എപിഎല്‍ വിഭാഗത്തിനായി 6,18,168 മെട്രിക് ടണ്‍ അരി അനുവദിച്ചത് നടപ്പുവര്‍ഷം 4,32,672 മെട്രിക് ടണ്ണായി വെട്ടിക്കുറച്ചു. ബിപിഎല്‍ വിഭാഗത്തിനായി 2012-13ല്‍ 5,36,495 മെട്രിക് ടണ്‍ അരി അനുവദിച്ചപ്പോള്‍ നടപ്പുവര്‍ഷം ഇത് 3,18,792 ടണ്ണായി വെട്ടിച്ചുരുക്കി. 2012-13ല്‍ എപിഎല്‍ വിഭാഗത്തിന് 2,01,912 മെട്രിക് ടണ്‍ ഗോതമ്പ് അനുവദിച്ചയിടത്ത് ഇത്തവണ 1,41,324 മെട്രിക്ക് ടണ്ണായി കുറച്ചു. ബിപിഎല്‍ വിഭാഗത്തിന് 2012-13ല്‍ 1,71,597 മെട്രിക് ടണ്‍ അനുവദിച്ചത് 83,556 മെട്രിക് ടണ്ണായി കുറച്ചു. ബിപിഎല്‍ വിഭാഗത്തിനുള്ള അരിയും ഗോതമ്പും വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുമെങ്കിലും പൊതുവിപണിയില്‍നിന്നും ഉയര്‍ന്ന വിലയ്ക്ക് അരി വാങ്ങി വിതരണം ചെയ്യാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ലെന്ന് അനൂപ് പറഞ്ഞു. വിഹിതം വെട്ടിക്കുറച്ചതിന്റെ പേരില്‍ കേന്ദ്രത്തെ പഴിചാരാനില്ല.

അധികവിഹിതം എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിപിഎല്ലുകാര്‍ക്കുള്ള അരിയില്‍ അധികമായി അനുവദിച്ച ക്വോട്ടയില്‍ കഴിഞ്ഞ ഫെബ്രുവരിവരെ 57 ശതമാനമേ എടുത്തുള്ളു. മാര്‍ച്ചില്‍ 77 ശതമാനമായി. ശേഷിക്കുന്ന വിഹിതംകൂടി എടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്- അനൂപ് പറഞ്ഞു. കേരളത്തിനുള്ള റേഷന്‍ വിഹിതത്തില്‍ ഒരു അരിമണിയുടെ കുറവുപോലും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി കെ വി തോമസ് അവകാശപ്പെടുന്നത്. സംസ്ഥാനത്തിനുള്ള വിഹിതം പൂര്‍ണമായി നല്‍കിയിട്ടുണ്ട്. അധികവിഹിതം അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ചചെയ്യും. കേരളത്തിന്റെ ആവശ്യം ധനമന്ത്രാലയത്തിന്റെ അനുമതിക്കായി വിട്ടിട്ടുണ്ട്- തോമസ് പറഞ്ഞു. റേഷന്‍ വിഹിതം കൂടുതല്‍ വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് പരിഗണന ലഭിക്കില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സബ്സിഡി ചെലവ് പരമാവധി പിടിച്ചുനിര്‍ത്താനാണ് ധനമന്ത്രാലയത്തിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തിന് പരിഗണന കിട്ടില്ല.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment