Friday, April 12, 2013
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ കോടതിയെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. 2011 ഒക്ടോബറില്‍ കൃഷിമന്ത്രി ചെയര്‍മാനായി രൂപീകരിച്ച ജില്ലാതല സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ബോവിക്കാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബി സി കുമാരന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിശദീകരണം നല്‍കിയത്. മുമ്പ് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
ജില്ലാതല സെല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്. ഇതിനുള്ള വിശദീകരണത്തിലാണ് എല്ലാ മാസവും സെല്‍ യോഗം ചേരുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, കൃഷി, സിവില്‍ സപ്ലൈസ് എന്നീ അഞ്ച് സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിച്ച സെല്‍ ഔദ്യോഗികമായി ഇന്നേവരെ യോഗം ചേര്‍ന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 25ന് പാര്‍ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നെങ്കിലും അത് സെല്‍ യോഗമായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നിരാഹാരസമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായിരുന്നു യോഗം. ഏപ്രില്‍ നാലിന് സെല്‍ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. അതിന്റെ യോഗവും ചേര്‍ന്നിട്ടില്ല.
യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയില്‍, ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ 2006മുതല്‍ പ്രവര്‍ത്തിക്കുന്ന സെല്ലിനെ സര്‍ക്കാരിന്റേതായി ചിത്രീകരിച്ചാണ്വിശദീകരണം നല്‍കിയത്. അതേസമയം സര്‍ക്കാര്‍ സെല്‍ പുനഃസംഘടിപ്പിച്ച് നാലിന് ഇറക്കിയ ഉത്തരവില്‍ ജില്ലാപഞ്ചായത്തിന്റെ സെല്ലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് സബ് കമ്മിറ്റികള്‍ രൂപീകരിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മാതൃകാപരമായി ഏറ്റെടുത്ത സെല്‍ പിരിച്ചുവിട്ടശേഷമാണ് നല്ല രീതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത്.
നാനൂറ് കോടി രൂപയുടെ പ്രത്യേക പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ അപേക്ഷ ആസൂത്രണബോര്‍ഡ് തള്ളിയ വാര്‍ത്ത വന്നതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കള്ളകളി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച പാക്കേജുതന്നെ ധാരളമാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ മനുഷ്യാവകാശ കമീഷന്റെ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രമോ, സംസ്ഥാനമോ ചില്ലിക്കാശ് നീക്കിവച്ചിട്ടില്ല. ദുരന്തബാധിതര്‍ക്ക് അഞ്ചുലക്ഷവും മൂന്നു ലക്ഷവും ധനസഹായം നല്‍കണമെന്ന കാര്യത്തില്‍ മാത്രമാണ് ചെറിയ നടപടി സ്വീകരിച്ചത്. അതാകാട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ 27 കോടി രുപ ഉപയോഗിച്ചും. 1613 പേര്‍ക്കേ ആദ്യഗഡു കൊടുത്തുള്ളൂ. ഇവരുടെപേരില്‍ ബാങ്കിലിടുമെന്ന് പറഞ്ഞ തുക എപ്പോള്‍ നിക്ഷേപിക്കുമെന്നും അറിയില്ല. ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് തുക നല്‍കാനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment