Wednesday, April 3, 2013
നൊവാര്‍ട്ടിസിനെതിരായ വിധി: വഴിയൊരുക്കിയത് ഇടതുപക്ഷം
രക്താര്‍ബുദ മരുന്നിന്റെ പേറ്റന്റ് കേസില്‍ ബഹുരാഷ്ട്രകമ്പനിയായ നൊവാര്‍ട്ടിസിനെതിരെ സുപ്രീംകോടതി വിധിക്ക് അടിസ്ഥാനമായത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍. ഇടതുപക്ഷത്തിന്റെ നിര്‍ബന്ധംകൊണ്ടുമാത്രം ഉള്‍പ്പെടുത്തിയ ഭേദഗതിയാണ് സുപ്രീംകോടതി വിധിക്ക് അടിസ്ഥാനം. പേറ്റന്റ് കാലാവധി തീരുമ്പോള്‍ ചില്ലറ മാറ്റം വരുത്തി ഉല്‍പ്പന്നങ്ങളുടെ പേറ്റന്റ് തുടരുന്ന മരുന്നു കമ്പനികളുടെ തട്ടിപ്പ് തടയുന്ന മൂന്ന്(ഡി) വകുപ്പ് മൂന്നാം പേറ്റന്റ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തെതുടര്‍ന്നായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്താണ് കേന്ദ്രം പേറ്റന്റ് ഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്.
"ക്രോണിക് മയലോയ്ഡ് ലുക്കിമിയ" എന്ന രക്താര്‍ബുദ ചികിത്സയ്ക്ക് ഇമാറ്റിനിബ് മെസിലേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ ചുരുങ്ങിയ വിലയ്ക്ക് നിര്‍മിക്കുന്ന അതേ മരുന്ന് ചില്ലറ വ്യത്യാസത്തോടെ നിര്‍മിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ അവസരമൊരുക്കിയിരുന്നു യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്. 2005 ബജറ്റ് സമ്മേളനത്തില്‍ ഭേദഗതി പാര്‍ലമെന്റിന്റെ മുന്നിലെത്തി. പേറ്റന്റ് കാലാവധിയായ 20 വര്‍ഷത്തിന് ശേഷം മരുന്നിന്റെ ഉല്‍പ്പാദനകുത്തകയ്ക്കായി ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് നേടുകയാണ് ബഹുരാഷ്ട്ര കമ്പനികള്‍ ചെയ്തിരുന്നത്. പുതിയ കണ്ടുപിടിത്തങ്ങളോ സാങ്കേതികമേന്മയോ ഉണ്ടായാല്‍ വീണ്ടും പേറ്റന്റ് നല്‍കാമെന്നാണ് ഓര്‍ഡിനന്‍സ് പറയുന്നത്.
എന്നാല്‍, ഇത്തരത്തിലുള്ള വകുപ്പുമായി പേറ്റന്റ് ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം യുപിഎ നേതൃത്വത്തെ അറിയിച്ചു. നിലവിലുള്ള ഒരു മരുന്നില്‍ അതിന്റെ കഴിവ് വര്‍ധിപ്പിക്കാത്ത അവസ്ഥയില്‍ പേറ്റന്റ് നല്‍കരുതെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. പേരിനുമാത്രം മാറ്റം വരുത്തി പേറ്റന്റ് അനുവദിക്കരുതെന്നും അറിയിച്ചു. എന്നാല്‍, ഈ മാറ്റം വരുത്താതെ ഭേദഗതി ബില്‍ വോട്ടിനിടുമെന്ന് ഘട്ടം വന്നപ്പോള്‍ സിപിഐ എം നേതൃത്വം പേറ്റന്റ് ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്യുമെന്ന് യുപിഎ നേതൃത്വത്തെ അറിയിച്ചു.
തുടര്‍ന്ന് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗംഎസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. യോഗത്തില്‍ പങ്കെടുത്ത ധന, വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഇടതുപക്ഷത്തിന്റെ ഭേദഗതിക്കെതിരായിരുന്നു. നൊവാര്‍ട്ടിസ് പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കൊള്ളലാഭം നേടാന്‍ വഴിയൊരുക്കണമെന്നായിരുന്നു ഇവരുടെ വാദം.
എന്നാല്‍, സര്‍ക്കാര്‍ നിലനില്‍ക്കണോ, നൊവാര്‍ട്ടിസിനെ രക്ഷിക്കണോ എന്ന ചോദ്യം ശക്തമായി ഉയര്‍ത്തിയ വേളയിലാണ് ഇടതുപക്ഷത്തിന്റെ ഭേദഗതി ഉള്‍പ്പെടുത്താമെന്ന് യുപിഎ സര്‍ക്കാര്‍ സമ്മതിച്ചത്. ഇടതുപക്ഷം പറഞ്ഞ ഭേദഗതി സര്‍ക്കാര്‍ അവതരിപ്പിച്ചതിനുശേഷംമാത്രമാണ് ഭേദഗതി നിയമത്തിന് അനുകൂലമായി ഇടതുപക്ഷം വോട്ട് ചെയത്ത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തമായ ഇടപെടലാണ് സുപ്രീംകോടതി വിധിക്ക് കാരണമായതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.
(വി ബി പരമേശ്വരന്‍)
deshabhimani 030413
Labels:
ആരോഗ്യരംഗം,
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment