Thursday, April 18, 2013

മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട്; കോടതിയില്‍ നിന്ന് മുങ്ങി


മുന്‍ പാക് പ്രസിഡന്റ് പര്‍വേഷ് മുഷാറഫിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യം നീട്ടി നല്‍കണമെന്ന മുഷറഫിന്റെ അപേക്ഷ കോടതി തള്ളി. 2007 മാര്‍ച്ചില്‍ ന്യായാധിപന്‍മാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് കോടതി വിധി. വിധി വന്ന ശേഷം അംഗരക്ഷകരുടെ സഹായത്തോടെ കാറില്‍ കയറിപ്പോയ മുഷറഫ് എവിടെയാണെന്നറിയില്ല. അദ്ദേഹം ഒളിവില്‍ പോയതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം തന്റെ ഫാം ഹൗസില്‍ കഴിയുന്ന മുഷറഫിനെ ഏതു സമയത്തും അറസ്റ്റു ചെയ്തേക്കാമെന്ന് ഡോണ്‍ പത്രം പറയുന്നു.

മുഷറഫ് രാജ്യം വിട്ടു പോകരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മുഷറഫ് രാജ്യം വിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വരുന്ന മെയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി മുഷറഫ് സമര്‍പ്പിച്ചിരുന്ന നാലു പത്രികകളും നേരത്തെ പാക് തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. പ്രകടന പത്രിക ഉള്‍പ്പടെ തയ്യാറാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതിനിടെയാണ് കമീഷന്‍ മുഷറഫിന്റെ പത്രിക തള്ളിയത്. നാമനിര്‍ദേശപത്രിക നിരസിച്ചതിനെതിരെ അദ്ദേഹം നല്‍കിയ അപ്പീലും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷനും അതേ നിലപാട് സ്വീകരിച്ചു.

മുഷാറഫ് ജഡ്ജിമാരെ പിരിച്ചുവിടുകയും ഭരണഘടനാ ലംഘനം നടത്തിയിട്ടുണ്ടെന്നും എതിര്‍ സ്ഥാനാര്‍ഥി പരാതി നല്‍കിയിരുന്നു. കറാച്ചി, കസൂര്‍, ഇസ്ലാമാബാദ് എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ നാമനിര്‍ദേശപത്രികകളും ആദ്യഘട്ടത്തില്‍ തന്നെ തള്ളി. ചിത്രാള്‍ മണ്ഡലത്തിലെ നാമനിര്‍ദേശം മാത്രം സ്വീകരിച്ചു. നാലു വര്‍ഷം ദുബൈയില്‍ പ്രവാസത്തിനു ശേഷം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി കഴിഞ്ഞമാസമാണ് മുഷാറഫ് തിരിച്ചെത്തിയത്.

deshabhimani

No comments:

Post a Comment