Thursday, July 14, 2011

പുനഃസംഘടന എന്ന വൃഥാവ്യായാമം

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ അഴിച്ചുപണിയാണ് ചൊവ്വാഴ്ച നടന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതു ശരിയെങ്കില്‍ ഇനി ഡിഎംകെയില്‍നിന്ന് രണ്ടു മന്ത്രിമാര്‍ ഉണ്ടായേക്കാം. അതല്ലാതെ മറ്റു കൂട്ടിച്ചേര്‍ക്കലുകളുണ്ടാകില്ല. പുനഃസംഘടനയില്‍ രാജ്യതാല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കിയതെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന് മന്ത്രിസഭയില്‍ സ്വതന്ത്രപദവി നല്‍കുന്നതും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയെ മന്ത്രിയാക്കുന്നതും രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നര്‍ഥം.

യുപിഎ സര്‍ക്കാര്‍ ഒട്ടും മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്നു കൂടിയാണ് ഈ പുനഃസംഘടനയില്‍ വ്യക്തമായത്. കേസ് വന്ന് തലയില്‍കയറി ജാമ്യംപോലും കിട്ടാത്ത അവസ്ഥയിലായേ അഴിമതിക്കാരായ മന്ത്രിമാരെ ഒഴിവാക്കൂ. എ രാജ മന്ത്രിമന്ദിരത്തില്‍നിന്ന് തിഹാര്‍ ജയിലിലേക്കാണ് പോയത്. പിന്നീട് രാജിവയ്ക്കേണ്ടിവന്ന ദയാനിധി മാരന്റെ ഭാവിയും മറ്റൊന്നല്ല. പി ചിദംബരത്തിനെതിരെ ഉയര്‍ന്നത് അതേ ഗൗരവമുള്ള ആരോപണങ്ങളാണ്. മന്ത്രിസഭയില്‍നിന്ന് ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്നര്‍ഥം. അഴിമതിരാജാണ് ഇന്ത്യയിലെന്നത് കോണ്‍ഗ്രസിനുപോലും സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഡോ. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കുന്നത് രാജ്യചരിത്രത്തില്‍ ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ സര്‍ക്കാരിനാണ്. മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങള്‍ അഴിമതിക്കെതിരെ അതീവരോഷത്തോടെ രംഗത്തുവരുന്നു. അരാഷ്ട്രീയക്കാരും ആള്‍ദൈവങ്ങളും ആത്മീയത്തട്ടിപ്പുകാരും അഴിമതിവിരുദ്ധ സമരത്തിനിറങ്ങിയാല്‍വരെ ജനങ്ങള്‍ പിറകെ പോവുകയാണ്. അത്തരം തട്ടിപ്പുകാരെ കൂട്ടുപിടിച്ചുകൊണ്ടുപോലും യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കും എന്ന വികാരം ജനങ്ങള്‍ എത്രമാത്രം പൊറുതിമുട്ടിയിരിക്കുന്നു എന്നാണ് കാണിക്കുന്നത്. അത്തരമൊരവസ്ഥയില്‍ ചെപ്പടിവിദ്യകള്‍കൊണ്ട് മുഖംമിനുക്കാന്‍ യുപിഎ നേതൃത്വം തുനിഞ്ഞിറങ്ങുന്നതില്‍ അത്ഭുതപ്പെടാനില്ല. മന്ത്രിസഭാ പുനഃസംഘടന അതിന്റെ ഭാഗമാണ്. എന്നാല്‍ , അത് പ്രതീക്ഷിച്ച ഗുണമല്ല സര്‍ക്കാരിനുണ്ടാക്കിയത്.

ക്യാബിനറ്റ് പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താവിനിമയ-ഐടി സഹമന്ത്രി ഗുരുദാസ് കാമത്ത് രാജിവച്ചത്. അദ്ദേഹം മഹാരാഷ്ട്രയില്‍നിന്നുള്ള പ്രമുഖ നേതാവാണ്. അതേ കാരണത്താല്‍ രാസവസ്തു-രാസവള സഹമന്ത്രി ശ്രീകാന്ത് ജെന സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. അദ്ദേഹവും രാജിഭീഷണി മുഴക്കി. തന്നെ സ്വതന്ത്ര ചുമതലനല്‍കി മാറ്റിയ സ്റ്റാറ്റിസ്റ്റിക്സ്, വളം, രാസവസ്തു വകുപ്പിന്റെ ചുമതല ഏറ്റെടുക്കാനോ ഓഫീസില്‍പോകാനോ ജെന തയ്യാറായിട്ടില്ല. കോണ്‍ഗ്രസിനകത്തുതന്നെ പുതിയ അതൃപ്തിയും പ്രതിഷേധവും വളരാനാണ് പുനഃസംഘടന നിമിത്തമായതെന്നര്‍ഥം. ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ അകലുന്നതിന്റെ ലക്ഷണമാണ് പ്രകടമായത്. രാജിവച്ച എ രാജയ്ക്കും ദയാനിധിമാരനും പകരക്കാരെ കരുണാനിധി ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഡിഎംകെ മന്ത്രിമാരെ നിയോഗിക്കാതെ പുറത്തുനില്‍ക്കുന്നത് യുപിഎ സര്‍ക്കാരിന്റെ മൂര്‍ദ്ധാവിനുമുകളില്‍ മൂര്‍ച്ചയേറിയ വാള്‍ തൂങ്ങിനില്‍ക്കുന്നതിന് സമാനമാണ്. 1.76 ലക്ഷം കോടി രൂപ നഷ്ടം വന്ന 2ജി സ്പെക്ട്രം ഇടപാടില്‍ കനിമൊഴിയുടെയും എ രാജയുടെയും പങ്കാളിത്തത്തോടെ കലൈഞ്ജര്‍ ടിവിക്ക് ലഭിച്ച 200 കോടിയുടെ കണക്കേ ഇതുവരെ സിബിഐ പുറത്തുകൊണ്ടുവന്നിട്ടുള്ളൂ. അതിന്റെ അനേകമടങ്ങ് പണം എവിടെപ്പോയി എന്നതിന് ഒരുതുമ്പും സിബിഐ കണ്ടുപിടിച്ചിട്ടില്ല. കൂട്ടായി നടത്തിയ കുറ്റകൃത്യത്തില്‍ തങ്ങളെ മാത്രമാണ് ശിക്ഷിക്കുന്നതെന്നും പാപഭാരം തങ്ങളുടെ തലയിലിട്ട് കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണെന്ന കടുത്ത വികാരം ഡിഎംകെയ്ക്കുണ്ട്. സഹികെട്ടാല്‍ , ആ രോഷത്തിന് രാഷ്ടീയരൂപം കൈവരാമെന്നും അത് മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാക്കുമെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു. ആ ഭയം മൂര്‍ച്ഛിപ്പിക്കാനേ മന്ത്രിസഭാ പുനഃസംഘടന കാരണമായിട്ടുള്ളൂ.

കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭയ്ക്ക് രണ്ടുസീറ്റിന്റെ ഭൂരിപക്ഷമേയുള്ളൂ. അതുകൊണ്ട് ഇവിടെ കോണ്‍ഗ്രസിനെ മുള്‍മുനയില്‍നിര്‍ത്താന്‍ മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും കഴിയുന്നു. എന്നാല്‍ , കേന്ദ്രസര്‍ക്കാരിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഘടകകക്ഷികളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മുസ്ലിം ലീഗ് അവിടെ ഇന്നും "ചത്തകുതിര"തന്നെ. മാണി ഗ്രൂപ്പാണെങ്കില്‍ അവഗണിച്ചു തള്ളേണ്ട പ്രാദേശിക പാര്‍ടിയും. മുസ്ലിം ലീഗിന്റെ സമുന്നതനേതാവ് ഇ അഹമ്മദ് സ്വതന്ത്ര പദവിയുള്ള കേന്ദ്രമന്ത്രിയായി മാറുമെന്ന് ആ പാര്‍ടിയും മാധ്യമങ്ങളും ഉറപ്പിച്ചതാണ്. അവസാനനിമിഷം അഹമ്മദ് തഴയപ്പെട്ടു. മാണി വിഭാഗത്തിന്റെ ഏക പ്രതിനിധി മന്ത്രിസഭയിലുള്‍പ്പെട്ടുകാണാനുള്ള കെ എം മാണിയുടെ ആഗ്രഹവും പൊലിഞ്ഞിരിക്കുന്നു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ആധാരമാക്കിയുള്ള വിലപേശലിനും ഏറ്റുമുട്ടലിനും ഈ രണ്ടുകക്ഷികളും കൂടുതല്‍ വാശിയോടെ രംഗത്തിറങ്ങുമെന്നാണ് വാര്‍ത്തകള്‍ . അപമാനഭാരം ഇറക്കിവയ്ക്കാനുള്ള തന്ത്രങ്ങളാകും മുസ്ലിം ലീഗില്‍നിന്ന് ഉണ്ടാവുക.

എല്ലാ അര്‍ഥത്തിലും അസ്വസ്ഥതകള്‍ വിതയ്ക്കുന്നതും ഭരണത്തിന്റെ ഗുണത്തിലോ ജനദ്രോഹത്തിന്റെ കടുപ്പത്തിലോ ചെറിയ മാറ്റത്തിനുപോലും സാധ്യതയില്ലാത്തതുമാണ് മന്ത്രിസഭാ പുനഃസംഘടന. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക എന്ന വൃഥാവ്യായാമം മാത്രമാണ് നടന്നത്. കൃഷ്ണ-ഗോദാവരി വാതകപര്യവേക്ഷണ അഴിമതിയില്‍ ശതകോടികള്‍ രാജ്യത്തിന് നഷ്ടമാക്കിയത് പുറത്തുവന്നപ്പോള്‍ കമ്പനികാര്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന മുരളിദേവ്റയുടെ മകന്‍ മിലിന്ദ് ദേവ്റയാണ് യുവരക്തം എന്ന ലേബലില്‍ വന്നവരിലൊരാള്‍ . 2ജി സ്പെക്ട്രം കേസില്‍ പ്രതിസ്ഥാനത്തേക്ക് നടന്നടുക്കുന്ന പി ചിദംബരവും റിലയന്‍സിനെ വഴിവിട്ട് സഹായിച്ച കപില്‍ സിബലും മന്ത്രിസഭയില്‍തന്നെയുണ്ട്. അഴിമതിയും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗവേഷണവും കോര്‍പറേറ്റ് പാദസേവയും അഭംഗുരം തുടരുമെന്നര്‍ഥം. അതിലപ്പുറമുള്ള ഒരു പ്രാധാന്യവും മന്ത്രിസഭാ പുനഃസംഘടനയ്ക്കില്ല.

ദേശാഭിമാനി മുഖപ്രസംഗം 140711

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ അഴിച്ചുപണിയാണ് ചൊവ്വാഴ്ച നടന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതു ശരിയെങ്കില്‍ ഇനി ഡിഎംകെയില്‍നിന്ന് രണ്ടു മന്ത്രിമാര്‍ ഉണ്ടായേക്കാം. അതല്ലാതെ മറ്റു കൂട്ടിച്ചേര്‍ക്കലുകളുണ്ടാകില്ല. പുനഃസംഘടനയില്‍ രാജ്യതാല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കിയതെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന് മന്ത്രിസഭയില്‍ സ്വതന്ത്രപദവി നല്‍കുന്നതും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയെ മന്ത്രിയാക്കുന്നതും രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നര്‍ഥം.

    ReplyDelete