Tuesday, April 2, 2013
കണ്ണൂര്‍ ഒരുങ്ങി; നാളെ പതാക ഉയരും
സിഐടിയു പതിനാലാം അഖിലേന്ത്യാസമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന വേദിയായ സി കണ്ണന് നഗറില്‍ (മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയം) ബുധനാഴ്ച ചെങ്കൊടി ഉയരും. വൈകിട്ട് 5.30ന് സ്വാഗതസംഘം ചെയര്മാന് കോടിയേരി ബാലകൃഷ്ണന് പതാക ഉയര്‍ത്തും. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗമായ കണ്ണൂര്‍ ആദ്യമായി ആതിഥ്യമേകുന്ന ദേശീയസമ്മേളനം ചരിത്രവിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് രാവിലെ പത്തിന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എം കെ പന്ഥെ നഗറിലെ ദീപാങ്കര്‍ മുഖര്‍ജി ഹാളിലാണ് പ്രതിനിധിസമ്മേളനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് ഫെഡറേഷന് ഓഫ് ട്രേഡ്യൂണിയന്‍സ്(ഡബ്ല്യുഎഫ്ടിയു) പ്രതിനിധിസംഘവും ഐഎല്‍ഒ പ്രതിനിധി ഏരിയല്‍ കാസ്ട്രോയും സമ്മേളനത്തില്‍ പങ്കെടുക്കും. എട്ടിന് സമാപനറാലിയില്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു മാത്രം രണ്ടു ലക്ഷം പേര് പങ്കെടുക്കും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനങ്ങളിലെത്തുന്ന ആളുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ ഇറങ്ങി ചെറുപ്രകടനങ്ങളായി പൊതുസമ്മേളന നഗരിയിലേക്കു നീങ്ങും. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട പതാകയും കയ്യൂര്‍ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും കര്‍ഷകപ്രക്ഷോഭത്തിന്റെ ഇതിഹാസഭൂമിയായ തില്ലങ്കേരിയില്‍നിന്നുള്ള ദീപശിഖയും ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂരിലെത്തും. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സി കൃഷ്ണന് എംഎല്‍എ, മീഡിയ കമ്മിറ്റി ചെയര്മാന് എം സുരേന്ദ്രന് എന്നിവരും പങ്കെടുത്തു.
ദേശീയ ട്രേഡ് യൂണിയന് നേതാക്കളും പങ്കെടുക്കും
കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തില്‍ വിവിധ കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതാക്കളും പങ്കെടുക്കും. നാലിന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലും വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറിലെ സുശീലഗോപാലന്‍ നഗറില്‍ ചേരുന്ന ട്രേഡ്യൂണിയന്‍ ഐക്യസമ്മേളനത്തിലുമാണ് ദേശീയ ട്രേഡ്യൂണിയന്‍ നേതാക്കള്‍ അണിനിരക്കുന്നത്. എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, ഐഎന്‍ടിയുസി വൈസ് പ്രസിഡന്റ് ആര് ചന്ദ്രശേഖരന്, ബിഎംഎസ് സെക്രട്ടറി ദൊരൈരാജ്, എച്ച്എംഎസ് വൈസ് പ്രസിഡന്റ് അഡ്വ. തമ്പാന് തോമസ്, യുടിയുസി ജനറല്‍ സെക്രട്ടറി അബനി റോയ് എന്നിവരാണ് ഉദ്ഘാടനച്ചടങ്ങിലും ഐക്യസമ്മേളനത്തിലും പങ്കെടുക്കുക. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ ട്രേഡ്യൂണിയന്‍ ഐക്യസമ്മേളനത്തില്‍ അധ്യക്ഷനാകും.
പ്രതിനിധി സമ്മേളന വേദിയായ പൊലീസ് മൈതാനിയിലെ എം കെ പന്ഥെ നഗറില്‍ നാലിന് രാവിലെ 9.30ന് എ കെ പത്മനാഭന് പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്റെ നേതൃത്വത്തിലാണ് പതാകയെത്തിക്കുക. ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് സുശീലഗോപാലന്‍ നഗറില്‍ മാധ്യമസെമിനാര്‍. "മാധ്യമങ്ങളുടെ കുത്തകവല്‍ക്കരണം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശശികുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്, പി രാജീവ് എംപി എന്നിവര്‍ സംസാരിക്കും. ആറിന് വൈകിട്ട് അഞ്ചിന് ഇതേ വേദിയില്‍ സാംസ്കാരിക സമ്മേളനം നടക്കും. എം എ ബേബി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രഭാവര്‍മ എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ എട്ടിന് സമാപന പൊതുസമ്മേളനത്തില്‍ ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ്, എ കെ പത്മനാഭന്, തപന്‍ സെന്‍, കോടിയേരി ബാലകൃഷ്ണന്, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദന്, എളമരം കരീം എന്നിവര്‍ സംസാരിക്കും.
നയംമാറ്റത്തിനായി വര്‍ഗസമരം ശക്തിപ്പെടുത്തുക എന്നതാണ് ഈ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎന്‍ടിയുസിയും ബിഎംഎസുമടക്കം എല്ലാ കേന്ദ്ര ട്രേഡുയൂണിയനുകളും യോജിച്ച് പ്രക്ഷോഭരംഗത്തേക്കുവന്നിട്ടും ജനവിരുദ്ധ- ദേശവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ യോജിച്ച പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായിരിക്കും സമ്മേളനം ഊന്നല്‍ നല്‍കുക. അസംഘടിത മേഖലയിലെയും പരമ്പരാഗതവ്യവസായ മേഖലയിലെയും ഐടി അടക്കമുള്ള പുത്തന്‍ തൊഴില്മേഖലകളിലെയും പ്രശ്നങ്ങള്‍, സ്ത്രീത്തൊഴിലാളികളും മറ്റും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയും സമ്മേളനം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് കരീം പറഞ്ഞു.
deshabhimani 020413
Labels:
വാർത്ത,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment