ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍-2013 പാര്‍ലമെന്റിന്റെ ഇരുസംഭയും അംഗീകരിച്ചു. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. ബില്ലിന്മേല്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യധാന്യങ്ങളോടൊപ്പം പയറുവര്‍ഗങ്ങളും പഞ്ചസാരയും വിതരണം ചെയ്യുക, ഭക്ഷ്യധാന്യം ആളൊന്നിന് ഏഴുകിലോയോ കുടുംബത്തിന് 35 കിലോയോ നല്‍കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പദ്ധതിപ്രകാരം ഇപ്പോള്‍ നിശ്ചയിച്ച വില 10 വര്‍ഷത്തേക്ക് തുടരുക, ആദായനികുതി പരിധിയില്‍ വരാത്ത എല്ലാവരെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരിക, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു മാത്രം നിയമം നടപ്പാക്കുക, നിയമത്തിന്റെ മൂന്നു പട്ടികയിലും മാറ്റംവരുത്താനുള്ള അധികാരം സര്‍ക്കാരില്‍നിന്നു മാറ്റി പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ഭേദഗതികളാണ് പ്രതിപക്ഷം നിര്‍ദേശിച്ചത്.
ഭക്ഷ്യസുരക്ഷാ ബില്‍ സമഗ്രമല്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പറഞ്ഞു. പൊതുവിതരണം സാര്‍വത്രികമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ബില്‍ തിരിച്ചടിയാണെന്ന് ടി എന്‍ സീമ പറഞ്ഞു. വോട്ടുസുരക്ഷ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഭക്ഷ്യസുരക്ഷാപദ്ധതി നിലവില്‍ വരുമ്പോള്‍ പല സംസ്ഥാനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് കുറയുമെന്ന ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ആശങ്കയുള്ളത്. എന്നാല്‍, 6.10 രൂപ നിരക്കില്‍ ഗോതമ്പും 8.30 രൂപ നിരക്കില്‍ അരിയും കേന്ദ്രം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ബില്ലിന്മേല്‍ ടി എന്‍ സീമ, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം പി അച്യുതന്‍, പ്രശാന്തചാറ്റര്‍ജി തുടങ്ങിയവര്‍ മുന്നോട്ടുവച്ച ഭേദഗതിയെല്ലാം സഭ വോട്ടിനിട്ട് തള്ളി. ബിഎസ്പി, എസ്പി, ജെഡിയു എന്നീ കക്ഷികളുടെ പിന്തുണ സര്‍ക്കാരിന് സഹായകമായി. ഓര്‍ഡിനന്‍സിന് എതിരായ പ്രമേയം 92നെതിരെ 118 വോട്ടിനാണ് സഭ തള്ളിയത്. രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം അരി കിലോ മൂന്നു രൂപ നിരക്കിലും ഗോതമ്പ് രണ്ടു രൂപ നിരക്കിലും വിതരണം ചെയ്യും.കേരളത്തില്‍ 46 ശതമാനം പേര്‍ക്കേ ബില്ലിന്റെ ഗുണം ലഭിക്കൂ. ഗ്രാമീണജനസംഖ്യയുടെ 75 ശതമാനത്തിനും നഗരജനസംഖ്യയുടെ 50 ശതമാനത്തിനും ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതിയിലൂടെ ഉറപ്പാക്കും. 2009 ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. 2013 ആഗസ്ത് ഏഴിനാണ് ഭക്ഷ്യമന്ത്രി കെ വി തോമസ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
(എം പ്രശാന്ത്)
7 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം: യെച്ചൂരി
ഭക്ഷ്യസുരക്ഷാപദ്ധതി ഗുണഭോക്താക്കള്‍ക്ക് മാസംതോറും കുറഞ്ഞത് ഏഴുകിലോ ഭക്ഷ്യധാന്യമെങ്കിലും അനുവദിക്കണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മുഖ്യമായും നാല് ഭേദഗതികളാണ് സിപിഐ എം ആവശ്യപ്പെടുന്നതെന്ന് ഭക്ഷ്യസുരക്ഷാബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ ഒരംഗത്തിന് അഞ്ചുകിലോ ഭക്ഷ്യധാന്യമെന്നത് ഏഴുകിലോയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നതാണ് ആദ്യ ആവശ്യം. നിലവിലെ മാനദണ്ഡപ്രകാരം 67 ശതമാനത്തിനുമാത്രമേ പദ്ധതിയുടെ പ്രയോജനം കിട്ടൂ. ഇത് മാറ്റി ആദായനികുതിശൃംഖലയില്‍ വരാത്ത എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം.
ഗുണഭോക്താക്കള്‍ക്ക് അരി കിലോയ്ക്ക് മൂന്നുരൂപ നിരക്കിലാണ് നല്‍കുക. പല സംസ്ഥാനങ്ങളും ഇതിലും കുറഞ്ഞ നിരക്കില്‍ നിലവില്‍ അരി നല്‍കുന്നുണ്ട്. കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരിവിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. പദ്ധതി നടപ്പാക്കുമ്പോള്‍ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തില്‍നിന്ന് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവുവരും. ഈ സ്ഥിതി ഒഴിവാക്കുകയും എല്ലാം സംസ്ഥാനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്ന അളവില്‍തന്നെ ഭക്ഷ്യധാന്യം ഉറപ്പാക്കുകയും വേണം. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുമെന്നാണ് അവകാശപ്പെട്ടത്. 1200 ദിനങ്ങള്‍ ഇതിനകം കടന്നുപോയി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്. പദ്ധതിക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുമില്ല. ബജറ്റുരേഖപ്രകാരം അഞ്ചുലക്ഷം കോടിയിലേറെയാണ് വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചത്. വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ വേണ്ടെന്നുവച്ചാല്‍ ഫലപ്രദമായി പദ്ധതി നടപ്പാക്കുന്നതിനുള്ള പണം സര്‍ക്കാരിന് ലഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.
deshabhimani
No comments:
Post a Comment