Tuesday, September 3, 2013

ഐക്യം ഊട്ടിയുറപ്പിച്ച് സംസ്ഥാന ടിയു കണ്‍വന്‍ഷന്‍

വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന തുടര്‍ സമരങ്ങള്‍ വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 25ന് തിരുവനന്തപുരത്ത് നായനാര്‍ സ്ക്വയറില്‍ തൊഴിലാളിറാലി സംഘടിപ്പിക്കും. ഡിസംബര്‍ 12ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കും. പുനഃസംഘടന, പുറംകരാര്‍ എന്നിവയെ കാര്യക്ഷമമായി എതിര്‍ത്ത് വിവിധ മേഖലയിലെ പ്രശ്നങ്ങളും അവകാശങ്ങളും ഉയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഐക്യവേദി നേതൃത്വത്തെ കണ്‍വന്‍ഷന്‍ ചുമതലപ്പെടുത്തി.

ഫെബ്രുവരി 20, 21 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്കില്‍ അഭൂതപൂര്‍വമായ ഐക്യവും പങ്കാളിത്തവും പ്രകടമാക്കിയ എല്ലാ ട്രേഡ് യൂണിയനുകളും വീണ്ടും ഒത്തൊരുമിച്ച് ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പില്‍ കേരളത്തിലെ എല്ലാ തൊഴിലാളി സംഘടനകളും ഫെഡറേഷനുകളും കൈകോര്‍ക്കുമെന്ന് സംസ്ഥാന കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. 10,000 രൂപയില്‍ കുറയാത്ത മിനിമം കൂലി ഉറപ്പാക്കല്‍, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാപരിരക്ഷ, പെന്‍ഷന്‍, കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കു ലഭിക്കുന്ന വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തടയുക, ലോക തൊഴിലാളി സംഘടനയുടെ 87, 98 കണ്‍വന്‍ഷനുകള്‍ അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം നടത്തുന്നത്.

നേതൃയോഗം 20ന് പകല്‍ മൂന്നിന് തിരുവനന്തപുരത്തു ചേര്‍ന്ന് പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ജില്ലകളിലും കണ്‍വന്‍ഷനുകള്‍ ചേരും. കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ (സെപ്തംബര്‍ മൂന്ന്). കൊല്ലം, വയനാട്, തിരുവനന്തപുരം (സെപ്തംബര്‍ നാല്). പാലക്കാട് (സെപ്തംബര്‍ ഏഴ്). ആലപ്പുഴ (സെപ്തംബര്‍ എട്ട്). കോഴിക്കോട് (സെപ്തംബര്‍ 10). കാസര്‍കോട് (സെപ്തംബര്‍ 11). മലപ്പുറം (സെപ്തംബര്‍ 12). ഇടുക്കി (സെപ്തംബര്‍ 15) എന്നിവയാണ് തീയതി.

എറണാകുളത്തു ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം പി ഭാര്‍ഗവന്‍, എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടോം തോമസ്, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, ഐഎന്‍എല്‍സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണിക്കൃഷ്ണന്‍, സേവ സംസ്ഥാന പ്രസിഡന്റ് സോണിയ ജോര്‍ജ്, ടിയുസിസി സംസ്ഥാന സെക്രട്ടറി കളത്തില്‍ വിജയന്‍, ടിയുസിഐ സംസ്ഥാനകമ്മിറ്റി അംഗം എം സജി, എന്‍എല്‍ഒ സംസ്ഥാന പ്രസിഡന്റ് ജി ബി ഭട്ട്, എന്‍എല്‍സി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കെടിയുസി സംസ്ഥാന പ്രസിഡന്റ് കവടിയാര്‍ ധര്‍മജന്‍, എഐസിടിയു സംസ്ഥാന പ്രസിഡന്റ് കെ കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജെ ഉദയഭാനു പരിപാടികള്‍ വിശദീകരിച്ചു. കെ എന്‍ ഗോപിനാഥ് സ്വാഗതവും കെ കെ ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.

കെ എം സുധാകരന്‍ (സിഐടിയു), കാനം രാജേന്ദ്രന്‍ (എഐടിയുസി), കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), വി രാധാകൃഷ്ണന്‍ (ബിഎംഎസ്), എം കെ കണ്ണന്‍ (എച്ച്എംഎസ്), എ അബൂബക്കര്‍ (എസ്ടിയു), പ്രൊ. ചന്ദ്രശേഖരന്‍ (യുടിയുസി), പി എം ദിനേശന്‍ (എഐയുടിയുസി), ജിബി ഭട്ട് (എന്‍എല്‍ഒ), എം ഉണ്ണിക്കൃഷ്ണന്‍ (ഐഎന്‍എല്‍സി), എം സജി (ടിയുസിഐ), കവടിയാര്‍ ധര്‍മജന്‍ (കെടിയുസി), കെ എം കുഞ്ഞുമോന്‍ (എന്‍എല്‍സി), കളത്തില്‍ വിജയന്‍ (ടിയുസിസി), സോണിയ ജോര്‍ജ് (സേവ), കെ കെ ചന്ദ്രന്‍ (എഐസിടിയു) എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയമാണ് കണ്‍വന്‍ഷന്‍ നിയന്ത്രിച്ചത്.

deshabhimani

No comments:

Post a Comment