കേരളമാകെ തട്ടിപ്പ് നടത്തിയ മണി ചെയിന്‍ കമ്പനിയില്‍നിന്ന് മനുഷ്യാവകാശ സംഘടന കോടികള്‍ കോഴ വാങ്ങിയതായി ആരോപണം. സംസ്ഥാനത്താകെ പ്രവര്‍ത്തിച്ചു വന്ന ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷനാണ് മണിചെയിന്‍ ഇടപാടിലൂടെ 30,000 കോടി രൂപയോളം തട്ടിയ കമ്പനിയില്‍നിന്ന് കോടികളുടെ കോഴ കൈപ്പറ്റിയത്. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് മിഷന്റെ എട്ടു സംസ്ഥാന ഭാരവാഹികളും അഞ്ച് ജില്ലാ പ്രസിഡന്റുമാരും രാജിവച്ചു. മണിചെയിന്‍ കമ്പനിക്കെതിരെ സമരം നടത്തുകയും പിന്നീട് ഒത്തുതീര്‍പ്പുണ്ടാക്കുകയുംചെയ്ത മിഷന്‍ നേതാക്കള്‍ കമ്പനി അധികൃതരില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ പേരില്‍ 2012 ഡിസംബറില്‍ മാവേലിക്കര സൗത്ത് ഇന്ത്യന്‍ ബാങ്കിലെ 02710530005331 അക്കൗണ്ടില്‍ വന്ന രണ്ടുകോടി രൂപ വീതംവയ്ക്കുന്നതിലുണ്ടായ തര്‍ക്കവും പണത്തിന്റെ സ്രോതസ്സിനെകുറിച്ച് ബാങ്ക് ലീഗല്‍ സെല്‍ നടത്തിയ അന്വേഷണവുമാണ് തട്ടിപ്പ് വെളിച്ചത്തുവരാന്‍ ഇടയാക്കിയത്.
മണിചെയിന്‍ കമ്പനിക്കെതിരെ 2011ല്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ കേരളത്തിലെ ഓഫീസുകള്‍ പൂട്ടി. അതിനിടെ, മിഷന്‍ ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയും സംഘവും കമ്പനി അധികൃതരുമായി രഹസ്യ ചര്‍ച്ച നടത്തി അടച്ച ഓഫീസുകള്‍ തുറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് പത്തു കോടി കൈക്കലാക്കിയെന്നാണ് ആരോപണം.
ആദ്യ ഗഡുവായി അഞ്ചുകോടി ലഭിച്ചതായി പ്രകാശിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സമ്മതിക്കുന്നു. ഇതില്‍ രണ്ടു കോടി സംഘടനയുടെ മാവേലിക്കര ബാങ്ക് അക്കൗണ്ടിലേക്കും മൂന്നു കോടി പ്രകാശ് നേരിട്ടും വാങ്ങിയെന്നാണ് ആരോപണം. ഈ പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു പ്രകാശ്. ചെന്നിത്തല കാരായ്മയില്‍ 78 ലക്ഷം രൂപ മുടക്കി 28 സെന്റ് സ്ഥലവും രണ്ടുനില വീടും വാങ്ങി. പ്രകാശ് ചെന്നിത്തല ദേശീയ ചെയര്‍മാനായാണ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ ആലപ്പുഴയിലും 2012ല്‍ പോണ്ടിച്ചേരിയിലുമാണ് രജിസ്ട്രേഷന്‍. ഡല്‍ഹിയില്‍ ദേശീയ കമ്മിറ്റി ഓഫീസും തിരുവല്ലയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസും ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ രണ്ടിടത്തും ഓഫീസില്ല. ഫോണ്‍നമ്പരില്‍ വിളിച്ചാല്‍ സംഘടനയെക്കുറിച്ച് അറിയില്ലെന്ന മറുപടി ലഭിക്കും.
പേര് സൂചിപ്പിക്കുന്നതുപോലെ പ്രകാശ് ചെന്നിത്തലക്കാരനല്ല. കാസര്‍കോട്ടെ എളേരിത്തട്ടിലാണ് വീട്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ടതാണെന്ന് നാട്ടുകാര്‍ പറയുന്നു. 2001ല്‍ കള്ളനോട്ട് കേസില്‍ ഒരുവര്‍ഷം ഗോവന്‍ ജയിലില്‍ കിടന്നു. പിന്നീട് മാവേലിക്കര സച്ചിമൈ ദേവിയുടെ ആശ്രമത്തിലെത്തി. അവിടെനിന്ന് പുറത്തായതോടെ ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെല്ലില്‍ ചേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. ഇയാളുടെ ജയില്‍ രേഖയിലുള്ള പേര് വി കെ പ്രകാശ് എന്നാണ്. മറ്റു ചില പേരുകളിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്.
(എം ഒ വര്‍ഗീസ്)
deshabhimani
No comments:
Post a Comment