അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഓണക്കാലത്ത് സ്വകാര്യ ബസ്ലോബിയും കര്‍ണാടക, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളും കൊള്ളലാഭം കൊയ്യുമ്പോള്‍ കെഎസ്ആര്‍ടിസി കാഴ്ച്ചകാരാവുന്നു. തിരക്ക് മുന്നില്‍കണ്ട് കര്‍ണാടകം, തമിഴ്നാട് സര്‍ക്കാരുകളും സ്വകാര്യ ബസുകാരും കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ തുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി ഇതേക്കുറിച്ച് ആലോചിട്ടുപോലുമില്ല. കര്‍ണാടക ആര്‍ടിസി 14 പ്രത്യേക സര്‍വീസുകളാണ് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെല്ലാം ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയായി. എന്നാല്‍ ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തേണ്ട കെഎസ്ആര്‍ടിസി നിലവിലുള്ളവതന്നെ നടത്താന്‍ നിര്‍വാഹമില്ലാതെ നട്ടംതിരിയുകയാണ്.
പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ പ്രാപ്തമായ ബസുകള്‍ കെഎസ്ആര്‍ടിസിക്കില്ല. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ഏക വോള്‍വോ പോലും കൃത്യമായി സര്‍വീസ് നടത്തുന്നില്ല. തൃശൂര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് എക്സ്പ്രസ് 500 രൂപയേ നിരക്ക് വരുന്നുള്ളു. സൂപ്പര്‍ എക്സ്പ്രസിന് 393 രൂപയും. എന്നാല്‍, സ്വകാര്യ സര്‍വീസുകള്‍ ഓണസീസണില്‍ നിയന്ത്രണമില്ലാതെയാണ് നിരക്ക് കൂട്ടിയത്. സ്വകാര്യ സര്‍വീസുകാരുടെ നോണ്‍ എസി ബസുകളില്‍ കൊച്ചി-ബംഗളൂരു, ബംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ 700, 780 എന്നിങ്ങനെയാണ് നിരക്ക്. വോള്‍വോ ബസില്‍ 1,300 വരെ ഈടാക്കും. എന്നാല്‍, ഓണസീസണില്‍ തിരക്കനുസരിച്ച് 100 മുതല്‍ 500 രൂപവരെ അധികം വാങ്ങും. പുറമെ ഏജന്‍സികളുടെ വര്‍ധനയും. കര്‍ണാടകം, തമിഴ്നാട് സര്‍ക്കാര്‍ ബസുകളും കൊള്ളയുടെ കാര്യത്തില്‍ പിന്നിലല്ല.
(ഇ പി വിനയകൃഷ്ണന്‍)
ഓടിക്കാന്‍ ബസില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ദുരിതത്തില്‍
കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ജോലി ലഭിച്ച മൂവായിരത്തിലധികം പേരുടെ പ്രതീക്ഷകള്‍ക്ക് സര്‍ക്കാര്‍വക സഡന്‍ബ്രേക്ക്. ഓടിക്കാന്‍ ബസില്ലാത്തതിനാല്‍ ദിവസവും നിരവധി ഡ്രൈവര്‍മാരാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെത്തി മടങ്ങുന്നത്. ഡ്യൂട്ടി അനുസരിച്ചുമാത്രമേ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളമുണ്ടാകൂ എന്നിരിക്കേ സ്വപ്നംകണ്ട സര്‍ക്കാര്‍ജോലി പലര്‍ക്കും ദുരിതമായി.
പുതുതായി 98 ഡ്രൈവര്‍മാരെ നിയമിച്ച എറണാകുളം ഡിപ്പോയില്‍ മാത്രം ദിവസവും 15 മുതല്‍ 20 വരെ ഡ്രൈവര്‍മാര്‍ ഓടിക്കാന്‍ ബസില്ലാതെ മടങ്ങുകയാണ്. മറ്റു ഡിപ്പോകളിലെയും സ്ഥിതി വ്യത്യസ്തമല്ല. പുതിയ ബസുകള്‍ പുറത്തിറക്കുന്നതിലും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും സര്‍ക്കാര്‍ തുടരുന്ന കെടുകാര്യസ്ഥതയാണ് ഡ്രൈവര്‍മാര്‍ക്ക് വിനയാകുന്നത്. ജോലിയില്‍ പ്രവേശിച്ച് ഒരുമാസംവരെ കാത്തിരുന്നശേഷം ട്രിപ്പ്പോയ ഡ്രൈവര്‍മാരുമുണ്ട്. ഒരുമാസത്തെ മുഴുവന്‍ ശമ്പളം ലഭിക്കാന്‍ കെഎസ്ആര്‍ടിസികണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും 26 ഡ്യൂട്ടി എടുക്കണം. നിലവിലെ ശമ്പളനിരക്ക് അനുസരിച്ച് മുഴുവന്‍ ഡ്യൂട്ടിചെയ്ത പുതിയ ഡ്രൈവര്‍മാര്‍ക്ക് പിഎഫ് വിഹിതവും മറ്റും കഴിച്ച് 11,000 രൂപയില്‍ താഴെയാണ് ലഭിക്കുക. പുതിയ ഡ്രൈവര്‍മാരില്‍ സ്ഥിരം ഷെഡ്യൂള്‍ ലഭിക്കാത്ത വലിയൊരു വിഭാഗത്തിനും മാസം പതിനഞ്ചോ പതിനാറോ ഡ്യൂട്ടിയാണ് ലഭിക്കുക. കിട്ടുന്ന ശമ്പളം 7,000 മുതല്‍ 8,000 രൂപവരെയും. പുതിയ നിയമനം ലഭിച്ചവരില്‍ ആയിരത്തോളം പേര്‍ക്കുമാത്രമേ സ്ഥിരം ഷെഡ്യൂള്‍ ലഭിച്ചിട്ടുള്ളൂ.
സര്‍ക്കാര്‍ പുതിയ ബസുകള്‍ പുറത്തിറക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. നഷ്ടത്തിന്റെ പേരില്‍ ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതാണ് മറ്റൊരു പ്രശ്നം. കണ്ടക്ടര്‍മാരുടെ ഒഴിവു നികത്താത്തതും കേടായ ടിക്കറ്റ്യന്ത്രങ്ങള്‍ നന്നാക്കാത്തതിന്റെ പേരില്‍ നിലവിലെ കണ്ടക്ടര്‍മാര്‍ അധിക ഡ്യൂട്ടിചെയ്യാന്‍ വിസമ്മതിക്കുന്നതും സര്‍വീസ് നടത്താന്‍ തടസമാകുന്നു. ജോലിയില്‍ പ്രവേശിച്ച ഉടനെ ഷെഡ്യൂള്‍ ലഭിച്ച ഡ്രൈവര്‍മാരില്‍ പലരും അവധിയെടുക്കാന്‍പോലും ഭയക്കുന്നു. തിരികെ എത്തുമ്പോള്‍ അതുവരെ അവസരം ലഭിക്കാത്തവര്‍ക്ക് ഷെഡ്യൂള്‍ കൈമാറിപ്പോകുമോ എന്നതാണ് കാരണം. അവസരം ലഭിക്കാത്തവര്‍ക്ക് ഷെഡ്യൂള്‍ നല്‍കാനായി കൃത്യമായി ജോലിക്ക് ഹാജരാകുന്നവരോട് പ്രൊബേഷന്‍ കാലാവധിയില്‍ അവധിയെടുക്കാന്‍ ആവശ്യപ്പെടുന്നതായും ജീവനക്കാര്‍ പറഞ്ഞു.
(ആനന്ദ് ശിവന്‍)
deshabhimani

No comments:
Post a Comment