Thursday, September 12, 2013

കാരായി രാജനെതിരെ തെളിവൊന്നുമില്ല: കോടതി

ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനെതിരെ ഒരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാനായില്ല. ആറാംപ്രതി സിജിത്തിനെ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് രാത്രി കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കാറില്‍ കൊണ്ടുപോയി എന്നാണ് കാരായി രാജനെതിരെ ചുമത്തിയ കുറ്റം. കുറ്റകൃത്യം അറിഞ്ഞിട്ടും വിവരം കാരായി രാജന്‍ മറച്ചുവച്ചുവെന്നും ആരോപിച്ചിരുന്നു. ഇതിനായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ 71-ാം സാക്ഷി സ്മിതേഷ് വിചാരണ വേളയില്‍ മൊഴി മാറ്റി. താന്‍ പറയാത്ത കാര്യമാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തിയതെന്നായിരുന്നു സ്മിതേഷിന്റെ മൊഴി. 164-ാം വകുപ്പുപ്രകാരം മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയ മൊഴിയും ശരിയല്ലെന്ന് സ്മിതേഷ് വ്യക്തമാക്കി. ഇത് മുഖവിലയ്ക്കെടുത്താണ് കാരായിക്കെതിരായ തെളിവ് നിലനില്‍ക്കില്ലെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി വ്യക്തമാക്കിയത്.

മജിസ്ട്രേട്ടിന് നല്‍കിയ മൊഴി സാധൂകരിക്കാന്‍ തക്ക തെളിവൊന്നും പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വിധിച്ചു. പൊലീസിന്റെ അറസ്റ്റ് മെമ്മോയും നിരീക്ഷണ മെമ്മോയും മാത്രമാണ് കാരായിക്കെതിരെയുള്ളത്. മഹസര്‍ സാക്ഷിയായ സിവില്‍ പൊലീസ് ഓഫീസര്‍ ലിജോ ജോസിനെ മാത്രമാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ആശുപത്രിയിലേക്ക് സിജിത്തിനെ കൊണ്ടുപോകാന്‍ കാര്‍ ഒരുക്കിക്കൊടുത്തുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച, സാക്ഷിപ്പട്ടികയിലുള്ള പ്രകാശനെ വിസ്തരിക്കാതെ ഒഴിവാക്കുകയും ചെയ്തു. അതിനാല്‍ കാരായി രാജനെതിരെ ഒരു തെളിവുമില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍

പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ 2012 ജൂണില്‍ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിക്കെതിരായ കുറ്റം. കുഞ്ഞനന്തനെ ഓട്ടോറിക്ഷയില്‍ സിപിഐ എം മാടായി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചത് സരിനാണെന്നും ആരോപിച്ചിരുന്നു. ഇതിനായി ഹാജരാക്കിയ രണ്ടുസാക്ഷികളും മൊഴി നിഷേധിച്ചതിനാല്‍ സരിനെതിരായ തെളിവുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 15-ാം പ്രതി മാക്കുനി പാണ്ടിവയലില്‍ രാഘവനിവാസില്‍ പി അജേഷ് എന്ന കജൂറിനെതിരായ കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. ഒന്നാംപ്രതി എം സി അനൂപിനും മൂന്നാംപ്രതി എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനിക്കും മറ്റും ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തത് അജേഷാണെന്നായിരുന്നുകുറ്റം. 23-ാം പ്രതി ചോമ്പാല ഇല്ലംപള്ളി മണപ്പാട്ടില്‍ ഇ എം ഷാജി മറ്റുപ്രതികള്‍ക്ക് സിംകാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തു എന്നതിനും തെളിവില്ല. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പ്രതികള്‍ക്ക്രക്ഷപ്പെടാന്‍ അവസരം നല്‍കി, പ്രതികളുടെ വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു, ഇന്നോവ കാറിന്റെ ഫ്ളോര്‍ മാറ്റുകള്‍ കത്തിക്കാന്‍ നിര്‍ദേശം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് വിട്ടയക്കപ്പെട്ട മറ്റുള്ളവര്‍ക്കെതിരെ ചുമത്തിയത്. ഇവര്‍ക്കെതിരെയും അനുകൂലമായ സാക്ഷിമൊഴിയോ തെളിവുകളോ രേഖകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

deshabhimani

No comments:

Post a Comment